പുനലൂർ റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം: ഒഴിവായത് വൻ അപകടം

Mail This Article
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിലെ അനുബന്ധ ട്രാക്കിൽ ഡീസൽ എൻജിൻ നിർത്തിയിട്ടിരിക്കുന്നതിനു സമീപം അടുത്തുള്ള കുറ്റിക്കാടിന് തീപിടിത്തം ഉണ്ടായത് വൻ ദുരന്ത ഭീഷണി ഉയർത്തി. മധുര എക്സ്പ്രസ് ട്രെയിൻ ഈ സമയം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

റെയിൽവേ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും അവസരോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ഒഴിവായത് വൻ ദുരന്തം. കഴിഞ്ഞയാഴ്ചയും സ്റ്റേഷൻ സമീപമുള്ള ട്രാക്‌ഷൻ സബ് സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത് രാത്രിയിൽ തീപിടിത്തം ഉണ്ടായിരുന്നു.
പുനലൂർ സ്റ്റേഷൻ പരിസരത്തുള്ള ഉണങ്ങിയ കുറ്റിക്കാടുകളും ചപ്പുചവറുകളും നീക്കി അഗ്നി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിപ്പിലെ അപാകതയാണ് തന്ത്രപ്രധാന സ്ഥലങ്ങളിൽ തുടർച്ചയായി തീ പിടിക്കുന്നതിനു കാരണമെന്ന ആക്ഷേപം ഉണ്ട്.
ഇന്നലെ ഉച്ചയോടെയാണ് രണ്ടാം പ്ലാറ്റ്ഫോമിനു സമീപമുള്ള അനുബന്ധ പ്ലാറ്റ്ഫോമിന്റെ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പ്ലാറ്റ്ഫോമുകളുടെ ഭാഗത്തേക്ക് തീ കത്തികയറിയത്. റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന്റെ ഓഫിസും അടുത്തുണ്ട്.
ഡീസൽ എൻജിനും മധുര എക്സ്പ്രസും കൂടാതെ കൊല്ലം- ചെന്നൈ എഗ്മൂർ എക്സ്പ്രസ് വരുന്നതിന് തൊട്ടു മുൻപാണ് തീപിടിത്തം ഉണ്ടായത്. തീപടർന്നത് പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് എസ്എച്ച്ഒ അനിൽകുമാർ, റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് എസ്ഐ സമ്പത്ത് എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ തന്നെ ഇവർ റെയിൽവേ സ്റ്റേഷൻ അധികൃതരെയും പുനലൂർ ഫയർഫോഴ്സിനേയും വിവരം അറിയിച്ചു. ശക്തമായ കാറ്റിൽ ഇതിനകം തീ ചുറ്റുപാടും പടർന്നു പിടിക്കുകയും ഡീസൽ എൻജിൻ കിടന്ന പ്ലാറ്റ്ഫോമിന് തൊട്ടടുത്തുവരെ എത്തിയത് ആശങ്ക പരത്തി.
ഉടൻ തന്നെ ഫയർഫോഴ്സ് എത്തി റെയിൽവേ പൊലീസിന്റെയും മറ്റു സഹായത്തോടെ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.ഈ ഭാഗത്തുണ്ടായിരുന്ന കുറ്റിക്കാടും അവശിഷ്ടങ്ങളും പൂർണമായും കത്തിനശിച്ചു. തീ ആളിപ്പടർന്ന് ഇവിടെ ഉണ്ടായിരുന്ന ചെറിയ തെങ്ങു വരെ കത്തിനശിച്ചു.
തീ പൂർണമായും അണയ്ക്കുന്നത് വരെയും റെയിൽവേ സ്റ്റേഷൻ പരിസരം കടുത്ത ആശങ്കയിലായിരുന്നു. സ്റ്റേഷൻ പരിസരത്തും പ്ലാറ്റ്ഫോമുകളോടും ചേർന്നും തീ പിടിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത അധികൃതർക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.
പ്ലാറ്റ്ഫോമിന് സമീപത്തെ കുറ്റിക്കാടുകൾ നീക്കം ചെയ്യണം
പുനലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൻ ദുരന്തത്തിന് കാരണമായേക്കാവുന്ന രണ്ട് തീപിടിത്തങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും റെയിൽവേ പ്ലാറ്റ്ഫോമിന് സമീപത്തെ ഉണങ്ങിക്കരിഞ്ഞ് ഏത് നിമിഷവും തീ പടരാവുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടിലെ കാടുകൾ നീക്കം ചെയ്യുന്നതിന് റെയിൽവേ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
അനുബന്ധ ട്രാക്കിന്റെ വശത്തും ട്രാക്‌ഷൻ സബ്സ്റ്റേഷന് പടിഞ്ഞാറു ഭാഗത്തുമായി ദീർഘദൂര ഭാഗത്താണ് ഇപ്പോൾ ഉണങ്ങിക്കരിഞ്ഞ നിലയിൽ കാടുകൾ നിൽക്കുന്നത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറു ഭാഗത്തെ കട്ടിങ്ങിലും ഇത്തരത്തിൽ അപകടഭീഷണി ഉയർത്തി കാടുകൾ കരിഞ്ഞു നിൽപ്പുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പട്ടണങ്ങളിൽ ഒന്നായ പുനലൂരിൽ താപനില ഇനിയും വർധിക്കുമെന്നിരിക്കെ ഏതെങ്കിലും കാരണത്താൽ തീപിടിത്തം ഉണ്ടായാൽ അവ നിമിഷ നേരം കൊണ്ട് വ്യാപിക്കുന്നതിനും വലിയ അപകടങ്ങൾ വരുത്തിവയ്ക്കുന്നതിനും കാരണമാകും.
കൂടുതൽ ദീർഘദൂര സർവീസുകൾ കടന്നു പോകുന്ന പാത എന്ന നിലയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ യാത്രയ്ക്ക് ഭീഷണിയായ തീപിടിത്തം ഉണ്ടാകാൻ സാധ്യതയുള്ള കാടുകൾ അടിയന്തരമായി നീക്കണമെന്നാണ് ആവശ്യം.