ഏഷ്യയിലെ ഏറ്റവും വലിയ പള്ളിമണികൾ കുറവിലങ്ങാടിനു സ്വന്തം; ചരിത്രം ഇങ്ങനെ...

Mail This Article
കുറവിലങ്ങാട്∙ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിമണികൾ എവിടെ? ആ വിശേഷണം നമ്മുടെ കുറവിലങ്ങാടിനു സ്വന്തം. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മണികളാണ് ഏഷ്യയിലെ ഏറ്റവും വലിയ പള്ളിമണികൾ.

1910ൽ ജർമനിയിലെ ബോകം സിറ്റിയിൽ നിർമിച്ചു കപ്പൽമാർഗം ഹംബുർഗ് വഴിയാണ് 1911ൽ കുറവിലങ്ങാട്ട് എത്തിച്ചത്. ഇമ്മാനുവൽ, സെന്റ് മേരി മേജർ, സെന്റ് ജോസഫ് എന്നിങ്ങനെയാണു പേരുകൾ. ‘ഇമ്മാനുവലിന്റെ’ ഭാരം 1660 കിലോ. 59 ഇഞ്ച് വ്യാസം. സെന്റ് മേരി മേജർ എന്ന മണിയുടെ ഭാരം 1220 കിലോ, വ്യാസം 53 ഇഞ്ച്. 780 കിലോഗ്രാം തൂക്കമുള്ള സെന്റ് ജോസഫ് എന്ന മണിയുടെ വ്യാസം 44 ഇഞ്ച്. മണികളിൽ പള്ളിയുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. ചെറിയ പള്ളിയോടു ചേർന്നുള്ള പഴയ മണിമാളികയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. സപ്തസ്വരങ്ങൾ വായിക്കാമെന്നു കരുതപ്പെടുന്ന ഈ മണികൾ ഭാരക്കൂടുതൽ മൂലം ചവിട്ടിയാണു മുഴക്കുന്നത്. പഴയകാലത്ത് ആനകളാണ് ഇവ മുഴക്കിയിരുന്നത്. 5 കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കാം
പല മണികൾ, പല ചരിത്രം
ചരിത്രത്തിൽ ഇടം പിടിച്ച മറ്റു മണികളും ഇവിടെയുണ്ട്. വലിയ പള്ളിയുടെ ഗോപുരങ്ങൾക്കു പിന്നിൽ സ്ഥാപിച്ചിരിക്കുന്ന പോർച്ചുഗീസ് മണി 1647ൽ പോർച്ചുഗലിൽ നിന്നു കൊണ്ടുവന്നതാണ്. മൂന്ന് മണികളിൽ ഒരെണ്ണം കടലിൽ വീണുപോയി. ശേഷിച്ചതിൽ ഒരെണ്ണം കുറവിലങ്ങാട്ടും മറ്റൊന്നു കടുത്തുരുത്തി പള്ളിയിലും എത്തിച്ചു. ഇവയിലും ലിഖിതങ്ങൾ ഉണ്ട്. പക്ഷേ വായിച്ചെടുക്കാൻ സാധിച്ചിട്ടില്ല.എമ്മേ ദാലാഹാ മണിയും ഇവിടെയുണ്ട്. മണിയിലെ രണ്ടുവരി ലിഖിതങ്ങളിൽ ഒന്നാം വരിയിൽ മണി നിർമിച്ച വർഷം സുറിയാനി ഭാഷയിൽ ‘മിശിഹാക്കാലം ആയിരത്തി അഞ്ഞൂറ്റി എൺപത്തിനാല് (1584)’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാം വരിയിൽ ‘അനുഗൃഹീതമായ കുറവിലങ്ങാട് പട്ടണത്തിൽ ദൈവത്തിന്റെ അമ്മയായ മറിയത്തിന്റെ നാമത്തിലുള്ള ദൈവാലയം’ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
English Summary: Kuravilangad owns the largest church bells in Asia