കാലാവസ്ഥാ വ്യതിയാനം: തൃശൂർ ജില്ലയ്ക്ക് പനിച്ചൂട്; സുരക്ഷാ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്
Mail This Article
തൃശൂർ ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം ഉയരുന്നു. ഈ മാസം 17 വരെ 10,996 പേരാണു വൈറൽ പനി ബാധിച്ചു സർക്കാർ ആശുപത്രികളിലെത്തിയത്. വൈറൽ പനിക്കൊപ്പം ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ എച്ച്1എൻ1, മലേറിയ കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ഹോമിയോ–ആയുർവേദ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടിയവരുടെ എണ്ണം കൂടി നോക്കിയാൽ എണ്ണം ഇരട്ടിയാകും. ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ ഈ മാസം വർധനയുണ്ടായിട്ടുണ്ടെന്നു സ്വകാര്യ ആശുപത്രികളും പറയുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് പനി വ്യാപനത്തിനു പ്രധാന കാരണമായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. പനി മാറിയാലും ചുമ തുടരുന്നതു പലരെയും അലട്ടുന്നുണ്ട്. ജനുവരി ഒന്നു മുതൽ 17 വരെയുള്ള കാലയളവിൽ ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടു പേർ മരിച്ചു. എളവള്ളി ചിറ്റാട്ടുകരയിൽ 65 വയസ്സുള്ള പുരുഷനും മറ്റത്തൂർ ചെമ്പൂച്ചിറയിൽ 43 വയസ്സുള്ള സ്ത്രീയുമാണു എലിപ്പനി മൂലം മരിച്ചത്. ആകെ എലിപ്പനി സ്ഥിരീകരിച്ചതു 10 പേർക്കാണ്. ഇതോടൊപ്പം 42 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. നെന്മണിക്കര ആരോഗ്യ കേന്ദ്രത്തിലാണു മലേറിയ (ഒരു കേസ്) റിപ്പോർട്ട് ചെയ്തത്.
വൈറൽ പനി, ശ്വാസകോശ അണുബാധ എന്നിവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു. കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കണം. രോഗങ്ങളുള്ളപ്പോൾ കുട്ടികളെ സ്കൂളിൽ അയയ്ക്കരുത്. രോഗലക്ഷണങ്ങളുള്ളവർ മാസ്ക് ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
വിറച്ചും വിയർത്തും
രാത്രി തണുപ്പും പകൽ കൂടുതൽ ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനമാണു വൈറൽ പനി വ്യാപകമാകാൻ കാരണമെന്നാണു നിഗമനം. തണുപ്പിൽ അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതും ശരീരം പകൽ കാലാവസ്ഥയുമായി പൊരുത്തപ്പെടാത്തതുമാണ് രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നത്.
മനുഷ്യരിൽ കാലാവസ്ഥ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശം, ശ്വാസനാളം എന്നീ അവയവങ്ങളെയാണ്. അതിനാൽ മുൻകരുതലുകൾ വേണം. അമിതമായി തണുപ്പടിക്കുന്ന സാഹചര്യങ്ങളിൽ നിന്നു വിട്ടു നിൽക്കണം. ഇതോടൊപ്പം തണുപ്പിൽ അലർജി രോഗങ്ങളും കൂടുതലായി ഉണ്ടാകും. തുടർച്ചയായുള്ള തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ട–നാവ് ചൊറിച്ചിൽ, ശ്വാസതടസ്സം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. അലർജി മാറാതെയുണ്ടെങ്കിൽ ഡോക്ടറെ കാണണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.