പുനലൂർ–ചെങ്കോട്ട റെയിൽപാത, വൈദ്യുതീകരണം 2024 മാർച്ചിൽ പൂർത്തീകരിക്കുമെന്ന് എംപി

Mail This Article
കൊല്ലം ∙ പുനലൂർ–ചെങ്കോട്ട റെയിൽപാതയുടെ വൈദ്യുതീകരണം 2024 മാർച്ച് 31ന് മുൻപ് പൂർത്തീകരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു. പുനലൂരിൽ ചേർന്ന ദക്ഷിണ റെയിൽവേ മധുര ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. പുനലൂർ മുതൽ ഇടമൺ വരെയും ഭഗവതിപുരം മുതൽ ചെങ്കോട്ട വരെയുമുള്ള വൈദ്യുതീകരണം പൂർത്തിയാക്കി. ഇടമൺ മുതൽ ഭഗവതിപുരം വരെയുള്ള റെയിൽവേ പാതയുടെ വൈദ്യുതീകരണമാണു പൂർത്തീകരിക്കാൻ ബാക്കിയുള്ളത്.
∙ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി ഒന്നാം ഘട്ടം 5.43 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയിട്ടുണ്ട്. നിലവിലുള്ള പാർക്കിങ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സർക്കുലേറ്റിങ് ഏരിയ നിർമിക്കും. പൂന്തോട്ടം, നടപ്പാത, ലാൻഡ് സ്കേപിങ് എന്നിവ സജ്ജമാക്കി സ്റ്റേഷന്റെ മുൻഭാഗം സൗന്ദര്യവൽക്കരിക്കും.
∙ നിലവിലുള്ള പാർക്കിങ് ഏരിയ മാറ്റി 200ലേറെ വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കും. പ്ലാറ്റ്ഫോമുകളിൽ മുഴുവനായി മേൽക്കൂര നിർമിക്കും. സ്റ്റേഷനിൽ ഫാനുകൾ, ലൈറ്റുകൾ എന്നിവ കൂടുതലായി സജ്ജീകരിക്കും. 2 ലിഫ്റ്റുകൾ സ്ഥാപിക്കും.
∙ രണ്ടാം ഘട്ടമായി പുനലൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്രവേശന കവാടം നിർമിക്കും. നിലവിലെ കെട്ടിടത്തിന് പകരം പുതിയ റെയിൽവേ സ്റ്റേഷൻ കെട്ടിടം നിർമിക്കും. രണ്ടു പ്രവേശന കവാടങ്ങളെയും ബന്ധിപ്പിച്ച് ഫുഡ് ഓവർ ബ്രിഡ്ജ് നിർമിക്കും.
∙ കൊല്ലം ചെങ്കോട്ട റൂട്ടിലൂടെ കൂടുതൽ ട്രെയിനുകൾ ആരംഭിക്കാൻ കഴിയാത്തത് റെയിൽവേ പാതയിലൂടെ എൽഎച്ച്ബി കോച്ചുകൾ ഓടിക്കുന്നതിനും 14ൽ കൂടുതൽ കോച്ചുകൾ ഓടിക്കുന്നതിനുള്ള സാങ്കേതികമായ അനുമതി പത്രം ഇല്ലാത്തതുകൊണ്ടാണ്. ഐസിഎഫ് കോച്ചുകൾക്ക് പകരം എൽഎച്ച്ബി കോച്ചുകൾ ഓടിക്കുന്നതിനുള്ള സാങ്കേതിക പഠനം നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലം അനുകൂലമാണെന്നും നടപടികൾ ത്വരിതപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
∙കോച്ചുകളുടെ എണ്ണം 14ൽ നിന്നു വർധിപ്പിച്ച് ഏറ്റവും കുറഞ്ഞത് 18 ആക്കണമെന്ന് എംപിയുടെ ആവശ്യം പരിഗണിച്ച് അതിനുള്ള സാങ്കേതിക പഠനം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ രണ്ട് നടപടികളും പൂർത്തിയായാൽ ചെങ്കോട്ട വരെ എത്തുന്ന എൽഎച്ച് ബി കോച്ചുകൾ ഉള്ളതും 14 കൂടുതൽ എണ്ണം കോച്ചുകൾ ഉള്ള ട്രെയിനുകൾ കൊല്ലത്തേക്ക് ദീർഘിപ്പിക്കാൻ കഴിയും. എൽഎച്ച്ബി കോച്ചുകൾ ഉള്ള ട്രെയിനുകളിൽ മാത്രമേ വിസ്റ്റാഡോം കോച്ചുകൾ ഘടിപ്പിക്കുവാൻ കഴിയൂ എന്നുള്ള സാങ്കേതികതത്വം കൊണ്ടാണ് കൊല്ലം–ചെങ്കോട്ട പാതയിൽ വിസ്റ്റാഡോം കോച്ചുകൾ ഓടിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത്.
∙ കൊല്ലത്തു നിന്നു പുനലൂരിലേക്ക് മെമു ട്രെയിൻ ഓടിക്കുന്നത് പരിഗണിക്കും. വൈദ്യുതീകരണം പൂർത്തിയാകുന്ന മുറയ്ക്ക് പുനലൂരിൽ നിന്നു ചെങ്കോട്ടയിലേക്ക് ദീർഘിപ്പിക്കാനാവും.