ഏപ്രിൽ ഒന്നുമുതൽ ഫാസ്ടാഗ് നിർബന്ധം; നിയമലംഘകർക്ക് ടോളിന്റെ ഇരട്ടിത്തുക പിഴ

Mail This Article
മുംബൈ∙ എംഎസ്ആർഡിസിക്ക് (മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷൻ) കീഴിലുള്ള മുഴുവൻ ടോൾ പ്ലാസകളിലും അടുത്ത മാസം ഒന്ന് മുതൽ ഫാസ്ടാഗ് നിർബന്ധമാക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഒന്നിന് അകം ഫാസ്ടാഗുകൾ ഘടിപ്പിക്കാത്ത വാഹനങ്ങൾ ടോൾ തുകയുടെ ഇരട്ടി പിഴയായി നൽകേണ്ടിവരും. ടോൾ പ്ലാസകളിലെ ഗതാഗതത്തിരക്ക് ഒഴിവാക്കുക, ഇന്ധനം, സമയം എന്നിവ ലാഭിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഫാസ്ടാഗ് നിർബന്ധമാക്കുന്നത്. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം എന്നിവയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് സർക്കാർ തീരുമാനം.
ദഹിസർ, മുളുണ്ട് വെസ്റ്റ്, മുളുണ്ട് ഈസ്റ്റ്, ഐരോളി, വാശി എന്നിവിടങ്ങളിൽ മുംബൈയിലേക്കുള്ള 5 പ്രവേശന കവാടങ്ങളിലെ ടോൾ പ്ലാസകൾ നിയന്ത്രിക്കുന്നത് എംഎസ്ആർഡിസിയാണ്. ഇവിടങ്ങളിൽ ചെറിയ വാഹനങ്ങൾ (എൽഎംവി), എംഎസ്ആർടിസി ബസുകൾ, സ്കൂൾ ബസുകൾ എന്നിവയെ കഴിഞ്ഞ ഒക്ടോബറിൽ ടോളിൽനിന്ന് ഒഴിവാക്കിയിരുന്നു. ബാന്ദ്ര–വർളി കടൽപാലം, മുംബൈ–പുണെ എക്സ്പ്രസ് വേ, മുംബൈ–പുണെ ഹൈവേ, മുംബൈ–നാഗ്പുർ സമൃദ്ധി എക്സ്പ്രസ്‌വേ എന്നിവയിലെയും നാഗ്പുർ, സോലാപുർ, ഛത്രപതി സംഭാജി നഗർ എന്നിവിടങ്ങളിലെ ഇന്റഗ്രേറ്റഡ് റോഡുകളിലെയും, കടോൾ ബൈപാസ്, ചിമൂർ–വറോറ–വാണി ഹൈവേ എന്നിവയിലെയും പ്രധാന ടോൾ പ്ലാസകൾ കൈകാര്യം ചെയ്യുന്നത് എംഎസ്ആർഡിസിയാണ്. ഇവിടെയാണ് ഫാസ്ടാഗ് വഴിയുള്ള ടോൾ പിരിവ് നിർബന്ധമാക്കുന്നത്.
നേരത്തേ നടപ്പാക്കി എൻഎച്ച്എഐ
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (എൻഎച്ച്എഐ) കീഴിലുള്ള ടോൾ പ്ലാസകളിൽ 2021 ഫെബ്രുവരി 16 മുതൽ ഫാസ്ടാഗുകൾ നിർബന്ധമാക്കി. ടോൾപ്ലാസകളിലെ വാഹനങ്ങൾ കാത്തുകിടക്കുന്ന സമയം 714 സെക്കൻഡ് ആയിരുന്നത് 47 സെക്കൻഡ് ആക്കി കുറയ്ക്കാൻ ഫാസ്ടാഗിന് സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി
ടോൾപ്ലാസകളിൽ അടുത്തമാസം മുതൽ ഫാസ്ടാഗുകൾ നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് പുണെ സ്വദേശി സമർപ്പിച്ച പൊതുതാൽപര്യ ഹർജി കോടതി തള്ളി. സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത, ഫാസ്ടാഗിനെക്കുറിച്ച് അറിയാത്ത വലിയൊരു സമൂഹം ഉണ്ടെന്നും അതിനാൽ ടോൾപ്ലാസകളിൽ ഒരു ലൈൻ പണം ഉപയോഗിച്ച് ഇടപാട് നടത്താൻ സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ഇൗ വാദം അംഗീകരിക്കാനാകില്ലെന്നും വാഹന ഉടമകളുടെ മൗലികാവകാശത്തെ തടയുന്ന ഒന്നല്ല സർക്കാർ തീരുമാനമെന്നും കോടതി വ്യക്തമാക്കി.
എന്താണ് ഫാസ്ടാഗ്
ടോൾ പ്ലാസകളിലെ ടോൾതുക ബാങ്ക് അക്കൗണ്ട് വഴി കൈമാറുന്ന ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്‌ടാഗ്. ഇലക്ട്രിക് ചിപ് അടങ്ങിയ ഫാസ്‌ടാഗ് വാഹനത്തിന്റെ മുൻഗ്ലാസിൽ ഒട്ടിക്കണം. ഇത് ടോൾപ്ലാസയിൽ ഘടിപ്പിച്ച സ്കാനറുമായി ബന്ധിപ്പിക്കും. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തനം. വാഹനം ടോൾപ്ലാസ കടന്നുകഴിഞ്ഞാൽ ആവശ്യമായ തുക ഫാസ്‌ടാഗുമായി ലിങ്ക് ചെയ്ത അക്കൗണ്ടിൽനിന്ന് ഓട്ടമാറ്റിക്കായി ടോൾ ഇനത്തിലേക്ക് പോകും.