കാറുകൾ കൂട്ടിയിടിച്ചുള്ള സംഘർഷത്തിനിടെ തോക്ക് ചൂണ്ടി യുവാവ്; സംഭവം ഇങ്ങനെ
Mail This Article
കൊല്ലം∙ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ കാറിലുണ്ടായിരുന്ന യുവാവ് തോക്ക് ചൂണ്ടിയതു പരിഭ്രാന്തി പരത്തി. രാത്രി 8.30ന് ഒാലയിൽ ജംക്‌ഷന് സമീപത്തായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: കൊല്ലം സ്വദേശിയായ അരുൺകുമാർ, പത്തനംതിട്ട കോന്നി സ്വദേശിയായ സുമേഷ് എന്നിവർ സഞ്ചരിച്ച കാറിനു പിന്നിൽ കൊല്ലത്തെ ഒരു ജ്വല്ലറിയിലെ ജീവനക്കാർ സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് ഏറെ നേരം വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതോടെ നാട്ടുകാരും പ്രശ്നത്തിൽ ഇടപെട്ടു. ഇതിനിടെയാണ് മുന്നിലെ കാറിലുണ്ടായിരുന്ന സുമേഷ് തോക്കു ചൂണ്ടിയത്. ഇതോടെ നാട്ടുകാർ വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇരു കാറുകളും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തു. എയർ പിസ്റ്റളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. യുവാക്കൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.