എരുമേലി ഗ്രാമപ്പഞ്ചായത്തിൽ വീണ്ടും ബലപരീക്ഷണത്തിന് അരങ്ങൊരുങ്ങുന്നു

Mail This Article
എരുമേലി∙ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം ഏറെ രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായ ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസ് അംഗം രാജി വച്ചതോടെ മറ്റൊരു ബല പരീക്ഷണത്തിനു കൂടി അരങ്ങുണരുന്നു. ജില്ലയിലെ മറ്റൊരു പഞ്ചായത്തിലും ഉണ്ടായിട്ടില്ലാത്ത രാഷ്ട്രീയ നാടകങ്ങളാണ് എരുമേലിയിൽ തിരഞ്ഞെടുപ്പിനു ശേഷം അരങ്ങേറിയത്. കൂടുതൽ അംഗങ്ങളെ ലഭിച്ചിട്ടും കോൺഗ്രസ് പാർട്ടിക്കു ഗ്രാമപ്പഞ്ചായത്ത് ഭരണം ലഭിക്കാതെ പോയത് ഈ രാഷ്ട്രീയ നാടകങ്ങൾ കാരണമാണ്. ഇതിന് തുടക്കമിട്ട അംഗമാണ് ഇന്നലെ ആരോഗ്യ വകുപ്പിൽ താൽക്കാലിക ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച പി.എസ്. സുനിമോൾ.
23 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് 11 അംഗങ്ങളും സിപിഎം 10, സിപിഐ ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്ന നിലയിലായിരുന്നു കക്ഷിനില. കോൺഗ്രസിൽ മുൻപ് പ്രവർത്തിച്ചിരുന്ന സ്വതന്ത്രനെ ഒപ്പം നിർത്തി വൈസ്പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്ത് ഭരണം ഉറപ്പാക്കിയ ശേഷമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പങ്കെടുത്തത്. എന്നാൽ തിരഞ്ഞെടുപ്പിൽ സുനിമോൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത ശേഷം മറുവശത്ത് പേര് എഴുതി ഒപ്പ് വയ്ക്കേണ്ട സ്ഥലത്ത് പേര് മാത്രം എഴുതി. ഒപ്പ് രേഖപ്പെടുത്താതെ വോട്ട് അസാധുവായി. സ്വതന്ത്രൻ ഉൾപ്പെടെ യുഡിഎഫിനും എൽഡിഎഫിനും 11 വീതം വരികയും നറുക്കെടുപ്പിൽ ഭാഗ്യം എൽഡിഎഫിന് ഒപ്പം നിൽക്കുകയും ചെയ്തതോടെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റ് ആയി.
ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സുനിമോൾ യുഡിഎഫ് പിന്തുണച്ച സ്വതന്ത്രനു തന്നെ വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്റ് ആയി സ്വതന്ത്ര അംഗം ബിനോയ് ഇലവുങ്കൽ വിജയിച്ചു. 6 മാസത്തിനു ശേഷം കെപിസിസി നിർദേശ പ്രകാരം എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അവിശ്വാസം കൊണ്ടുവന്നു. എന്നാൽ അവിശ്വാസ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗങ്ങൾക്ക് ഒപ്പം കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയായ പ്രകാശ് പള്ളിക്കൂടവും പങ്കെടുക്കാതെ മാറിനിന്നു. ഇതോടെ ക്വോറം തികയാതെ അവിശ്വാസം പരാജയപ്പെട്ടു.
ഒരു മാസത്തിനു ശേഷം എൽഡിഎഫ് വൈസ് പ്രസിഡന്റിന് എതിരെ അവിശ്വാസം കൊണ്ടുവന്നു. ഈ അവിശ്വാസ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൈസ് പ്രസിഡന്റിന് എതിരെ കോൺഗ്രസ് അംഗം പ്രകാശ് പള്ളിക്കൂടം വോട്ട് ചെയ്തു. ഇതോടെ അവിശ്വാസം വിജയിച്ച് വൈസ് പ്രസിഡന്റ് ആയിരുന്ന ബിനോയി പുറത്തായി. ഇതിനു ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും നാടകങ്ങൾ അരങ്ങേറി. സിപിഐയിലെ അനിശ്രീ സാബുവാണ് വൈസ് പ്രസിഡന്റ് ആയി മത്സരിച്ചത്. എൽഡിഎഫ് അവിശ്വാസത്തിലൂടെ പറുത്തായ ബിനോയി ഇലവുങ്കൽ എൽഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിച്ച് വോട്ടു ചെയ്തപ്പോൾ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാറി നിന്ന് കോൺഗ്രസിനെ പരാജയപ്പെടുത്തിയ പ്രകാശ് പള്ളിക്കൂടം വീണ്ടും കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടു ചെയ്തു. അനിശ്രീ സാബുവാണ് വിജയിച്ചത്.
പി.എസ്.സുനിമോൾ അംഗത്വം രാജിവച്ചു
ആരോഗ്യവകുപ്പിൽ താൽക്കാലിക ജോലി ലഭിച്ചതിനെ തുടർന്ന് ഗ്രാമപ്പഞ്ചായത്തിലെ കോൺഗ്രസ് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയും ആശാപ്രവർത്തകയും ആയ പി.എസ്. സുനിമോൾ രാജി വച്ചു. പഞ്ചായത്തിലെ 5–ാം വാർഡ് (ഒഴക്കനാട്) അംഗമാണ്. 2015 ൽ 260 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ച വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 135 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുനിമോൾ കോൺഗ്രസിനു വേണ്ടി വാർഡ് തിരിച്ചു പിടിച്ചത്.
ഗ്രാമപ്പഞ്ചായത്തിൽ കോൺഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും പഞ്ചായത്ത് ഭരണം ലഭിക്കാതെ പോയത് സുനിമോളുടെ വോട്ട് അസാധു ആയതിനാൽ ആയിരുന്നു. കോൺഗ്രസിനു അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പറിനു മറുപുറത്ത് പേര് എഴുതി ഒപ്പ് രേഖപ്പെടുത്തണം. എന്നാൽ സുനിമോൾ പേര് എഴുതിയെങ്കിലും ഒപ്പ് രേഖപ്പെടുത്തിയില്ല. ഇപ്പോൾ സുനിമോൾ രാജി വച്ചതോടെ കോൺഗ്രസിന്റെ അംഗബലം 10 ആയി കുറഞ്ഞു.
23 അംഗ പഞ്ചായത്ത് നിലവിലെ കക്ഷി നില
കോൺഗ്രസ് –10,
എൽഡിഎഫ് 11 (സിപിഎം 10, സിപിഐ 1), സ്വതന്ത്രൻ–1.