നിർമാണം തുടങ്ങിയിട്ട് ഒരാണ്ട്; പണി പാതി പോലും തീരാതെ വാഴക്കോട് - പ്ലാഴി റോഡ്

Mail This Article
ചേലക്കര∙ വാഴക്കോട്-പ്ലാഴി റോഡ് പുനർ നിർമാണോദ്ഘാടനം നടന്നിട്ട് ഇന്നേയ്ക്ക് ഒരാണ്ടു പൂർത്തിയാകുന്നു. 18 മാസമുള്ള നിർവഹണ കാലാവധിയിലെ 12 മാസങ്ങൾ പിന്നിടുമ്പോൾ കരാർ പ്രകാരമുള്ള പണികളിൽ 40% പോലും ഇനിയും പൂർത്തിയായിട്ടില്ല. റോഡിൽ പലയിടത്തായി പല പണികൾ നടക്കുന്നുണ്ടെങ്കിലും വാഹന ഗതാഗതത്തി നിടയിൽ നിർമാണ വേഗത കൈവരിക്കാനാ കുന്നില്ലെന്നാണു കരാറുകാർ പറയുന്നത്.
വാഴക്കോട് മുതൽ പ്ലാഴി വരെ ഒരു വർഷമായി ഗതാഗത തടസ്സം മൂലം യാത്രികർ വലയുകയാണ്. പ്ലാഴിയിൽ നിന്നു കല്ലേപ്പാടം വരെ കോൺക്രീറ്റ് റോഡ് പൂർത്തിയായിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ നിർമാണം വേണ്ടത്ര പുരോഗമിച്ചിട്ടില്ല. കലുങ്കുകളുടെ നിർമാണം പലയിടങ്ങളിലും വൈകിയതു ജനങ്ങളെ വലച്ചു. ചേലക്കര ടൗണിൽ കോൺക്രീറ്റ് ചെയ്തു തുടങ്ങിയതോടെ ഗതാഗത കുരുക്കു പതിവായിട്ടുണ്ട്.
റോഡ് നിർമാണത്തിൽ അശാസ്ത്രീയതയും അഴിമതിയും ആരോപിച്ചു ജനകീയ സമിതി ചേലക്കര ടൗണിൽ ശനിയാഴ്ച ഉപവാസ സമരവും യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി 28 നു മന്ത്രി കെ. രാധാകൃഷ്ണന്റെ ഓഫിസിലേക്കു മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.