തുടർരോഗങ്ങളുടെ നടുക്കടലിൽ മുൻ പ്രവാസി തൊഴിലാളി; മജ്ജ നൽകാൻ സഹോദരിയുണ്ട്, ശസ്ത്രക്രിയയ്ക്ക് പണമില്ല

Mail This Article
ആറ്റിങ്ങൽ ∙ നടുക്കടലിൽ വീണുപോയിട്ടുണ്ടോ? ദുരിതങ്ങളിൽ നിന്നു കരകയറാൻ ബഹ്റൈനിലൊരു കരാർ ജോലി തരപ്പെടുത്തി മാസങ്ങൾക്കുള്ളിൽ തീരാരോഗവുമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന തിരുവനന്തപുരം വക്കം സ്വദേശി കിരൺ കുമാർ ഇപ്പോൾ തുടർരോഗങ്ങളുടെയും ദുരിതങ്ങളുടെയും നടുക്കടലിലാണ്. ചെറുനാണയത്തുട്ടു മുതൽ സ്നേഹപൂർവമായൊരു വാക്കു പോലും കിരണിനും കുടുംബത്തിനും ജീവിതത്തിലേക്കുള്ള പിടിവള്ളിയും.
കിരണിനെ ബാധിച്ച മൈലോഡിസ്പ്ലാസ്റ്റിക്ക് സിൻഡ്രോം (എംഡിഎസ്) എന്ന അസ്ഥി മജ്ജാ ക്ഷയമാണ് ഈ കുടുംബത്തിന്റെ ജീവിതം ആദ്യം കീഴ്‌മേൽ മറിച്ചത്. മജ്ജയിലെ രക്തകോശങ്ങൾ വളർച്ച പ്രാപിക്കാതെ നശിച്ചുപോകുന്ന രോഗമാണിത്. ശരീരത്തിനു സ്വന്തമായി രക്തം ഉൽപാദിപ്പിക്കാൻ കഴിയാത്ത അവസ്ഥ മൂലം രണ്ടുദിവസത്തിലൊരിക്കൽ രക്തം സ്വീകരിക്കണം. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ രണ്ടുവർഷമായി ചികിത്സ തുടരുന്നു. മജ്ജ മാറ്റിവയ്ക്കുകയാണു മുന്നിലുള്ള പരിഹാരം. ഡോക്ടർ ഇതു നിർദേശിച്ചിരിക്കുന്നു. മജ്ജ നൽകാൻ സഹോദരി തയാറാകുകയും ചെയ്തു. 12 ലക്ഷത്തിലേറെ രൂപ ചെലവു വരുമെന്നാണ് ഡോക്ടർ എഴുതി നൽകിയിരിക്കുന്നത്.
ചികിത്സ വൈകിയതു മൂലം ശ്വേതരക്താക്കളുമായി ബന്ധപ്പെട്ട ഈ രോഗം ഗുരുതര രക്താർബുദമായി (അക്യൂട്ട് മൈലോയ്ഡ് ലുകീമിയ–എഎംഎൽ) മാറി കഴിഞ്ഞു. ഇതിനായി കീമോ തെറപ്പി ചെയ്യുന്നുണ്ട്. കടംവാങ്ങിയും മറ്റും ബഹ്റൈനിൽ കരാർ തൊഴിലാളിയായി പോയി 5 മാസത്തിനുള്ളിലായിരുന്നു രോഗം. രോഗലക്ഷണങ്ങൾ കണ്ടപ്പോൾ അവിടെ പരിശോധിക്കാൻ പോലും സൗകര്യമില്ലാതെ മടങ്ങി. മെഡിക്കൽ കോളജിലും ആർസിസിയിലും പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ആശുപത്രികളിൽ നിന്നൊഴിയാൻ നേരമില്ല. പറഞ്ഞ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകാൻ പലപ്പോഴും മടിക്കുന്നത് പണമില്ലാത്തതു കൊണ്ടുമാത്രം.
മൂന്നാം ക്ലാസുകാരിയായ മകൾക്കും ഭാര്യയ്ക്കും ഒരുനേരത്തെ ഭക്ഷണം എത്തിക്കാൻ പോലും കഴിയാത്ത ദുരവസ്ഥ കിരണിനെ കൂടുതൽ ദുർബലനാക്കുന്നു. കാൽമുറിച്ചതിനെ തുടർന്നു കിടപ്പിലായ സ്വന്തം അമ്മയെ നേരാംവണ്ണം പരിചരിക്കാൻ കഴിയാത്തതിന്റെ സങ്കടവുമുണ്ട്. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ല. വാടക വീട്ടിലാണ് കഴിയുന്നത്. ഏതു ചെറുസഹായവും കിരണിനു മാത്രമല്ല, ഈ കുടുംബത്തിലെ ഓരോ ആൾക്കും ജീവിതം തിരിച്ചുപിടിക്കാനുള്ള മരുന്നാണ്.
കിരണിന്റെ ഫോൺ, ജിപേ നമ്പർ : 7012924961
വിലാസം: എസ്. കിരൺ കുമാർ, മണക്കാട് വീട്,
വക്കം പിഒ–695308, ആറ്റിങ്ങൽ
ബാങ്ക് അക്കൗണ്ട് നമ്പർ : 67015594035
എസ്ബിഐ, വക്കം ബ്രാഞ്ച്
ഐഎഫ്എസ്‌സി കോഡ് : SBIN0070050