വാങ്ങാനെത്തി 13 ലക്ഷം രൂപയുടെ സ്വർണവുമായി കടന്ന മുംബൈ സ്വദേശിനികൾ അറസ്റ്റിൽ

Mail This Article
കാഞ്ഞങ്ങാട് ∙ കോഴിക്കോട്ടെ ആഭരണ നിർമാതാവിൽ നിന്നു തട്ടിയെടുത്ത 150 ഗ്രാം സ്വർണാഭരണങ്ങളുമായി രണ്ടു യുവതികളെ പൊലീസ് പിടികൂടി. 13 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുംബൈയിലേക്ക് കടക്കാൻ ശ്രമിച്ച മുംബൈ ജോഗേഷ്‌വാരി സമർഥ് നഗറിലെ ശ്രദ്ധ രമേശ് എന്ന ഫിർദ (37), മുംബൈ വാദ്ര രഞ്ജുഗന്ധ് നഗറിലെ സൽമ ഖാദർഖാൻ (42) എന്നിവരാണ് പിടിയിലായത്.
മുംബൈയിൽ തുടങ്ങാനിരിക്കുന്ന ജ്വല്ലറിയിലേക്ക് ആഭരണങ്ങൾ വാങ്ങാനായി വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ആണ് ആഭരണ നിർമാതാവായ വടകര പുത്തൂർ ഏടാനിക്കോട് ഹൗസിലെ സുരേഷ് ബാബുവിന്റെ ചെറുവണ്ണൂരിലെ വാടകവീട്ടിൽ യുവതികളെത്തുന്നത്. മുൻപ് ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഹനീഫായിരുന്നു ഇടനിലക്കാരൻ. ഹനീഫുമായി മുൻപരിചയമുള്ള ഇവർ, 200 ഗ്രാം സ്വർണം മുംബൈയിലെത്തിച്ചാൽ 60,000 രൂപ തങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നാണ് പറഞ്ഞത്.
യുവതികൾക്ക് മുന്നിൽ മോഡലുകൾ പ്രദർശിപ്പിച്ച ശേഷം സുരേഷ് ബാബു നിർമാണശാലയിലേക്കു തിരികെപോയിരുന്നു. തൊട്ടുപിന്നാലെ ഹനീഫ് ശുചിമുറിയിൽ പോയ സമയത്തിന് യുവതികൾ സ്വർണവുമായി കടന്നുകളഞ്ഞുവെന്നാണ് പരാതി.കോഴിക്കോട് നല്ലളം പൊലീസിൽ ലഭിച്ച പരാതിയെത്തുടർന്ന്, യുവതികൾ മുംബൈയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നുകണ്ട് കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ വാഹനപരിശോധന ശക്തമാക്കിയിരുന്നു.
ഇതിനിടെ ടാക്സി കാറിൽ കടന്നുപോയ ഇവരെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, ഇൻസ്പെക്ടർ പി.അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വാഹനം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് ആഭരണങ്ങളും കണ്ടെടുത്തു. കണ്ടെടുത്ത സ്വർണം 18 ലക്ഷം രൂപ നൽകി വാങ്ങിയതെന്നാണ് യുവതികൾ പൊലീസിന് നൽകിയ മൊഴി. നല്ലളം സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥർക്ക് ഇരുവരെയും കൈമാറി.