വേനൽച്ചൂടിനൊപ്പം ഏറുന്നു തിരഞ്ഞെടുപ്പ് ചൂട്

Mail This Article
കടുത്തുരുത്തി ∙ ഇടത്, വലത് മുന്നണികൾ ചുവരെഴുത്തും ബൂത്ത്, മണ്ഡലംതല യോഗങ്ങളുമായി സജീവം. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപേ മുന്നണികൾ ചുവരെഴുത്തും പോസ്റ്ററുകളും ബാനറുകളും യോഗങ്ങളുമായി കളം നിറഞ്ഞു. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതും കാത്തിരിപ്പാണ് എൻഡിഎ. യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിനായും എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനായും കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടുത്തുരുത്തി, ഞീഴൂർ, കല്ലറ, മുളക്കുളം പഞ്ചായത്തുകളിൽ ചുവരെഴുത്തുകൾ പൂർത്തിയായി. എൻഡിഎ സ്ഥാനാർഥിക്കുള്ള ചുവരെഴുത്തിനായി മതിലുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ച ഉടൻ തന്നെ പോസ്റ്ററുകൾ ഒട്ടിച്ചു തുടങ്ങി. പിന്നീട് തോമസ് ചാഴികാടന്റെ പോസ്റ്ററുകളും എത്തി. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ ചിഹ്നം സഹിതം ചേർത്താണ് ചുവരെഴുത്തും പോസ്റ്ററുകളും. യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജിന്റെ പോസ്റ്ററിലും ചുവരെഴുത്തിലും ചിഹ്നം ചേർത്തിട്ടില്ല. എൽഡിഎഫിന്റെ ബൂത്ത് തലത്തിലുള്ള യോഗങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി നേരിട്ട് യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം കെ.അനിൽ കുമാർ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു അടക്കമുള്ള എൽഡിഎഫ് നേതാക്കൾ പങ്കെടുക്കുന്നു. യുഡിഎഫ് ബൂത്ത് മണ്ഡലംതല യോഗങ്ങളിൽ മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, ഘടകകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു.
മണ്ഡലത്തിലെ 3 പഞ്ചായത്തുകളിലെ പ്രധാന നേതാക്കളെയും പ്രവർത്തകരെയും ഒരുമിച്ച് പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗങ്ങളാണ് ഇപ്പോൾ എൽഡിഎഫ് നടത്തുന്നത്. യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികൾ മണ്ഡലത്തിലെ പ്രധാന ദേവാലയങ്ങളിലും കന്യാസ്ത്രി മഠങ്ങളിലും എത്തി വോട്ട് അഭ്യർഥിച്ചു തുടങ്ങി. ഉത്സവങ്ങളിലും തിരുനാളുകളിലും സ്ഥാനാർഥികൾ സജീവമായി പങ്കെടുക്കുന്നു. പാർലമെന്റ് മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുമാണ് എൽഡിഎഫ് സ്ഥാനാർഥിയെ അവതരിപ്പിക്കുന്നതും വോട്ട് തേടുന്നതും. മണ്ഡലത്തിലെ വികസന മുരടിപ്പും എടുത്തുപറയാൻ ഒരു പദ്ധതി പോലും എത്തിക്കാൻ കഴിയാത്തതും യുഡിഎഫ് പ്രചാരണ വിഷയമാക്കുന്നു.