കേന്ദ്രസർക്കാർ വിജ്ഞാപനം തൃശൂർ പൂരത്തെ ചുറ്റിക്കെട്ടി; വെടിക്കെട്ട് നടത്താൻ കഴിയാത്ത സാഹചര്യം
Mail This Article
തൃശൂർ ∙ രാജ്യമാകെ വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ഇറക്കിയ വിജ്ഞാപനം തൃശൂർ പൂരത്തെ സാരമായി ബാധിക്കുമെന്ന് ആശങ്ക. സ്ഫോടകവസ്തു നിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ 5 നിയന്ത്രണങ്ങൾ പൂരം വെടിക്കെട്ട് നടത്തിപ്പ് അസാധ്യമാക്കുന്ന വിധത്തിലുള്ളതാണെന്നു ദേവസ്വങ്ങളും ജനപ്രതിനിധികളും വ്യക്തമാക്കുന്നു.ഫയർലൈനും മാഗസിനും (വെടിക്കെട്ടു സാമഗ്രികളുടെ സംഭരണസ്ഥലം) തമ്മിൽ 200 മീറ്റർ അകലം വേണമെന്ന നിബന്ധനയാണ് ഇതിൽ പ്രധാനം. 45 മീറ്റർ അകലമെന്ന നിലവിലെ നിബന്ധന തന്നെ കുറയ്ക്കണമെന്നു ദേവസ്വങ്ങളും പൂരക്കമ്മിറ്റിക്കാരും ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് അകലം പല മടങ്ങായി വർധിപ്പിച്ചത്. ഇതോടെ തേക്കിൻകാട് മൈതാനത്തെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാതാകും.
വിജ്ഞാപനത്തിലെ പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ:
∙ ലൈസൻസുള്ള മാഗസിനുള്ളിൽ മാത്രമേ വെടിക്കെട്ടു സാമഗ്രികൾ സൂക്ഷിക്കാവൂ. വെടിക്കെട്ട് നടത്തേണ്ട ഫയർലൈനിൽ നിന്ന് 200 മീറ്റർ അകലെയാകണം മാഗസിൻ. (ഈ നിബന്ധന നടപ്പായാൽ മാഗസിനിൽനിന്ന് 200 മീറ്റർ അകലം കണക്കാക്കുമ്പോൾ പൂരം വെടിക്കെട്ടിന്റെ ഒരുഭാഗം സ്വരാജ് റൗണ്ടിലെ റോഡിലെത്തും.)
∙ വെടിക്കെട്ട് സ്ഥലത്തെ ബാരിക്കേഡിൽനിന്ന് 100 മീറ്റർ അകലെയായിരിക്കണം ജനത്തെ ബാരിക്കേഡ് കെട്ടി നിർത്തേണ്ടത് (ഈ നിബന്ധന കർശനമാക്കിയാൽ കുറുപ്പം റോഡിന്റെയും എംജി റോഡിന്റെയുമൊക്കെ അഗ്രഭാഗം വരെ നിന്നു വെടിക്കെട്ട് കണ്ടിരുന്ന അവസ്ഥ ഇല്ലാതാകും. പൂരം വെടിക്കെട്ട് അകലെ നിന്നു മാത്രം കണ്ടു തൃപ്തിയടയണം.)
∙ ഫയർലൈനിൽ നിന്ന് 100 മീറ്റർ അകലെയാകണം വെടിക്കെട്ടുപുര (ഷെഡ്). മാഗസിനിൽനിന്നു കുറഞ്ഞത് 20 മീറ്ററെങ്കിലും അകലം വേണം. (വെടിക്കെട്ടിനു മണിക്കൂറുകൾ മുൻപു തന്നെ ഷെഡിൽ നിന്നുള്ള വെടിക്കോപ്പുകൾ ഫയർലൈനിലെ കുഴികളിലെത്തിച്ചു നിറച്ചിരിക്കും. വെടിക്കെട്ടിന്റെ സമയത്ത് ഷെഡ് ഒഴിഞ്ഞ നിലയിലാകും. അതുകൊണ്ടു തന്നെ ഷെഡുമായി നിഷ്കർഷിക്കുന്ന അകലം അനാവശ്യം).
∙ 250 മീറ്റർ പരിധിയിൽ ആശുപത്രി, നഴ്സിങ് ഹോം, സ്കൂൾ എന്നിവയുണ്ടെങ്കിൽ അനുമതി തേടാതെ വെടിക്കെട്ട് നടത്തരുത്. (തിരുവമ്പാടിയുടെ വെടിക്കെട്ട് നടക്കുന്ന ഭാഗത്തു നിന്ന് 250 മീറ്റർ പരിധിക്കുള്ളിലാണു സിഎംഎസ് സ്കൂൾ. എന്നാൽ, പകൽ വെടിക്കെട്ട് നടക്കുമ്പോഴടക്കം സ്കൂളിന് അവധി നൽകാറുണ്ട്. വിജ്ഞാപനത്തിൽ ‘പ്രവർത്തിക്കുന്ന’ സ്കൂളുകൾ എന്നു ഭേദഗതി വരുത്തിയില്ലെങ്കിൽ വെടിക്കെട്ട് നടത്താനാകില്ല).
∙ ക്ലോറേറ്റ്, ലിഥിയം, മെർക്കുറി, ആഴ്സനിക്, ലെഡ്, സ്ട്രോൻഷിയം ക്രോമേറ്റ് തുടങ്ങിയ നിരോധിത വസ്തുക്കൾ വെടിക്കെട്ട് നിർമാണത്തിലുപയോഗിക്കാൻ പാടില്ല. ഇതുറപ്പാക്കാൻ പരിശോധന നിർബന്ധം (നിരോധിത വസ്തുക്കൾ പൂരം വെടിക്കെട്ടിൽ ഉപയോഗിക്കാറില്ലെന്നു ദേവസ്വങ്ങൾ അർഥശങ്കയില്ലാതെ വ്യക്തമാക്കുന്നു).
∙ കാറ്റിന്റെ വേഗം 50 കിലോമീറ്ററിലേറെയായിരിക്കുമ്പോഴോ കാണികളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുമ്പോഴോ വെടിക്കെട്ട് നടത്തരുത് (ഇതുവരെ നിഷ്കർഷിച്ചിട്ടില്ലാത്ത വ്യവസ്ഥകളാണിത്.)
ചില വ്യവസ്ഥകൾ പൂരത്തിന്റെ കാര്യത്തിൽ മുൻപുതന്നെ കർശനമായി പാലിക്കപ്പെടുന്നവയാണ്.
∙ പരിമിത എണ്ണം ജീവനക്കാർ മാത്രമേ വെടിക്കെട്ടു പുരയിലും ഫയർലൈനിലും ഉണ്ടാകാവൂ (ഇക്കാര്യം വർഷങ്ങൾക്കു മുൻപു തൊട്ടേ പൂരക്കമ്മിറ്റിക്കാർ ഉറപ്പാക്കിയിട്ടുണ്ട്).
∙ വെടിക്കെട്ടിന് 15 മീറ്റർ പരിധിക്കുള്ളിൽ ടെന്റ്, വാഹനങ്ങൾ എന്നിവയൊന്നും ഉണ്ടാകാൻ പാടില്ല (ഇക്കാര്യം പൊലീസ് ഓരോവർഷവും പരിശോധിച്ചുറപ്പാക്കുന്നുണ്ട്).
∙ വെടിക്കെട്ടിനുപയോഗിക്കുന്ന ഇരുമ്പുകുഴലുകളുടെ പകുതി മണ്ണിനു താഴെ ആയിരിക്കണം. കുഴലുകൾ തമ്മിൽ 50 സെന്റീമീറ്റർ അകലം വേണം. വിവിധ വലുപ്പമുള്ള കുഴലുകൾ തമ്മിൽ 10 മീറ്റർ അകലം വേണം. കുഴലല്ലാതെ മറ്റ് ഇരുമ്പ്, സ്റ്റീൽ ഉപകരണങ്ങളോ ആയുധങ്ങളോ വെടിക്കെട്ടു സ്ഥലത്തു പാടില്ല. (ഏഴു പതിറ്റാണ്ടിലേറെയായി കൃത്യമായ താഴ്ചയിൽ ഇരുമ്പു കുഴലുകൾ മണ്ണിൽ കുഴിച്ചിട്ടാണു വെടിക്കെട്ട് നടത്താറുള്ളത്. ഇവ തമ്മിലുള്ള അകലവും കൃത്യമായി പാലിക്കാറുണ്ട്. കുഴലുമായി ബന്ധപ്പെട്ട് ഇരുമ്പുകുറ്റികളും മറ്റും സ്ഥാപിക്കുന്നത് അപകടങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. പുതിയ നിബന്ധന ഇതിനു തടസ്സം.).
