കടലാസു പോലൊരു കൂര !!, മഴയും കാറ്റുമേറ്റ് പിഞ്ചു കുഞ്ഞുങ്ങളുമായി ഒരു കുടുംബം: എന്നു വരും ‘ലൈഫ് ’?

Mail This Article
വിഴിഞ്ഞം∙ ടാർപോളിൻ കൊണ്ടു കുത്തി മറച്ച ഒറ്റമുറി കൂരയിൽ മഴയും കാറ്റുമേറ്റ് പിഞ്ചു കുഞ്ഞുങ്ങളുമായി ഒരു കുടുംബം. നഗരസഭയുടെ കോട്ടപ്പുറം വാർഡിൽ ഉൾപ്പെടുന്ന കടക്കുളം നെല്ലിവിള പുത്തൻവീട്ടിൽ ജോയി-സുധീന ദമ്പതിമാർക്കും ഇവരുടെ ആറും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങൾക്കും ആണ് അടച്ചുറപ്പുള്ള വീട് ഇല്ലാത്തതിന്റെ ദുരിതം. മഴ പെയ്താൽ വെള്ളം മുഴുവൻ ഉള്ളിലേക്ക് വീഴും. കാറ്റടിച്ചാൽ മേൽക്കൂര മൂടിയ ടാർപോളിൻ പറന്നു പോകുന്ന സ്ഥിതി. അതിനാൽ രാത്രി കാലം ഇവർക്ക് ഉറക്കമില്ല. കിടക്കാൻ കട്ടിൽ പോലും ഇല്ല.
പാചകം കൂരയ്ക്ക് പുറത്താണ്. മഴക്കാലത്ത് ഇതിനും കഴിയില്ല. മുല്ലൂർ ഗവ കെവിഎൽപിഎസിൽ ഒന്നാം ക്ലാസ് വിദ്യാർഥിയായ മൂത്ത മകൻ അലന് ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാനാവില്ല. ഫോൺ അടക്കമുള്ള സൗകര്യങ്ങൾ ഇല്ല. ഉണ്ടായാൽ പോലും ചാർജ് ചെയ്യുന്നതിന് വൈദ്യുതിയില്ല. തങ്ങൾ ഇടയ്ക്കു പോയി കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ ശ്രമിക്കും എന്ന് സ്കൂൾ അധികൃതർ പറയുന്നു. ജോയിക്ക് വല്ലപ്പോഴും കൂലിപ്പണിയിൽ നിന്നു കിട്ടുന്ന തുച്ഛവരുമാനം ആണ് ഇവരുടെ വിശപ്പ് അകറ്റുന്നത്. മറ്റു സമയങ്ങളിൽ സമൂഹ അടുക്കള ആണ് ആശ്രയം.
ലൈഫ് ഭവന പദ്ധതിയിൽ തങ്ങളുടെ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൗൺസിലറിൽ നിന്നു അറിയാൻ ആയിട്ടുണ്ടെന്ന് സുധീന പറയുന്നു. എന്നാൽ തുടർ നടപടികൾ ആകുന്നില്ല. അടച്ചുറപ്പുള്ള വീട് ആണ് ഇവരുടെ സ്വപ്നം. അത് പൂവണിയുന്നതും കാത്തിരിക്കുകയാണ് ഈ കുടുംബം. ഇവർക്ക് ഭവനം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കഴിയും വേഗം ശ്രമിക്കും എന്ന് കൗൺസിലർ പനിയടിമ ജോൺ അറിയിച്ചു.കാനറ ബാങ്ക് വിഴിഞ്ഞം 2 ശാഖയിൽ(പഴയ സിൻഡിക്കറ്റ് ബാങ്ക്) സുധീനയുടെ പേരിൽ 40282210006580 എന്ന നമ്പറിൽ(IFSC : CNRB0014028) അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ–9747589402