തുറക്കാത്ത ‘കോട്ട’യായി ശുചിമുറി; കെട്ടിടം സജ്ജമായിട്ടു മാസങ്ങൾ

Mail This Article
പാലക്കാട് ∙ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും, സന്ദർശകർക്ക് ഉപകാരപ്പെടാതെ കോട്ടയിലെ ശുചിമുറി കെട്ടിടം.ഉപയോഗിക്കാത്തതിനാൽ കെട്ടിടം കാടുകയറിയ നിലയിലാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമെന്നു സന്ദർശകർ പരാതിപ്പെടുന്നു. ടിക്കറ്റ് കൗണ്ടറിനു നേരെ മുൻവശത്തായാണു കെട്ടിടം നിർമിച്ചിരിക്കുന്നത്. കുടിവെള്ളം, സ്റ്റോർ റൂം, കഫെറ്റീരിയ എന്നിവയ്ക്കും പ്രത്യേക കെട്ടിടങ്ങൾ ഇവിടെയുണ്ട്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കോട്ടയിൽ ദിവസവും വിവിധ ജില്ലകളിൽ നിന്നുള്ളവരുൾപ്പെടെ ഒട്ടേറെ പേരാണ് എത്തുന്നത്. രാവിലെയും വൈകിട്ടുമായി ഒട്ടേറെ പേർ വ്യായാമത്തിനും ഇവിടെ വരുന്നു. കെട്ടിടം തുറന്നു കൊടുക്കുകയാണെങ്കിൽ ക്ലോക്ക് റൂം അടക്കമുള്ള സൗകര്യങ്ങൾ അവർക്ക് ഉപയോഗപ്പെടുത്താനാകും. നിലവിൽ ഡിടിപിസിയുടെ പണം നൽകി ഉപയോഗിക്കാവുന്ന ശുചിമുറിയാണ് ഇവർ ആശ്രയിക്കുന്നത്. അല്ലെങ്കിൽ ടിക്കറ്റ് എടുത്ത് കോട്ടയ്ക്കകത്തെ ശുചിമുറി ഉപയോഗിക്കണം.
ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പലരും പ്രാഥമികാവശ്യങ്ങൾക്കു പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതു പതിവായിട്ടുണ്ട്. ഇതു ശുചിത്വ പ്രശ്നം സൃഷ്ടിക്കുന്നു. ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കാൻ ശുചിമുറി തുറന്നുകൊടുക്കണമെന്നാണ് ആവശ്യം. മാസങ്ങൾക്കു മുൻപു ഡിടിപിസിയുടെ ശുചിമുറി തകരാറിലായപ്പോൾ ഈ കെട്ടിടം തുറന്നുകൊടുത്തെങ്കിലും പിന്നീട് മുന്നറിയിപ്പില്ലാതെ അടച്ചതായാണു പരാതി. ദിനംപ്രതി സന്ദർശകർ വർധിക്കുമ്പോഴാണ് ഈ സാഹചര്യം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണു കോട്ട. എന്നാൽ, പരിപാലനത്തിനു മതിയായ ഫണ്ട് ഇല്ലാത്തതാണു ശുചിമുറി കെട്ടിടം അടിച്ചിടാൻ കാരണമെന്ന് അധികൃതർ പറയുന്നു.