ഓടിയടുത്ത് വിഷു; കോടിയെടുക്കാൻ തിരക്ക്

Mail This Article
മുംബൈ∙ വിഷു പടിവാതിക്കൽ എത്തിയതോടെ മറുനാട്ടിലും ആഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. വഴിയോരങ്ങളിലും ഹൗസിങ് സൊസൈറ്റികളിലും വിഷുവിന്റെ വരവ് അറിയിച്ച് കണിക്കൊന്നകൾ നേരത്തെ വിരിഞ്ഞുകഴിഞ്ഞു.
ഇന്നു മുതൽ വിഷുവിപണിയും സജീവമാകും. കണിക്കും സദ്യയ്ക്കും ആവശ്യമായ സാധനങ്ങൾക്ക് വിലയേറി. എങ്കിലും വർഷത്തിലൊരിക്കൽ എത്തുന്ന വിഷു ആഘോഷം അധികമാരും ഒഴിവാക്കുന്നില്ല. ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകണേ എന്ന പ്രാർഥനയോടെ കണികാണും. മറുനാട്ടിലെ മലയാളി ക്ഷേത്രങ്ങളിലും കണിയൊരുക്കുക പതിവ്; കൈനീട്ടവുമുണ്ടാകും.
അംബേദ്കർ ജയന്തിയെത്തുടർന്ന് വിഷുദിനമായ തിങ്കളാഴ്ച അവധി ലഭിച്ചത് ജോലിക്കാർക്ക് വലിയ ആശ്വാസമാണ്. ശനി, ഞായർ, തിങ്കൾ എന്നിങ്ങനെ മൂന്നു ദിവസത്തെ അവധിയോട് അനുബന്ധിച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ഒത്തുചേർന്ന് ആഘോഷിക്കുന്നവരുമുണ്ട്.

മലയാളിക്കടകളിൽ വിഷു വിഭവങ്ങൾ നിരന്നു. കണിവെള്ളരി, അടയ്ക്ക, വെറ്റില, ചക്ക എന്നിവ എത്തിയിട്ടുണ്ട്. കൊങ്കണിൽ നിന്നുള്ള മധുര മാമ്പഴങ്ങളും വിപണിയിൽ എത്തിയിട്ടുണ്ട്. ഇന്നും നാളെയും വിഷുക്കച്ചവടം ഉഷാറാകും. വിലക്കയറ്റം ചെറിയതോതിൽ കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. ചൂടു കൂടിയതോടെ പഴം, പച്ചക്കറി ഇനങ്ങൾക്കെല്ലാം വില കൂടിയിട്ടുണ്ട്. വില വർധന മൂലം മലയാളിക്കടകളിൽ പലതും മുൻകാലത്തേതുപോലെ സാധനങ്ങൾ എടുത്തുസൂക്ഷിക്കുന്നില്ല. ഒാൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടിയതും പരമ്പരാഗത കച്ചടവക്കാരെ ബാധിക്കുന്നുണ്ട്.
നഗരപ്രാന്തങ്ങളിൽ നേന്ത്രക്കായ വില കിലോയ്ക്ക് 100 രൂപയ്ക്കു മുകളിലാണ്. ചെറിയ ഉള്ളി, ചെറുപഴം, ചേമ്പ്, തേങ്ങ, കൂർക്ക എന്നിവ കിലോയ്ക്ക് 100 രൂപയായി. വെളിച്ചെണ്ണ ലീറ്ററിന് 350 രൂപയാണ്. ചിപ്സ് കിലോ 350 രൂപ, ശർക്കരവരട്ടി 320 രൂപ, പച്ചമാങ്ങ 120 രൂപ എന്നിങ്ങനെയാണ് നിരക്ക്.