ADVERTISEMENT

നിലമ്പൂർ ∙ ചാലിയാറിൽ വൻ കുഴികൾ കുഴിച്ച് സ്വർണ ഖനനം. മോട്ടറുകളും അനുബന്ധ ഉപകരണങ്ങളും പാെലീസ് പിടിച്ചെടുത്തു. മമ്പാട് തോണിക്കടവിൽ ഇന്നലെ രാവിലെ 9.30ന് സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോൾ പുഴ കുഴിച്ച് ഖനനം നടത്തുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ എല്ലാവരും കടന്നുകളഞ്ഞു.

ഖനന രീതി

പുഴയിൽ ആഴത്തിൽ കുഴികളെടുത്ത് മണൽ ശേഖരിക്കുന്നു. രാത്രി മണ്ണുമാന്തി കൊണ്ട് കുഴികളെടുക്കാറുണ്ട്. 5 എച്ച്പി ശേഷിയുള്ള മോട്ടർ ഉപയോഗിച്ച് കുഴിയിലെ വെളളം വറ്റിച്ചാണ് മണലെടുപ്പ് . ശേഖരിച്ച മണൽ മരച്ചട്ടികളിലാക്കി പുഴ വെള്ളത്തിൽ അരിച്ച് സ്വർണ്ണത്തരികളെടുക്കുന്നു. മെർക്കുറി ഉപയോഗിച്ചാണ് ശുദ്ധീകരിക്കുന്നത്.

മമ്പാട് ചാലിയാറിൽ തോണിക്കടവിനു സമീപം സ്വർണ ഖനനത്തിന് കുഴിച്ച ഗർത്തം.
മമ്പാട് ചാലിയാറിൽ തോണിക്കടവിനു സമീപം സ്വർണ ഖനനത്തിന് കുഴിച്ച ഗർത്തം.

കുഴികൾ മരണക്കെണി

തോണിക്കടവ് മുതൽ ഓടായ്ക്കൽ റെഗുലേറ്റർ കം ബ്രിജിന് സമീപം വരെ 20 കുഴികൾ പൊലീസ് കണ്ടെത്തി. മിക്കതും 10 അടി വരെ താഴ്ചയുള്ളത്. വിനോദ സഞ്ചാരികൾ പുഴയിലിറങ്ങുന്ന ഭാഗം കൂടിയാണിത്. മഴക്കാലത്ത് ചുഴികൾ രൂപപ്പെട്ട് ചതിക്കുഴികളായി അപകട സാധ്യതയേറെയാണ്. പുഴയിൽ താഴെ ഭാഗത്ത് ശുദ്ധജല പദ്ധതികൾ ഉണ്ട്. തീരത്ത് കിണറുകളും ഏറെയാണ്. മെർക്കുറി വെള്ളത്തിൽ കലർന്ന് ജനങ്ങളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

കേസെടുത്തു

9 മോട്ടറുകൾ, പിക്കാസ്, തൂമ്പ, മരച്ചട്ടികൾ തുടങ്ങിയ ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തു. എസ്ഐ എ.രാജൻ, ടി. ബിജേഷ്, ടി. ധന്യേഷ്, സി.ടി.അനസ്, അബ്ദുൽ മജീദ്, മാധവൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കും. എടവണ്ണ സ്റ്റേഷൻ പരിധിയിൽ ചാലിയാറിൽ സമാന രീതിയിൽ സ്വർണ ഖനനം നടത്തുന്നുണ്ട്.

English summary: Gold mining in chaliyar river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com