കളിയാരവങ്ങളിലേക്ക് കൊടുവള്ളി സ്റ്റേഡിയം

Mail This Article
കൊടുവള്ളി∙ കോവിഡ് വ്യാപനത്തെ തുടർന്ന് ആളൊഴിഞ്ഞു രണ്ട് വർഷമായി കാടുമൂടിയ മുനിസിപ്പൽ മിനി സ്റ്റേഡിയം ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ വച്ച് നഗരസഭ അധികൃതർ കാടുവെട്ടി. സ്റ്റേഡിയം വേദിയാകാറുണ്ടായിരുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകരായ ലൈറ്റ്നിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണു മൈതാനത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത്.
മണ്ണുമാന്തി ഉപയോഗിച്ച് നിരപ്പാക്കിയ ശേഷം മൈതാനം മത്സരത്തിനു സജ്ജമാക്കി. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണു മൈതാനത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കിയതെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. മുൻ ഇന്ത്യൻ താരം എൻ.എം.നജീബിന്റെ നേതൃത്വത്തിൽ ഇൗയാഴ്ച വിദ്യാർഥികൾക്കായി ഫുട്ബോൾ പരിശീലന ക്യാംപ് തുടങ്ങും. 3 മുതൽ 18 വയസ്സു വരെയുള്ളവർക്കാണ് പരിശീലനം.
ലൈറ്റ്നിങ് ക്ലബ്ബും ക്രസന്റ് ഫുട്ബോൾ അക്കാദമിയും ചേർന്നാണ് ഫുട്ബോൾ പരിശീലനം സംഘടിപ്പിക്കുന്നത്. സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് മനോരമ നേരത്തേ വാർത്ത നൽകിയിരുന്നു. പ്രദേശത്തെ പ്രധാന മൈതാനമായിട്ടും കുറേ കാലമായി അധികൃതർ ഇവിടേക്ക് തിരിഞ്ഞുനോക്കാതിരുന്നത് കായികപ്രേമികളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.