നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുമായി ലോറി കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; വൻ ദുരന്തം ഒഴിവായി

Mail This Article
മലപ്പുറം ∙ പാണ്ടിക്കാട് ജംക്‌ഷനിൽ ലോറി മൂന്നു വാഹനങ്ങളിലിടിച്ച് വൻ അപകടം. ലോറിക്കടിയിൽപ്പെട്ട ഓട്ടോറിക്ഷ വെട്ടി പൊളിച്ചാണ് ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷിച്ചത്. ഓട്ടോ പൂർണമായും തകർന്നിരുന്നു. ഓട്ടോ ഡ്രൈവർ ആമക്കാട് സ്വദേശി ആപ്പ(45)യ്ക്ക് പരുക്കേറ്റു. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്ടു നിന്നും സിമന്റ് ലോഡുമായി കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് കെട്ടിടത്തിലേക്ക് പാഞ്ഞുകയറിയത്.
ചൊവ്വാ പുലർച്ചെ ഒന്നിനാണ് അപകടം. ആദ്യം ടെംബോ ട്രാവറിലും കാറിലും ഇടിച്ചു. പിന്നീട് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുമായി കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. തൃശൂരിൽ നിന്നും നിലമ്പൂർ ഭാഗത്തേക്കുള്ള വിനോദ യാത്രക്കാരാണ് ട്രാവറിലുണ്ടായിരുന്നത്. ട്രാവലറിലുണ്ടായിരുന്ന 18 ഓളം പേർക്കും നിസാര പരുക്കുണ്ട്. ഇവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് പാണ്ടിക്കാട് പൊലീസും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും നേതൃത്വം നൽകി.