പോക്സോ: എക്സൈസ് ഓഫിസർക്ക് 5 വർഷം തടവും പിഴയും

Mail This Article
വാളയാർ ∙ 14 വയസ്സുള്ള ആൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥന് 5 വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ. സിവിൽ എക്സൈസ് ഓഫിസർ കൊല്ലം കാരങ്കോട് ചുരപൊയ്ക പൂജാതീർഥത്തിൽ കെ.ജയപ്രകാശിനെയാണ് (48) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 2 മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക കൂടാതെ അധിക ധനസഹായം ലഭ്യമാക്കാനും വിധിയുണ്ട്.
2021 ഡിസംബർ മൂന്നിനാണു കേസിനാസ്പദമായ സംഭവം. പാലക്കാട് എക്സൈസ് ഓഫിസിനു കീഴിലുള്ള കഞ്ചിക്കോട് മദ്യനിർമാണശാലയിലെ ഉദ്യോസ്ഥനായിരുന്ന ജയപ്രകാശ് പുതുശ്ശേരിയിൽ നിന്നു കഞ്ചിക്കോട്ടേക്കു ബസിൽ യാത്ര ചെയ്തിരുന്ന ആൺകുട്ടിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണു കേസ്. വാളയാർ എസ്ഐ ആർ.രാജേഷാണ് കുറ്റപത്രം സമർപ്പിച്ചത്. എഎസ്ഐ സി.സുനിത സഹായിച്ചു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രമിക ഹാജരായി. ലെയ്സൺ ഓഫിസർ എഎസ്ഐ എസ്.സതി ഏകോപിപ്പിച്ചു.