എംപിയുടെ നേതൃത്വത്തിൽ നടന്ന ചർച്ച വിജയം, സമരം പിൻവലിച്ചു; കയറ്റുമതി തുടങ്ങും

Mail This Article
കരിപ്പൂർ ∙ കേരള വെജിറ്റബിൾ എക്സ്പോർട്ട് അസോസിയേഷൻ നടത്തിയ സമരം എം.കെ.രാഘവൻ എംപിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്നു പിൻവലിച്ചു. ചരക്കു കയറ്റുമതിക്ക് വിമാനക്കമ്പനി ഈടാക്കിയിരുന്ന തുകയും ഒക്ടോബർ മുതൽ ചരക്കു സേന നികുതി കൂടിയതുമായിരുന്നു പ്രശ്നം. വിഷയത്തിൽ ഇടപെടുമെന്നും എയർലൈൻസിന്റെ ഉന്നതരുമായി സംസാരിക്കാമെന്നും വ്യോമയാന മന്ത്രിയെ കാര്യങ്ങൾ നേരിട്ടറിയിക്കുമെന്നും കയറ്റുമതി പുനരാരംഭിക്കണമെന്നും എംപി അറിയിച്ചു.
തുകയിൽ വന്ന മാറ്റം താങ്ങാൻ പറ്റാത്തതാണെന്നു കേരള വെജിറ്റബിൾ എക്സ്പോർട്ട് അസോസിയേഷൻ അംഗങ്ങൾ ഉന്നയിച്ചു. നിലവിലെ കയറ്റുമതി നിരക്കുവർധന നീതീകരിക്കാൻ പറ്റാത്തതാണെന്നും മറ്റു വിമാനത്താവളങ്ങളിൽ ഇല്ലാത്ത നിരക്കാണ് ഈടാക്കുന്നതെന്നും അവർ പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിക്കണമെന്നു കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷീദ് അലി ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ഓഫിസിൽ വിവരം അറിയിക്കാമെന്നു വിമാനക്കമ്പനി പ്രതിനിധികൾ അറിയിച്ചു.
ബന്ധപ്പെട്ടവർക്ക് അടിയന്തിരമായി ഇ മെയിൽ അയയ്ക്കാൻ യോഗം എയർപോർട്ട് ഡയറക്ടർ എസ്.സുരേഷിനെ ചുമതലപ്പെടുത്തി. അതോറിറ്റിയെ പ്രതിനിധീകരിച്ച് ഡിജിഎം സുനിത, രാജേന്ദ്ര പ്രസാദ് ലങ്ക, ജോയിന്റ് ജനറൽ മാനേജർ എസ്.സുന്ദർ, വിമാനക്കമ്പനികളെ പ്രതിനിധീകിച്ച് ഡെറിൻ റോയ്, ബിജോയ്, പ്രേംജിത്, ഫാറൂഖ് ബത്ത എസ്.സജിത്, പ്രവീൺ, കാളിദാസ്, മനോജ്, ശ്രീജിത്, കൃഷ്ണപ്രസാദ്, അനൂപ് ബാലകൃഷ്ണൻ, മുഹമ്മദ് സുഹൈൽ, ബിജു രാമചന്ദ്രൻ, അക്ഷയ്, കേരള വെജിറ്റബിൾ അസോസിയേഷനെ പ്രതിനിധീകരിച്ച് മാർവെൽ അബ്ദുറഹ്മാൻ, ബാബു, ലുക്മാൻ കാരി, ജോയിന്റ് സെക്രട്ടറി ഫവാസ്, കേരള എക്സ്പോർട്ടേർസ് ഫോറം സെക്രട്ടറി മുൻഷീദ് അലി എന്നിവർ പങ്കെടുത്തു.