ADVERTISEMENT

എലപ്പുള്ളി ∙ കെ.വി.വിജയദാസ് എംഎൽഎയുടെ വിയോഗത്തിൽ നഷ്ടമായത് എലപ്പുള്ളി സിപിഎമ്മിലെ ജനകീയ മുഖം. എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കോങ്ങാടാണെങ്കിലും എല്ലാ ഔദ്യോഗിക തിരക്കുകൾക്കിടയിലും അദ്ദേഹം എലപ്പുള്ളിയിൽ എപ്പോഴു നിറഞ്ഞു നിന്നു.

എലപ്പുള്ളിക്കാരുടെ സ്വന്തം ദാസേട്ടനായി എല്ലാ ചടങ്ങിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവുമായിരുന്നു. വിഎസ് വിശ്രമത്തിലായപ്പോഴൊക്കെ പാർട്ടി നിർദേശപ്രകാരം കോങ്ങാടിനൊപ്പം മലമ്പുഴയുടെ കൂടി അനൗദ്യോഗിക ചുമതലയുള്ള ‘എംഎൽഎയായും’ അദ്ദേഹം എത്താറുണ്ടായിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പുതുശ്ശേരി ഏരിയ കമ്മിറ്റിക്കു കീഴിലുള്ള മുഴുവൻ പഞ്ചായത്തുകളുടെയും തിരഞ്ഞെടുപ്പ് ചുമതല കെ.വി.വിജയദാസിനെയാണ് പാർട്ടി ഏൽപിച്ചിരുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയതാ പ്രശ്നങ്ങൾ പരിഹരിച്ച് പഞ്ചായത്തുകളിൽ മികച്ച വിജയം നേടിയെടുക്കാനും ഇതിലൂടെ സാധിച്ചു.

കോവിഡ് ബാധിതനായി ചികിത്സയ്ക്കു പോവുന്നതിനു തൊട്ടു മുൻപ് മലമ്പുഴ മണ്ഡലത്തിലെ വന്യമൃഗ ശല്യം പരിഹരിക്കാൻ അടിയന്തര ഇടപെടൽ അദ്ദേഹം നടത്തിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ 24 കിലോമീറ്റർ വൈദ്യുത വേലി ഒരുക്കാനും വാളയാറിൽ 3 ഇടങ്ങളിൽ പുലിക്കൂട് സ്ഥാപിക്കാനും കഴിഞ്ഞു. 

സ്കൂൾ പഠനക്കാലത്തു തന്നെ പാർട്ടിയുടെ എല്ലാ പരിപാടികളിലും വിജയദാസ് നിറഞ്ഞുനിന്നിരുന്നു. കെഎസ്‌വൈഎഫിലൂടെയാണ് സംഘടനാ രംഗത്തു പ്രവർത്തിച്ചുതുടങ്ങിയത്. എലപ്പുള്ളിയിലെ മിച്ചഭൂമി സമരവുമായി ബന്ധപ്പെട്ട്‌ 13 ദിവസം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

പാർട്ടി സംഘടനാ ഉത്തരവാദിത്വങ്ങൾക്കൊപ്പം സഹകരണ സ്ഥാപനങ്ങളുടെ മേധാവിയായും കർഷകനായും ഒരേ സമയം തിളങ്ങിയ ജില്ലയിലെ ചുരുക്കം ചില നേതാക്കളിലൊരാളായിരുന്നു കെ.വി.വിജയദാസ്. 1990ൽ തേനാരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വളരെക്കാലം ഈ സ്ഥാനം വഹിച്ചു. 

കനത്ത നഷ്ടം: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്

പാലക്കാട് ∙ കേ‍ാങ്ങാട് എംഎൽഎയും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കർഷക സംഘം ജില്ലാ പ്രസിഡന്റുമായ കെ.വി.വിജയദാസിന്റെ നിര്യാണത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അനുശേ‍ാചിച്ചു. വിജയദാസിന്റെ വിയേ‍ാഗം പ്രസ്ഥാനത്തിനു കനത്ത നഷ്ടമാണ്.

പാർട്ടി കാക്കത്തേ‍ാട് ബ്രാഞ്ച് സെക്രട്ടറി, എലപ്പുള്ളി ലേ‍ാക്കൽ സെക്രട്ടറി, പുതുശ്ശേരി– ചിറ്റൂർ ഏരിയ കമ്മിറ്റികളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച വിജയദാസ് കർഷക പ്രസ്ഥാനത്തിന്റെ പ്രവർത്തകനായി തുടങ്ങി ഇപ്പേ‍ാഴും ജില്ലാ പ്രസിഡന്റായി തുടരുന്നു. ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്, സഹകാരി എന്നീ നിലകളിൽ മികച്ച സംഭാവനകളാണു നൽകിയത്.

പാർട്ടി പ്രവർത്തനങ്ങൾക്കെ‍ാപ്പം വികസനത്തിലും ജാഗ്രതയേ‍ാടെ പ്രവർത്തിച്ചു. അടിസ്ഥാന ജനവിഭാഗത്തിന്റെ സമഗ്രമായ പുരേ‍ാഗതിക്കായി ശുഷ്കാന്തിയേ‍ാടെ പ്രവർത്തിച്ചു. അടിസ്ഥാനപരമായി എന്നും കർഷകനായിരുന്നു അദ്ദേഹം. ജില്ലയിലെ കർഷകരുടെ മുന്നണിപ്പോരാളിയുമായിരുന്നുവെന്ന് സെക്രട്ടേറിയറ്റ് അനുസ്മരിച്ചു.

നിയമസഭാംഗം ആയിരിക്കെ അന്തരിച്ച 50–ാമത്തെ ജനനേതാവ്

കോട്ടയം ∙ കേരള നിയമസഭയിലെ അംഗമായിരിക്കെ അന്തരിക്കുന്ന 50–ാമത്തെ ജനനേതാവാണ് കെ.വി. വിജയദാസ്. 1996ലെ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയിൽ മരണമടയുകയും ആ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌ത പി.കെ. ശ്രീനിവാസനെ കൂടാതെയുള്ള കണക്കാണിത്. 

ഇപ്പോഴത്തെ നിയമസഭയിലെ ഏഴാമത്തെ നിര്യാണമാണിത്. 5, 9 നിയമസഭകളിലും 6 പേർ വീതം നിര്യാതരായി. കൂടുതൽ ആയുസ്സുണ്ടായിരുന്ന 4–ാം നിയമസഭയിലാണ് കൂടുതൽ പേർ നിര്യാതരായത്–  3 മന്ത്രിമാർ ഉൾപ്പെടെ 8 പേർ. വിജയദാസിന്റെ നിര്യാണത്തോടെ 14–ാം കേരള നിയമസഭയിൽ 12–ാമത്തെ ഒഴിവാണുണ്ടാകുന്നത്. 7 നിര്യാണവും 5 രാജിയുമാണ് കാരണം. 

കെ.എം.മാണി (പാലാ), സി.എഫ്. തോമസ് (ചങ്ങനാശേരി), തോമസ് ചാണ്ടി (കുട്ടനാട്), പി.ബി. അബ്ദുൽ റസാക്ക് (മഞ്ചേശ്വരം), കെ.കെ. രാമചന്ദ്രൻ നായർ (ചെങ്ങന്നൂർ), എൻ. വിജയൻപിള്ള (ചവറ) എന്നിവരാണ് ഇപ്പോഴത്തെ നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com