ADVERTISEMENT

കിഴക്കേ കല്ലട∙ അധികൃതരുടെ അവഗണ കാരണം തകർച്ചയുടെ വക്കിലാണു കിഴക്കേ കല്ലട ഗവ. എംജി എൽപി സ്കൂൾ. 108 വർഷം പഴക്കമുള്ളതാണ് ഈ വിദ്യാലയം. സ്കൂളിന് സംരക്ഷണം തീർക്കാൻ ചുറ്റുമതിൽ പോലുമില്ല. 2014 ലാണ് അവസാനമായി അറ്റകുറ്റപ്പണികൾ ചെയ്തത്. നവീകരണം എന്ന പേരിൽ അന്നു ക്ലാസ് മുറികളിൽ ടൈൽ പാകിയത് മാത്രമാണു നടന്നത്. കാലപ്പഴക്കം കൊണ്ട് ഓടുകൾ നിര തെറ്റിയത് കാരണം ക്ലാസ് മുറികളെല്ലാം ചോർന്നൊലിക്കുന്ന സ്ഥിതിയിലാണ്. വേണ്ടത്ര ബെഞ്ചും ഡെസ്ക്കുകളും ഇല്ല. ചുറ്റുമതിലും ഗേറ്റും ഇല്ലാത്തതിനാൽ സാമൂഹിക വിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. ടാപ്പുകൾ തകർക്കുകയും ശുചിമുറികൾ വൃത്തികേടാക്കുന്നതും പതിവാണ്.

ചുറ്റുമതിൽ ഇല്ലാത്തതിനാൽ അപരിചിതമായ വാഹനങ്ങൾ സ്കൂൾ വളപ്പിൽ നിർത്തി ഇടുന്നതും പതിവാണ്. പഠനസമയങ്ങളിൽ പോലും തെരുവുനായ്ക്കൂട്ടം ക്ലാസ് മുറികളിൽ കടക്കുന്നതിനാൽ അധ്യാപകരും വിദ്യാർഥികളും ഭീതിയിലാണ്. ഈയിടെ നായ്ക്കൂട്ടം കുട്ടികളുടെ ചെരിപ്പുകൾ കടിച്ചു കീറി. മതിൽ ഇല്ലാത്തതിനാൽ പലരും സ്കൂൾ വളപ്പിൽ കൂടിയാണു നടന്നു പോകുന്നത്. ഓയൂരിൽ 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ ഭീതിയിലാണ്. അടിയന്തരമായി സംരക്ഷണ ഭിത്തിയും ഗേറ്റും നിർമിച്ചു നൽകണം എന്നാണ് അധ്യാപകരുടെ ആവശ്യം.

ആവശ്യം ഉന്നയിച്ച് ഒട്ടേറെ തവണ എംഎൽഎ ഉൾപ്പെടെ ഉള്ളവർക്കു പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി പല കാലയളവിലായി 6 ശുചിമുറികളാണ് സ്കൂളിൽ നിർമിച്ചിട്ടുള്ളത്. ഇതു തന്നെ ആവശ്യത്തിൽ കൂടുതൽ ആണ്. ഇതിൽ ഒരു പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷണ മതിൽ നിർമിക്കാമായിരുന്നെങ്കിലും അതിനു മുൻഗണന നൽകിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

പ്രധാന അധ്യാപിക ഉൾപ്പെടെ 4 അധ്യാപകരാണു സ്കൂളിൽ ഉള്ളത്. 
മതിയായ സുരക്ഷ ഇല്ലാത്തതിനാൽ കുട്ടികൾ കുറഞ്ഞു വരികയാണ്. നൂറോളം കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഇപ്പോൾ 38 കുട്ടികൾ മാത്രമാണ് ഉള്ളത്. കുട്ടികളെ ഇവിടേക്ക് വിടാൻ ആരും താൽപര്യപ്പെടുന്നില്ല എന്നും അധ്യാപകർ പറയുന്നു. അധ്യാപകർ, പിടിഎ, പൂർവ വിദ്യാർഥികൾ എന്നിവരുടെ സഹായത്തോടെയാണു സ്കൂളിലെ അത്യാവശ്യ കാര്യങ്ങൾ നടക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com