കേരളത്തിൽ ഏറ്റവും വലുപ്പമേറിയ മത്സ്യം മലമ്പുഴ അണക്കെട്ടിൽ; 52 കിലോ ഭാരമുള്ള കട്‍ല

Mail This Article
പാലക്കാട് ∙ സംസ്ഥാനത്തു തന്നെ ഏറ്റവും വലിപ്പവും ഭാരവുമുള്ള മത്സ്യങ്ങൾ മലമ്പുഴ ഡാമിലാണെന്നു ഫിഷറീസ് വകുപ്പ്. 30 മുതൽ 40 കിലോഗ്രാം വരെ വലുപ്പമുള്ള കട്‍ല ഉണ്ട്. 20 കിലോഗ്രാം വരെ വലുപ്പമുള്ള രോഹുവും. 52 കിലോഗ്രാം ഭാരമുള്ള കട്‍ലയാണ് ഇതുവരെ പിടികൂടിയതിൽ ഏറ്റവും ഭാരമുള്ളത്. രണ്ടു കിലോഗ്രാം വരെ വലുപ്പമുള്ള തിലാപ്പിയയും ഒന്നര കിലോഗ്രോം വരെ വരുന്ന കിരിമീനുകളുമുണ്ട്. ഡാമിന്റെ വിസ്തൃതിയും ആവശ്യത്തിനു സ്വാഭാവിക ഭക്ഷണവുമുള്ളതാണു മീനുകളുടെ വളർച്ചയ്ക്കു ഗുണമാകുന്നത്.
13 ഇനം മീനുകൾക്കു വംശനാശം, 23 ഇനങ്ങൾ ഭീഷണിയിൽ
പാലക്കാട് ∙ ജില്ലയിലെ ജലാശയങ്ങളിൽ നിന്നു നാടൻ മുഷി (മൊയ്), കൂഴാൻ, പുഴനങ്ക്, കൂരി, കുറുവ, കോലാൻ എന്നീ മത്സ്യങ്ങൾക്കും ചിലയിനം പരലുകളും പൂർണമായും വംശനാശം സംഭവിച്ചെന്നു ഫിഷറീസ് സർവകലാശാല നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജില്ലയിൽ സാധാരണ കണ്ടുവന്നിരുന്ന 13 ഇനം മത്സ്യങ്ങൾക്കു വംശനാശം സംഭവിച്ചെന്നാണു കണക്ക്. 23 ഇനങ്ങൾ നാശത്തിന്റെ ഭീതിയിലാണ്.
ഏറ്റുമീൻ (ഊത്ത പിടിത്തം) വ്യാപകമായതോടെയാണു ഇവ നശിച്ചത്. നഞ്ച് (വിഷം) കലക്കിയും തോട്ടയിട്ടും വൈദ്യുതി കടത്തിവിട്ടും ഉൾപ്പെടെ മീൻ പിടിത്തം വ്യാപകമാണ്. രോഗം വ്യാപിച്ചും ചില ഇനങ്ങൾ നശിച്ചിട്ടുണ്ട്. വരാൽ (കണ്ണൻ), മനിഞ്ഞിൽ, ആരൽ, ആറ്റുവാള, കൂരാൻ (കറ്റി), അമ്പട്ടൻ വാള, പോട്ട (പള്ളത്തി), മഞ്ഞക്കൂരി, പല്ലൻ കുറുവ എന്നിവ ഭീഷണി നേരിടുന്നവയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഡാമുകളിൽ സാധാരണയായി കണ്ടുവന്നിരുന്ന 17 ഇനം പരലുകളിൽ ഒൻപത് ഇനം മാത്രമാണു നിലവിലുള്ളത്. പൂവാലി പരൽ, വെള്ളിപ്പരൽ, ഈറ്റിലക്കണ്ണി, മുള്ളൻ, ചതുപ്പ് പരൽ എന്നിവ വൻ തോതിൽ കുറഞ്ഞു.
അക്വേറിയങ്ങളിൽ വളർത്തുന്ന അലങ്കാര മത്സ്യമായ സക്കർ ക്യാറ്റ് ഫിഷ് ജലാശയങ്ങളിൽ പെരുകിയതു നാടൻ മത്സ്യങ്ങൾക്കു ഭീഷണിയായെന്നും ഫിഷറീസ് സർവകലാശാല കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ചെറു കുളങ്ങളിലും മറ്റും ഇവ വളർത്താറുണ്ട്. ഇവ മഴയത്ത് വെള്ളം കവിഞ്ഞ് ചെറിയ തോടുകൾ വഴി ഡാമിലും പുഴകളിലുമെത്തിയെന്നാണു സംശയം. കുളങ്ങളിൽ വളർത്തുന്ന നട്ടർ എന്ന മത്സ്യവും ഡാമുകളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇവ മറ്റു മത്സ്യങ്ങളെ കൂട്ടത്തോടെ ഭക്ഷിക്കുന്നതിനാൽ നാടൻ മത്സ്യങ്ങൾക്കു ഭീഷണിയാണ്.