ജനവിധിയിൽ ഇന്ന് മഷി പുരളും, തിരഞ്ഞെടുപ്പിന് സുശക്തമായ പൊലീസ് കാവൽ
Mail This Article
ചവറ ബൂത്തുകൾ 268 വോട്ടർമാർ 1,81,640
ചവറ ∙ വോട്ടെടുപ്പിനു ചവറ നിയോജകമണ്ഡലത്തിൽ 268 ബൂത്തുകൾ സജ്ജമായി. 1,81,640 വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. പന്മന, തേവലക്കര, ചവറ, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളും കോർപറേഷൻ പരിധിയിലെ 5 വാർഡുകളും ഉൾപ്പെട്ടതാണ് മണ്ഡലം. സുരക്ഷാ സംവിധാനത്തിനായി കേന്ദ്രസേന ഉൾപ്പെടെ 600ൽ അധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേകമായി 18 പൊലീസുകാരും ഒരു സർക്കിൾ ഇൻസ്പെക്ടറും ഉൾപ്പെടുന്ന ഐജിയുടെ സ്ട്രൈക്കർ ഫോഴ്സ് ടീമിനെയും നിയോഗിച്ചു.
കോട്ടയം ഡിസിആർബി ഡിവൈഎസ്പി ഷാജിമോൻ ജോസഫിനു ചുമതല നൽകി പൊലീസ് ചവറ സബ് ഡിവിഷനും രൂപം നൽകിയിട്ടുണ്ട്. 200 സ്പെഷൽ പൊലീസിന്റെയും സേവനം ഉണ്ടായിരിക്കും. ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ 5 അതീവ ജാഗ്രതാ ബൂത്തുകളും 20 ജാഗ്രത ബൂത്തുകളുമുണ്ട്. 131 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തേവലക്കര, തെക്കുംഭാഗം പഞ്ചായത്തുകളിൽ 76 ബൂത്തുകളുണ്ട്. ഇതിൽ ജാഗ്രത ബൂത്തുകൾ 10 എണ്ണം. തേവലക്കര അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ കെട്ടിടത്തിൽ 8 ബൂത്തുകളാണ് പ്രവർത്തിക്കുക. ശക്തികുളങ്ങരയിൽ 17 കെട്ടിടങ്ങളിലായി 61 ബൂത്തുകളാണ് പ്രവർത്തിക്കുക.
കരുനാഗപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്തത്. 30 പോളിങ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് എത്തിയില്ല. പകരം ഉദ്യോഗസ്ഥരെ നിയമിച്ചു. ഹാജരാകാത്തവർക്കെതിരെ നടപടി ക്കു ശുപാർശ നൽകിയിട്ടുണ്ടെന്നും വരണാധികാരി പറഞ്ഞു. വോട്ടിങ് യന്ത്രം പണിമുടക്കിയാൽ പകരം യന്ത്രം എത്തിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി 18 സെക്ടറൽ ഓഫിസർമാരെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യ വരണാധികാരി സബ് കലക്ടർ ശിഖാ സുരേന്ദ്രൻ, ഉപ വരണാധികാരി ചവറ ബിഡിഒ ഇ.ദിൽഷാദ് എന്നിവർ പറഞ്ഞു. ഹരിതചട്ടം പാലിച്ചായിരിക്കും ബൂത്തുകൾ പ്രവർത്തിക്കുക. പോളിങ് ഉദ്യോഗസ്ഥർക്കുള്ള സഹായത്തിനായി അതതു പഞ്ചായത്തുകളിലെ ഹരിത കർമസേനയും ഉണ്ടായിരിക്കും.
കരുനാഗപ്പള്ളി ബൂത്തുകൾ 321 വോട്ടർമാർ 2,13,993
കരുനാഗപ്പള്ളി ∙ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ 321 പോളിങ് ബൂത്തുകളും സജ്ജമായി. 2,13,993 വോട്ടർമാരാണ് ആകെയുള്ളത്. ചവറ അസംബ്ലി മണ്ഡലത്തിലെ പോളിങ് സാമഗ്രികൾ കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും, കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ പോളിങ് സാമഗ്രികൾ കരുനാഗപ്പള്ളി ലോഡ്സ് പബ്ലിക് സ്കൂളിൽ നിന്നും ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. ഏറ്റുവാങ്ങിയ പോളിങ് സാമഗ്രികളുടെ ഒത്തു നോക്കലിനും പരിശോധനകൾക്കും ശേഷം പ്രത്യേക വാഹനങ്ങളിൽ പോളിങ് ഉദ്യോഗസ്ഥർ നിശ്ചിത പോളിങ് ബൂത്തുകളിലെത്തി ബൂത്തുകൾ സജ്ജീകരിച്ചു.
