പിടിച്ചെടുത്തത് 51.8 ഗ്രാം എംഡിഎംഎ, ലഹരിമരുന്നുമായി 2 പേർ പിടിയിൽ

Mail This Article
ഒറ്റപ്പാലം ∙ രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി 2 യുവാക്കൾ പിടിയിലായി. തൃശൂർ ചെറുതുരുത്തി സ്വദേശികളായ പാളയംകോട്ടക്കാരൻ വീട്ടിൽ സജീർ (33), കല്ലഴിക്കുന്നത്ത് അഷറഫ് (24) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 51.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ഒറ്റപ്പാലം മായന്നൂർ പാലത്തിനു താഴെ നിന്നാണ് ഇരുവരും പിടിയിലായത്. ഇവർ മേഖലയിൽ എംഡിഎംഎ വിൽപനയ്ക്കായി എത്തിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പാക്കറ്റുകളിലാക്കിയ നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. നേരത്തെ ഇവരുടെ പേരിൽ കഞ്ചാവ് സൂക്ഷിച്ചതിന് ഉൾപ്പെടെ കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.
ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എസ്ഐമാരായ കെ.ജെ.പ്രവീൺ, ഷാറുന ജയലാനി, പൊലീസുകാരായ രാജേഷ് മത്തായി, രാമദാസ്, കെ.രാകേഷ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ വി.എ.ജോസഫ്, അനീസ്, സുഭാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണു പ്രതികളെ പിടികൂടിയത്. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും.