‘വഴികാട്ടി’യെ തുരത്തി; ശക്തൻ സ്റ്റാൻഡിലെ ‘വഴികാട്ടി’ ആരോഗ്യ കേന്ദ്രം അടച്ചിട്ട നിലയിൽ

Mail This Article
തൃശൂർ ∙ യാത്രക്കാർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ശക്തൻ സ്റ്റാൻഡിലെ ‘വഴികാട്ടി’ ആരോഗ്യ കേന്ദ്രം ദിവസങ്ങളായി അടച്ചിട്ട നിലയിൽ. ഗോസായിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരുടെ ക്ഷാമം മൂലം ഇവിടെയുള്ള ജീവനക്കാരെ അങ്ങോട്ടു മാറ്റിയതാണ് കേന്ദ്രം തുറക്കാത്തതിനു കാരണമെന്നാണ് വിശദീകരണം.
ബസ് സ്റ്റാൻഡിൽ പ്രാഥമിക ശുശ്രൂഷ വേണ്ട സന്ദർഭങ്ങളിൽ എളുപ്പത്തിൽ ഇടപെടാൻ കഴിയുന്നു എന്നതായിരുന്നു ‘വഴികാട്ടി’ ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകത. പ്രമേഹ പരിശോധന, രക്ത സമ്മർദ പരിശോധന എന്നിവയ്ക്കടക്കം ആളുകൾ ആശ്രയിക്കുന്ന കേന്ദ്രമായിരുന്നു ഇത്. നെബുലൈസേഷൻ, മുലയൂട്ടൽ എന്നിവയ്ക്കും സൗകര്യമുണ്ടായിരുന്നു ഇവിടെ. കുടുംബാസൂത്രണത്തിനുള്ള സേവനങ്ങളും ലഭിച്ചിരുന്നു.
ദിവസവും ഉച്ച വരെ തുറന്നിരുന്ന ഇവിടെ യാത്രക്കാർക്കു പുറമേ ബസ് ജീവനക്കാരും വിവിധ പരിശോധനകൾക്കായി എത്തിയിരുന്നതാണ്. ഗോസായിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലാണ് ഈ കേന്ദ്രം. കഴിഞ്ഞ വർഷം ഗോസായിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിന് സംസ്ഥാനതലത്തിൽ മികച്ച രണ്ടാമത്തെ ആരോഗ്യ കേന്ദ്രത്തിനുള്ള പുരസ്കാരം നേടിക്കൊടുത്തത് ഇവിടത്തെ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്താണ്.