രണ്ടു വിതരണ കേന്ദ്രങ്ങളിലും രാവിലെ മുതൽ തിരക്കായിരുന്നു. പോളിങ് സാമഗ്രികളുടെ വിതരണത്തിനായി പ്രത്യേക കൗണ്ടറുകളും ഏർപ്പെടുത്തിയിരുന്നു. ഇന്നു വോട്ട് എടുപ്പിനു ശേഷം ചവറ അസംബ്ലി മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കരുനാഗപ്പള്ളി ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെയും കരുനാഗപ്പള്ളി അസംബ്ലി മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ കരുനാഗപ്പള്ളി ലോഡ്സ് പബ്ളിക് സ്കൂളിലെയും സ്ട്രോങ് റൂമൂകളിൽ സൂക്ഷിച്ച് പൊലീസ് കാവൽ ഏർപ്പെടുത്തും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾക്കു സമീപം വാഹന തിരക്കുമായിരുന്നു. മാർക്കറ്റ് റോഡിലും ഹൈസ്കൂൾ ജംക്‌ഷൻ ഭാഗത്ത് മാർക്കറ്റ് റോഡിലും ഏറെ സമയം ഗതാഗതക്കുരുക്കിലുമായിരുന്നു. വാഹനങ്ങൾ വിതരണകേന്ദ്രത്തിൽനിന്ന് അൽപമകലെ പാർക്ക് ചെയ്തിരുന്നത് പ്രയാസമുണ്ടാക്കിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ശാസ്താംകോട്ട ബൂത്തുകൾ 311 വോട്ടർമാർ 2,06,117
ശാസ്താംകോട്ട ∙ അഴ്ചകളേറെ നീണ്ടുനിന്ന പ്രചാരണത്തിനു ശേഷം തിരഞ്ഞെടുപ്പിന് കുന്നത്തൂർ ഒരുങ്ങി. 10 പഞ്ചായത്തുകളിലെ 311 ബൂത്തുകളിലായി 1,08,476 സ്ത്രീകളും 97,641 പുരുഷന്മാരും ഉൾപ്പെടെ 2,06,117 വോട്ടർമാരാണുള്ളത്. 199 ബൂത്തുകളുണ്ടായിരുന്ന കുന്നത്തൂരിൽ കോവിഡ് മാനദണ്ഡം ഉറപ്പാക്കാനായാണ് അധിക ബൂത്തുകൾ ഒരുക്കിയത്. ശാസ്താംകോട്ട കെഎസ്എം ഡിബി കോളജിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നടന്നു. തിരക്ക് ഒഴിവാക്കാനായി ഓരോ മേഖല തിരിച്ച് വ്യത്യസ്ത സമയങ്ങളിലാണ് വിതരണം നടത്തിയത്. കോളജിന്റെ വിവിധ ഭാഗങ്ങളിലായി ടേബിളുകൾ ഒരുക്കിയിരുന്നു.
2500 ജീവനക്കാരാണ് പോളിങ് ഡ്യൂട്ടിയിലുള്ളത്. 500 ജീവനക്കാരോളം അല്ലാതെയുണ്ട്. കോളജിന്റെ വിശാലമായ മൈതാനം ഉദ്യോഗസ്ഥർക്ക് ബൂത്തിലേക്ക് പോകാനുള്ള ബസുകൾ ക്രമീകരിക്കാനും ഉപയോഗിച്ചു. ഉദ്യോഗസ്ഥരുടെ വാഹന പാർക്കിങ്ങിനും ആവശ്യമായ സ്ഥലം ഇത്തവണ കണ്ടെത്തി. പോളിങ് ബൂത്തുകളിൽ ഹരിതചട്ടം പാലിക്കാനും കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കാൻ ശ്രമിക്കുമെന്നും അധികൃതർ പറഞ്ഞു. രാവിലെ 5.30നു മോക്പോൾ നടത്തും. 7 മുതൽ രാത്രി 7 വരെ പോളിങ് നടത്തും. വോട്ടെടുപ്പിനു ശേഷം പരമാവധി വേഗത്തിൽ മെഷീനുകൾ തിരികെവാങ്ങി ഉദ്യോഗസ്ഥരെ മടക്കിയയ്ക്കുമെന്നും അധികൃതർ പറഞ്ഞു.
