വീടിനുള്ളിൽ അരയ്ക്കൊപ്പം വെള്ളത്തിൽ നീന്തി ജീവിതം

Mail This Article
കണ്ണമൂല∙ പുത്തൻപാലത്തിനടുത്തുള്ള അറുപത്തഞ്ചുകാരി വസന്തയുടെയും ശശിയുടെയും വീട് ഒരു ദ്വീപാണ്. മഴ പെയ്തു തുടങ്ങിയാൽ തിണ്ണയിൽനിന്ന് അടുക്കളയിലെത്തണമെങ്കിൽ അരയ്ക്കൊപ്പം വെള്ളത്തിൽ നീന്തണം. മഴ ഒന്നു ശമിച്ചാൽ വീടിനുള്ളിലെ മാത്രം വെള്ളം ഇറങ്ങും. വീടിനു ചുറ്റും മുറ്റവും പറമ്പും പിന്നെയും വെള്ളത്തിൽ. കണ്ണമൂല പൂത്തൻപാലം വയൽനികത്തിയപണയിൽ വീട്ടിലെ താമസക്കാരായ ഇവർക്കിത് ഈ മഴക്കാലത്തെ ദുരിതമല്ല, വർഷങ്ങളായി ഓരോ മഴയിലും വെള്ളത്തിലാകും. പലതവണ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. കോളനി ഭാഗത്തെ താഴ്ന്ന പ്രദേശത്താണു വീട്. സമീപമായി ചേട്ടന്റെയും സഹോദരിയുടെയും വീടുകൾ. ഈ മൂന്നു വീട്ടുകാർക്കും മഴ എത്തിയാൽ ദുരിതമാണ്.

എല്ലാ വർഷവും കയറുന്ന വെള്ളം താഴ്ന്നുപോകാൻ മാസങ്ങളെടുക്കും. അപ്പോഴേക്കും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാട് ചീഞ്ഞ് കറുത്ത നിറത്തിലാകും. കൊതുക് പെരുകും. കഴിഞ്ഞ നവംബറിൽ പെയ്ത മഴയിൽ വെള്ളം കയറിപ്പോൾ വസന്തയ്ക്ക് എലിപ്പനി പിടിപെട്ടു രണ്ടാഴ്ചയോളം ആശുപത്രി വാസം വേണ്ടിവന്നു. ഹൃദയസംബന്ധമായ രോഗത്താൽ വലയുന്ന ഇവർ ഇത്തവണ ഇനി എന്ത് രോഗം വരും എന്ന പേടിയിലാണ്. തൊട്ടടുത്തുള്ള പറമ്പ് ഉടമകളും കോർപറേഷനും ഒന്നു മനസ്സുവച്ചാൽ കല്ലിട്ടു നികത്താവുന്നതാണ് ഈ പ്രദേശം. എന്നാൽ, കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഇവരോട് സ്വയം പണി ചെയ്തോളാനാണ് അധികൃതർ പറഞ്ഞത്. ഒരാഴ്ചയ്ക്കുള്ളിൽ കാലവർഷം എത്തുന്നതോടെ തല ചായ്ക്കാൻ എവിടെപ്പോകുമെന്ന ആധിയിലാണു മൂന്ന് വീട്ടുകാരും.