പീഡന ശ്രമം: മൂന്നാം പ്രതി അറസ്റ്റിൽ

Mail This Article
കൊല്ലങ്കോട് ∙ പയ്യലൂർ തൊണ്ടയംകാട്ടിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലങ്കോട് ബംഗ്ലാമേട് പാലക്കോട്ടിൽ മഹേഷ്(25) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ടു പനങ്ങാട്ടി മേലെ ചേപ്പലോട്ടിൽ സുധീഷ്(25), കുളമ്പിൽ വിഷ്ണു(20) എന്നിവരെ കൊല്ലങ്കോട് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാം തീയതി ഉച്ചയ്ക്കു ശേഷം മൂന്നരയോടെ സുഹൃത്തുക്കളായ മൂന്നു യുവാക്കൾ തൊണ്ടയംകാട്ടെ കല്ലണയ്ക്കു സമീപം ഇരിക്കുകയായിരുന്നു.
ഈ സമയം വീട്ടിലേക്കു പൈപ്പ് വഴി വെള്ളം എടുക്കാനായി സമീപത്തെ മാവിൻ തോട്ടത്തിലേക്കു പോയ മുപ്പതുകാരിയായ യുവതിയെ ഇവർ മൂന്നു പേരും പിന്തുടരുകയും അവിടെ വച്ചു കയറിപ്പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനെ പ്രതിരോധിച്ച യുവതി ബഹളം വച്ച് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
ബഹളം കേട്ട് ആ പ്രദേശത്ത് ആടു മേയ്ക്കുകയായിരുന്ന ഒരാൾ ഓടിയെത്തി യുവതിയെ വീട്ടിലെത്തിച്ചു. തിരിച്ചു വരുമ്പോഴേക്കും യുവാക്കൾ അവിടെ നിന്നു രക്ഷപ്പെട്ടു. ഇതു സംബന്ധിച്ചു യുവതി കൊല്ലങ്കോട് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആദ്യം രണ്ടു പേരെ അറസ്റ്റ് ചെയ്തു.
തുടരന്വേഷണത്തിൽ മഹേഷിനെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നു റിമാൻഡ് ചെയ്തു. ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ, കൊല്ലങ്കോട് പൊലീസ് ഇൻസ്പെക്ടർ എ.വിപിൻദാസ്, എസ്ഐ സി.ബി.മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും.