ഇടിമിന്നൽ: ഫ്രിജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തിനശിച്ചു; എസിയും ടിവിയും ഫാനും മരഗോവണിയും കത്തിച്ചാമ്പലായി

Mail This Article
ചെർപ്പുളശ്ശേരി ∙ ശക്തമായ ഇടിമിന്നലിനെ തുടർന്നുണ്ടായ ഷോർട് സർക്യൂട്ട് മൂലം ഫ്രിജ് പൊട്ടിത്തെറിച്ച് ഓടു മേഞ്ഞ വീട് ഭാഗികമായി കത്തിനശിച്ചു. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മുൻ സീനിയർ ക്ലാർക്ക് കാവുവട്ടം കുന്നത്ത് പൊതുവാട്ടിൽ ശശികുമാറിന്റെ വീടിന്റെ അടുക്കളഭാഗമാണ് പൂർണമായി കത്തിനശിച്ചത്. ശശികുമാറും ഭാര്യയും മറ്റൊരു മുറിയിൽ ആയതിനാലും ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാലും വലിയ അപകടം ഒഴിവായി. ഇന്നലെ പുലർച്ചെ മൂന്നരയോടെ ഉണ്ടായ ഇടിമിന്നലിനെ തുടർന്ന് വീട്ടിലെ അടുക്കളഭാഗത്തെ ഫ്രിജിൽ നിന്ന് ആദ്യം തീയും പുകയും ഉയരുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ശബ്ദം കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്ന ശശികുമാറും ഭാര്യ ജയശ്രീയും വന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇതിനിടെ എത്തിയ പൊലീസും നാട്ടുകാരും ചേർന്ന് വീടിന്റെ ഓടു പൊളിച്ച് അടുക്കളഭാഗത്തോടു ചേർന്ന മുറിയിലെ ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്കു മാറ്റി. എന്നാൽ തീ അണയ്ക്കാൻ ഇവർക്കും സാധിച്ചില്ല.ഷൊർണൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് രാവിലെ ആറോടെ തീ പൂർണമായും അണച്ചത്. ചെർപ്പുളശ്ശേരി കെഎസ്ഇബി ഉദ്യോഗസ്ഥർ ഈ ഭാഗങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.ഫ്രിജ് വച്ചിരുന്ന അടുക്കളഭാഗം മുഴുവനായും കത്തിയമർന്നു. ഇവിടെയും ഇതിനോടു ചേർന്ന മുറിയിലും ഉണ്ടായിരുന്ന എസിയും ഫാനും ടിവിയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും കത്തിനശിച്ചു. ഈ മുറിയിൽ നിന്ന് തട്ടുകളിട്ട മുകൾ നിലയിലേക്ക് കയറാൻ വച്ചിരുന്ന മരത്തിന്റെ ഗോവണിയും കത്തിച്ചാമ്പലായി.