മഴയിൽ വൈക്കോൽ കുതിർന്നു; കർഷകർക്ക് കനത്ത നഷ്ടം

Mail This Article
കുമരകം ∙ നെൽക്കൃഷിയുടെ ചെലവിന്റെ ഒരു ഭാഗം വൈക്കോൽ വിറ്റു കർഷകർക്കു കിട്ടുമായിരുന്നു. എന്നാൽ വേനൽ മഴയിൽ പാടങ്ങളിലെ വൈക്കോൽ നനഞ്ഞു നശിച്ചു. പടിഞ്ഞാറൻ മേഖലയിലെ 10,000 ഏക്കറിലെ വൈക്കോൽ എങ്കിലും മഴയിൽ നശിച്ചിട്ടുണ്ട്. ക്ഷീര കർഷകർ കുറഞ്ഞതോടെ വൈക്കോലിനു ചെലവ് ഇല്ലാതായി. ഉള്ള വൈക്കോൽ നശിക്കുക കൂടി ചെയ്തതോടെ നെൽക്കൃഷിയിലെ വരുമാന പ്രതീക്ഷയും തകർന്നു.
യന്ത്രം ഉപയോഗിച്ചു കൊയ്യുന്നതിനാൽ വൈക്കോൽ പാടത്ത് നിരന്നു കിടക്കും. കൂലിക്കാരെ നിർത്തി ഒരു ദിവസം വൈക്കോൽ ഉണങ്ങിയ ശേഷം യന്ത്രം ഉപയോഗിച്ചു കെട്ടുകളാക്കി കൊണ്ടു പോകുകയാണ് പതിവ്. കൊയ്ത്ത് കഴിഞ്ഞതു മുതൽ തുടർച്ചയായി മഴ പെയ്തോടെ വൈക്കോൽ കെട്ടുകളാക്കാൻ കഴിയാതെ പാടത്ത് തന്നെ കിടന്നു നശിച്ചു. വൈക്കോൽ ഒരു കെട്ടിനു 35 മുതൽ 40 രൂപ വരെയാണു കെട്ട് കൂലി.
ഒരു വൈക്കോൽ കെട്ടിനു 160 രൂപ വരെ കിട്ടുമായിരുന്നു. ഒരു ഏക്കറിൽ നിന്ന 15–18 കെട്ട് വൈക്കോൽ ലഭിക്കും. സീസണിൽ വൈക്കോൽ ശേഖരിച്ചു വച്ച ശേഷം ക്ഷീര കർഷകർക്കു വിൽപന നടത്തുന്ന കച്ചവടക്കാരാണു പാടങ്ങളിൽ എത്തി ഇതു കൊണ്ടു പോകുന്നത്. ഇവർ തന്നെ കെട്ടുകളാക്കുന്ന യന്ത്രം കൊണ്ടു വരും. കർഷകർ നേരിട്ടു പാടങ്ങളിൽ എത്തിയും വൈക്കോൽ കൊണ്ടു പോകുമായിരുന്നു. കച്ചവടക്കാർ വൈക്കോൽ ശേഖരിച്ചു വയ്ക്കുന്ന ഗോഡൗണുകൾ കാലിയായി കിടക്കുകയാണ്. കുട്ടനാടൻ മേഖലയിൽ നിന്നു വൈക്കോൽ ശേഖരിക്കാൻ കഴിയാതെ വന്നതിനാൽ ഇവർ തമിഴ്നാട്ടിൽ നിന്നു വൈക്കോൽ എത്തിച്ചാകും വിൽപന നടത്തുക. അപ്പോൾ ക്ഷീര കർഷകർ കൂടിയ വിലയ്ക്കു വൈക്കോൽ വാങ്ങേണ്ടി വരും.