മരച്ചില്ലകൾ പൂർണമായി നീക്കാത്തത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട്
![2PY-Pathanamthitta-Manorama-First-A-29072023-2-Ver1.sla തണ്ണിത്തോട് മുണ്ടോംമൂഴി വനഭാഗത്ത് ഗതാഗത തടസ്സമായി റോഡിലേക്ക് കിടക്കുന്ന മരച്ചില്ലകൾ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/pathanamthitta/images/2023/7/29/pathanamthitta-Konni-Thannithode-road,-tree-branches.jpg?w=1120&h=583)
Mail This Article
തണ്ണിത്തോട് ∙ വനത്തിലൂടെയുള്ള യാത്രയിൽ റോഡിലേക്ക് വീഴുന്ന മരച്ചില്ലകൾ പൂർണമായി നീക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കോന്നി – തണ്ണിത്തോട് റോഡിലെ മുണ്ടോംമൂഴി വനഭാഗത്താണ് മരച്ചില്ലകളും ഇലച്ചിലുകളും വാഹന യാത്രക്കാർക്ക് തടസ്സമാകുന്നത്.ഒരാഴ്ച മുൻപ് റോഡരികിലെ മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് മരച്ചില്ലകളും വള്ളിപ്പടർപ്പും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇലച്ചിലുകളും ചുള്ളിക്കമ്പുകളും റോഡിൽ കിടക്കുകയാണ്. ഇവിടെ വളവ് തിരിഞ്ഞ് വേഗത്തിലെത്തുന്ന വാഹനങ്ങൾ മരച്ചില്ലകളിലേക്ക് തട്ടാതെ വെട്ടിച്ചുമാറ്റുമ്പോൾ അപകടത്തിന് സാധ്യതയുണ്ട്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴും അപകടമുണ്ടാകാനിടയുണ്ട്.
മഴക്കാലത്ത് മിക്കപ്പോഴും റോഡരികിലെ മരം ഒടിഞ്ഞുവീഴാറുണ്ട്. ഇത്തരം സംഭവങ്ങളിൽ പലപ്പോഴും വാഹനം കടന്നുപോകാനായി തടസ്സം നീക്കുന്നതല്ലാതെ മരച്ചില്ലകൾ പൂർണമായും ടാറിങ്ങിന് പുറത്തേക്ക് നീക്കിയിടാറില്ല. വനത്തിലൂടെയുള്ള റോഡിലെ പല ഭാഗങ്ങളിലും ഇത്തരത്തിൽ ഒടിഞ്ഞുവീഴുന്ന മരച്ചില്ലകൾ അപകടസാധ്യതയുണ്ടാക്കും വിധം റോഡിലേക്ക് നീണ്ടുകിടക്കുന്നത് കാണാം. രാത്രി കാലങ്ങളിൽ മിക്കപ്പോഴും കാട്ടുമൃഗങ്ങളുടെ സാന്നിധ്യമുള്ള റോഡാണിത്. റോഡ് പരിസരത്ത് കാട്ടുമൃഗങ്ങൾ നിന്നാൽ പോലും കാണാത്ത വിധം റോഡിലേക്ക് കാട് വളർന്നിട്ടും തെളിക്കുന്നുമില്ല.