കേന്ദ്ര വിജ്ഞാപനം പൂരത്തിനെതിരായ വെല്ലുവിളി:മന്ത്രി രാജൻ
തൃശൂർ ∙ വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം തൃശൂർ പൂരത്തിനെതിരായ പരസ്യ വെല്ലുവിളിയാണെന്നും പൂർണമായി പിൻവലിക്കണമെന്നും മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ എന്നിവർ ആവശ്യപ്പെട്ടു. തേക്കിൻകാട് മൈതാനത്തെന്നല്ല, സ്വരാജ് റൗണ്ടിലെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം അശാസ്ത്രീയമായ നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളത്. തൃശൂരിൽ നിന്നുള്ള കേന്ദ്രമന്ത്രിയുടേതടക്കം കേന്ദ്രസർക്കാരിലെ ബന്ധപ്പെട്ടവരുടെയെല്ലാം ശ്രദ്ധയിൽ വിഷയം കൊണ്ടുവരും. പ്രധാനമന്ത്രിക്കും പെട്രോളിയം വകുപ്പു മന്ത്രിക്കുമടക്കം പരാതി അയച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരുമായി ഔദ്യോഗിക ആശയവിനിമയം ഇക്കാര്യത്തിൽ നടത്താൻ വേണ്ട നടപടിയെടുക്കും. 35 നിയന്ത്രണങ്ങളുടെ പട്ടികയിൽ 5 എണ്ണം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തവയാണ്. ബാക്കിയുള്ളവ ഭേദഗതി വേണ്ടവയും. ഫയർലൈനിൽ നിന്ന് 200 മീറ്റർ അകലെയാകണം മാഗസിൻ എന്ന നിബന്ധന വെടിക്കെട്ട് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാക്കും. 2008ലെ സ്ഫോടകവസ്തു നിയമത്തിൽ 45 മീറ്ററെന്ന നിബന്ധനയാണുള്ളത്. ഇതു പുനഃസ്ഥാപിക്കണം. ഫയർലൈനിലെ ബാരിക്കേഡിൽ നിന്നു വീണ്ടും 100 മീറ്റർ അകലെയേ ജനത്തെ നിർത്താവൂ എന്ന നിബന്ധന വന്നാൽ കാണികൾക്കു വെടിക്കെട്ട് ആസ്വദിക്കാൻ കഴിയാത്ത അവസ്ഥ വരും. ഫയർലൈനും താൽക്കാലിക ഷെഡും തമ്മിൽ 100 മീറ്റർ അകലം വേണമെന്ന നിബന്ധനാണു മറ്റൊരു വെല്ലുവിളി.
വെടിക്കെട്ട് നടക്കുന്നിടത്ത് ഇരുമ്പ്, സ്റ്റീൽ വസ്തുക്കൾ പാടില്ലെന്ന നിബന്ധന അശാസ്ത്രീയമാണ്. വെടിക്കെട്ടിനുള്ള കുഴിയിലെ ഇരുമ്പു കുഴലിനോടു ചേർന്നു സ്ഥാപിക്കുന്ന ഇരുമ്പുകുറ്റികൾ എങ്ങനെ ഒഴിവാക്കും? വെടിക്കെട്ടിന്റെ കാര്യത്തിൽ മുൻപുണ്ടായിരുന്ന നിയന്ത്രണങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ ചർച്ച സംഘടിപ്പിച്ച കേന്ദ്രമന്ത്രിയുടെ നിലപാട് പൊള്ളയായിരുന്നോ എന്ന കാര്യം അദ്ദേഹത്തോടു തന്നെ ചോദിക്കണം. പൂരം തകർക്കാൻ ശ്രമിക്കുന്നതാരാണെന്നു വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.