മുളയ്ക്കൽ സ്കൂളിൽ ഹരിത ബൂത്ത്
തേവലക്കര ∙ പടിഞ്ഞാറ്റക്കര മുളയ്ക്കൽ എൽപിഎസിലെ പോളിങ് ബൂത്ത് ഹരിത ബൂത്തായി അണിയിച്ചൊരുക്കി. ഓല മേഞ്ഞ നടപ്പന്തൽ, വല്ലം, ഉറി, കൂജ, ബൊക്കെ, ആർച്ച് എന്നിവ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഹരിത ബൂത്ത് നിർമാണത്തിനു കാരുണ്യ ഗ്രൂപ്പ് അംഗങ്ങളായ മഞ്ജുള, ബിന്ദു, ശ്രീലത, പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എസ്പിസി കെഡറ്റുകൾ ഹരിത ബൂത്ത് നിർമിച്ചു.
അച്ഛൻ, അമ്മ, മകൻ വയസ്സിൽ മാറ്റം 10
കൊല്ലം ∙ വോട്ടർമാർക്കു നൽകുന്ന സ്ലിപ്പിൽ ഒരു കുടുംബത്തിന്റെ പ്രായം കൗതുകം. അച്ഛനെക്കാൾ 10 വയസുമാത്രം കുറവുള്ള മകൻ. മകനെക്കാൾ 10 വയസ് കുറവുള്ള അമ്മയും. ചവറ മണ്ഡലത്തിലെ 139–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യേണ്ടുന്ന ഒരു കുടുംബത്തിന്റെം സ്ലിപ്പിലാണ് കൗതുകകരമായ ഈ തെറ്റ് കടന്നു കൂടിയത്. സ്ലിപ് പ്രകാരം അച്ഛന്റെ പ്രായം 68. മകന്റെ പ്രായം 58. അമ്മയുടെ പ്രായം 48.
തിരഞ്ഞെടുപ്പിന് പൊലീസ് കാവൽ
കരുനാഗപ്പള്ളി ∙ തിരഞ്ഞെടുപ്പ് സുഗമമാക്കാൻ മണ്ഡലത്തിൽ സുശക്തമായ പൊലീസ് സന്നാഹം. മണ്ഡലത്തിലെ പകുതിയോളം ബൂത്തുകൾ വെബ് ക്യാമറ നിരീക്ഷണത്തിലാണ്. വോട്ട് ചെയ്യാൻ എത്തുന്ന എല്ലാ വോട്ടർമാരെയും നിരീക്ഷണത്തിലാക്കി റിക്കോർഡ് ചെയ്യുന്ന രീതിയിലാണു ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേന ഉൾപ്പെടെ പൊലീസ് സംഘത്തിന്റെ സാന്നിധ്യമുണ്ടാകും.
പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്ര സായുധ സേന ഉൾപ്പെടുന്ന 3 സ്ട്രൈക്കർ ഫോഴ്സുകൾ റോന്തു ചുറ്റും. ഇതുകൂടാതെ ക്രമസമാധാന പാലനത്തിനു പ്രത്യേക പട്രോളിങ് സംഘവും, ഏരിയ തലത്തിലും ഡിവിഷൻ തലത്തിലുംപ്രത്യേക പൊലീസ് സംഘത്തെയും വിന്യസിച്ചു. പ്രശ്നമേഖലകളിൽ ഓടിയെത്താൻ സ്റ്റേഷൻ കേന്ദ്രീകരിച്ചും കേന്ദ്ര സേന ഉൾപ്പെടുന്ന സ്ട്രൈക്കർ ഫോഴ്സ് സജ്ജമാണെന്ന് സ്റ്റേഷൻ ഓഫിസർ വിൻസെന്റ് എം.എസ്.ദാസ് പറഞ്ഞു.