കാലിക്കറ്റ് സെനറ്റിൽ ചാൻസലർ സംസാരിച്ചത് ചരിത്രത്തിലാദ്യം

Mail This Article
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയുടെ 56 വർഷത്തെ ചരിത്രത്തിലാദ്യമായി ചാൻസലർ കൂടിയായ ഗവർണർ സെനറ്റ് യോഗത്തെ അഭിസംബോധന ചെയ്തു. കേരളത്തിലെ ക്യാംപസുകളിൽ ആരംഭിക്കുന്ന ലഹരിവിരുദ്ധ ക്യാംപെയ്നിന്റെ പ്രഖ്യാപനത്തിനാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സർവകലാശാലാ സെനറ്റ് വാർഷിക യോഗത്തിനെത്തിയത്.
ലഹരി പിഴുതെറിയാനുള്ള പ്രക്രിയയിൽ കാഴ്ചക്കാരാകാതെ എല്ലാവരും പങ്കാളികളാകണമെന്ന് ഗവർണർ പറഞ്ഞു. ലഹരിക്ക് എതിരെ സർവകലാശാലകൾ മുന്നിട്ടിറങ്ങണം. എങ്കിൽ സമൂഹം ഒന്നാകെ അവർക്ക് പിന്നിൽ ഒറ്റക്കെട്ടായി ഉണ്ടാകും. ലഹരിവിരുദ്ധ പദ്ധതിക്ക് സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
ലഹരിക്ക് എതിരെ കർശന നടപടികളും ബോധവൽക്കരണവും ഉണ്ടാകും. എഐ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ സാങ്കേതിക നിരീക്ഷണവും നടത്തും. പുനരധിവാസവും പദ്ധതിയുടെ ഭാഗമാണ്. ലഹരി ഉപയോഗിച്ചാൽ ഇല്ലാതാകുന്നത് വിദ്യാർഥികളുടെ ഭാവി മാത്രമല്ല രാജ്യത്തിന്റെ ഭാവി കൂടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സമൂഹവും രക്ഷിതാക്കളും മറ്റുള്ളവരും ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി വരും. വിദ്യാഭ്യാസം രാഷ്ട്രീയവൽക്കരിക്കുന്നത് അംഗീകിരിക്കാനാകില്ല.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തൊഴിലന്വേഷകരെ സൃഷ്ടിക്കലല്ല. വിദ്യാഭ്യാസം തൊഴിലന്വേഷണത്തിന് വേണ്ടി ആകുമ്പോൾ അടിമത്ത മനോഭാവമാണ് ഉണ്ടാകുന്നത്. കൊളോണിയൽ രീതി പിന്തുടരുന്നതാണ് ഇതിന് കാരണം. വ്യവസായ സംരംഭകർക്ക് വേണ്ട ജോലിക്കാരെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാഭ്യാസം. സമൂഹത്തിന് ആവശ്യമായ രീതിയിൽ വിദ്യാർഥികളെ വാർത്തെടുക്കുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു.
പൊലീസ് ഒരുക്കിയത് കനത്ത സുരക്ഷ
∙ വന്ദേഭാരത് എക്സപ്രസിൽ കോഴിക്കോട്ടിറങ്ങിയ ഗവർണർ റോഡ് മാർഗം 11.50ന് കാലിക്കറ്റ് സർവകലാശാലാ ക്യാംപസിലെത്തി. ഗെസ്റ്റ് ഹൗസിൽ കയറിയ ശേഷം 12.10ന് സെനറ്റ് ഹൗസിലെത്തി യോഗത്തെ അഭിസംബോധന ചെയ്തു. ലഹരിവിരുദ്ധ സന്ദേശ വാചകം എഴുതിയ മേൽക്കുപ്പായം അണിഞ്ഞാണ് അദ്ദേഹം സെനറ്റ് ഹൗസിലെത്തിയത്.
ലഹരിക്കെതിരായ വലിയ പോരാട്ടത്തിന്റെ എളിയ തുടക്കം എന്ന നിലയ്ക്ക് സർവകലാശാലാ അധികൃതരുടെ വകയായിരുന്നു മേൽക്കുപ്പായം. സെനറ്റ് അംഗങ്ങളും വിസി ഡോ.പി.രവീന്ദ്രൻ അടക്കമുള്ളവരും ഇതേ മേൽക്കുപ്പായം അണിഞ്ഞിരുന്നു. മലയാളത്തിൽ നമസ്കാരം പറഞ്ഞശേഷം ഇംഗ്ലിഷിലേക്കു കടന്ന ഗവർണറുടെ പ്രസംഗം അരമണിക്കൂറോളം നീണ്ടു. മലയാളത്തിൽ ‘നന്ദി’ പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
45 മിനിറ്റ് സെനറ്റ് ഹൗസിൽ അദ്ദേഹം ചെലവഴിച്ചു. ശേഷം ഉച്ചയ്ക്ക് ഒന്നോടെ വിസിക്കും സിൻഡിക്കറ്റ് അംഗങ്ങൾക്കും ഒപ്പം ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ ഉച്ചഭക്ഷണം കഴിച്ച് ഇറങ്ങവേ, സൗകര്യം കിട്ടുമ്പോൾ രാജ് ഭവനിൽ എത്തണമെന്ന് എല്ലാവരോടുമായി അഭ്യർഥിച്ചു. ഫാക്കൽറ്റി ഡീൻ, ഡയറക്ടർ, ബ്രാഞ്ച് മേധാവി, വിദ്യാർഥി യൂണിയൻ പ്രതിനിധികൾ എന്നിവരുമായി സെനറ്റ് ഹൗസിൽ ഉച്ചയ്ക്ക് ശേഷം മുഖാമുഖത്തിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് 3.30ന് ആണ് അദ്ദേഹം ക്യാംപസ് വിട്ടത്. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ക്യാംപസിന്റെ വിവിധ ഭാഗങ്ങളിലായി 190 പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്.