ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും സുഹൃത്തും ചേർന്ന് മർദിച്ചു

Mail This Article
വിതുര∙ മകൻ ലഹരി ഉപയോഗിക്കുന്നത് വിലക്കിയ അമ്മയെ മകനും പെൺ സുഹൃത്തും ചേർന്ന് മർദിച്ചു. വിതുര മേമല സ്വദേശി മേഴ്സിയ്ക്കാണ്(57) മർദനമേറ്റത്. ഇവർ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മകൻ അനൂപ്(23), പത്തനംതിട്ട ചിറ്റാർ സ്വദേശിനിയായ സുഹൃത്ത് സംഗീത ദാസ്(19) എന്നിവരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അമ്മയെ പരിചരിക്കാനായി ഹോം നഴ്സായിട്ടാണ് സംഗീതയെ അനൂപ് വീട്ടിൽ എത്തിച്ചത്.
കുറച്ച് നാളായി അനൂപിനും അമ്മയ്ക്കുമൊപ്പം വീട്ടിൽ താമസിച്ചു വരികയായിരുന്നു സംഗീത.വീട്ടിൽ താമസിക്കുന്നതിനിടെ അനൂപും സംഗീതയും ഒന്നിച്ച് ലഹരി ഉപയോഗിക്കുന്ന പതിവ് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇത് മേഴ്സിയുടെ ശ്രദ്ധയിൽപെട്ടു. തുടർന്നാണ് മേഴ്സി ഇത് വിലക്കിയത്. പിന്നാലെ മേഴ്സിയെ ഇരുവരും ചേർന്ന് അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു.
വീടിനുള്ളിൽ നിന്ന് ഇരുവരും ചേർന്ന് മേഴ്സിയെ പുറത്തേയ്ക്ക് വലിച്ചിഴച്ചു. തുടർന്ന് നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. ഇതിനിടെ നാട്ടുകാർക്ക് നേരെയും പ്രതികൾ അക്രമത്തിന് മുതിരുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇൻസ്പെക്ടർ ജി.പ്രദീപ് കുമാർ, സബ് ഇൻസ്പെക്ടർ എസ്.എൻ.മുഹ്സിൻ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.