മംഗലംഡാം ഇടതു കനാൽ: ഇനി വെള്ളം അറ്റകുറ്റപ്പണിക്കു ശേഷം

Mail This Article
വടക്കഞ്ചേരി∙ ഒന്നാംവിള കൃഷിക്കായി മംഗലംഡാമിൽ നിന്ന് ഇടതു കനാലിലേക്കു തുറന്നുവിട്ട വെള്ളം അടച്ചു. കനാല്‍ അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കിയ ശേഷം തുറക്കും. വലതു കനാലിലൂടെ വെള്ളം വിടുന്നുണ്ട്. കനാലില്‍ അടിഞ്ഞ ചെളിയും മണ്ണും കാടുമൂടിക്കിടക്കുന്നതും നീക്കം ചെയ്യുന്ന ജോലികളാണിപ്പോള്‍ നടക്കുന്നത്. പാടശേഖര സമിതികള്‍ കര്‍ഷകരുടെ കയ്യില്‍ നിന്നു പിരിവിട്ടാണു പണികള്‍ നടത്തുന്നത്. വലതു കര കനാല്‍ വണ്ടാഴി, മുടപ്പല്ലൂർ അണക്കപ്പാറ, തെന്നിലാപുരം, കഴനി, ചുങ്കം, പാടൂർ വഴി 24 കിലോമീറ്റർ പിന്നിട്ട് തോണിക്കടവിലാണ് അവസാനിക്കുന്നത്. ഇതു വൃത്തിയാക്കാനായി മാത്രം രണ്ടര ലക്ഷത്തോളം രൂപ കര്‍ഷകര്‍ ചെലവാക്കിക്കഴിഞ്ഞു.
സബ് കനാലുകളുടെയും കാഡ കനാലുകളുടെയും തകർന്ന ഭാഗങ്ങളും പൊട്ടിക്കിടക്കുന്ന ബണ്ടുകളും നന്നാക്കാത്തതിനാൽ വാലറ്റ പ്രദേശങ്ങളിൽ വെള്ളമെത്താന്‍ സമയമെടുക്കും. കനാലുകളുടെ സ്ലൂയിസുകളിലെ ഷട്ടറില്ലാത്ത ഭാഗങ്ങൾ ജലസേചനവകുപ്പ് നന്നാക്കിയില്ലെന്നു കർഷകർ പറഞ്ഞു. 77.88 മീറ്റർ ജലസംഭരണ ശേഷിയുള്ള ഡാമിൽ ഇക്കുറി വെള്ളം കുറവാണ്. ജൂലൈ മാസത്തില്‍ ഷട്ടറുകള്‍ തുറക്കാറുള്ളതാണ്. ഇക്കുറി മഴയില്ലാത്തതിനാല്‍ തുറന്നില്ല.
ഇടതുകര കനാലിലൂടെ പറശ്ശേരിയിൽ നിന്നു തുടങ്ങി കിഴക്കഞ്ചേരി വരെ വെള്ളം എത്തി. എന്നാല്‍ കരുമനശേരി, ചീരക്കുഴി ഭാഗങ്ങള്‍ നന്നാക്കിയിട്ടില്ല. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ഭാഗങ്ങളില്‍ കനാല്‍ വൃത്തിയാക്കല്‍ നടക്കുന്നുണ്ട്. വെള്ളം വാലറ്റപ്രദേശങ്ങളിൽ എത്തണമെങ്കിൽ ഒരാഴ്ചയെങ്കിലും എടുക്കും. മംഗലംഡാം കനാലിന്റെ തെക്കേത്തറ, ചെന്നയ്ക്കപ്പാടം, വടക്കേപ്പാടം, അഞ്ചുമൂർത്തി, കണ്ണമ്പ്ര, പുതുക്കോട്, കീഴ, മണപ്പാടം, പാട്ടോല, തെന്നിലാപുരം, കഴനി, ചുങ്കം, കല്ലേപ്പള്ളി, പാടൂർ, തോണിക്കടവ് ഭാഗങ്ങൾ ഉണക്കുഭീഷണിയിലാണ്.