പട്ടയ വിതരണം: സർക്കാർ ജനങ്ങളെ പറ്റിക്കുന്നുവെന്ന് യുഡിഎഫ്
Mail This Article
പത്തനാപുരം∙ മലയോര മേഖലയിലെ കുടിയേറ്റ കർഷകർ, കെഐപി കനാൽ പുറമ്പോക്ക് എന്നിവിടങ്ങളിലെ പട്ടയ വിതരണത്തിൽ സർക്കാർ ജനങ്ങളെ പറ്റിക്കുകയാണെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കെഐപി കനാൽ പുറമ്പോക്കിലെ ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പകരം ഭൂമി നൽകുമെന്നാണ് മന്ത്രി ഉൾപ്പെടെയുള്ളവരുടെ പ്രഖ്യാപനം. എന്നാൽ ഇതു വരെയും പകരം ഭൂമി എവിടെയെന്നു പറയാൻ സർക്കാർ തയാറായിട്ടില്ല. ഇത് മുഴുവൻ പേർക്കും പട്ടയം നൽകുന്നത് ഒഴിവാക്കാനുള്ള സർക്കാരിന്റെ ഗൂഢാലോചനയാണെന്നും യുഡിഎഫ് ചെയർമാൻ ജി.രാധാമോഹൻ, കൺവീനർ കെ.അനിൽ എന്നിവർ ആരോപിച്ചു.
മലയോര മേഖലയിലെ കൈവശക്കാർക്ക് വില്ലേജ് ഓഫിസുകളിലെ ഫോം പൂരിപ്പിച്ച് നൽകണമെന്ന് പറഞ്ഞെങ്കിലും, ആവശ്യക്കാർ എത്തുമ്പോൾ അങ്ങനെയൊരു ഫോം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നും നേതാക്കൾ പറഞ്ഞു. മാങ്കോട്, വാഴപ്പാറ കോളനികളിലായി ആയിരങ്ങളാണ് താമസിക്കുന്നത്. പട്ടയ വിഷയത്തിൽ യുഡിഎഫ് നേതൃയോഗം ചേർന്ന് ശക്തമായ സമരം തുടങ്ങുമെന്നും ഇരുവരും പറഞ്ഞു.