പുനലൂർ റെയിൽവേ സ്റ്റേഷൻ, ഡിവിഷൻതല ഓഫിസുകളുടെ നിർമാണം പുരോഗമിക്കുന്നു

Mail This Article
പുനലൂർ ∙ റെയിൽവേ സ്റ്റേഷന് അനുബന്ധമായി നിരവധി ഡിവിഷൻ തല ഓഫിസുകളുടെയും ക്വാർട്ടേഴ്സുകളുടെയും നിർമാണം പുരോഗമിക്കുന്നു. രണ്ടു വർഷം മുൻപ് വരെ റെയിൽവേ സ്റ്റേഷൻ കെട്ടിടവും ആർപിഎഫ്, കേരള റെയിൽവേ പൊലീസ് സ്റ്റേഷൻ എന്നിവയും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഗേജ് മാറ്റം കഴിഞ്ഞ് വൈദ്യുതീകരണം നടത്തിയതോടെയാണ് കൂടുതൽ ഓഫിസുകൾ പുനലൂരിലേക്ക് വരുന്നത്.
വൈദ്യുതീകരണ വിഭാഗത്തിന്റെ ഒഎച്ച്ഇ ഡിപ്പോയുടെയും സീനിയർ സെക്‌ഷൻ എൻജിനീയറുടെയും ഓഫിസുകളും ക്വാർട്ടേഴ്സുകളും നിർമിച്ചു വരികയാണ്. ടെലി കമ്യൂണിക്കേഷൻ സീനിയർ സെക്‌ഷൻ എൻജിനീയർ, സിഗ്നൽ വിഭാഗം സീനിയർ സെക്‌ഷൻ എൻജിനീയർ എന്നിവരുടെയും ഓഫിസുകൾ ഇനി മുതൽ പുനലൂരിലാണ്.
ഇവയുടെയും നിർമാണം അന്തിമ ഘട്ടത്തിലാണ്. ട്രാക്‌ഷൻ സബ്സ്റ്റേഷൻ കഴിഞ്ഞ മാസം കമ്മിഷൻ ചെയ്തിരുന്നു. ഒന്നാം പ്ലാറ്റ്ഫോമിന്റെ വശത്ത് ടവർ കാർ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ഷെഡ്ഡിന്റെ നിർമാണവും പൂർത്തിയായി.