വീട്ടിൽ കയറി ആക്രമിച്ച് ഒന്നേകാൽ പവന്റെ വള കവർന്നു
Mail This Article
ഗുരുവായൂർ ∙ ചാമുണ്ഡേശ്വരി റോഡിൽ കൃഷ്ണപ്രിയയിൽ മാധവന്റെ വീട്ടിൽ കയറിയ മോഷ്ടാവ് മാധവന്റെ ഭാര്യ പുഷ്പലതയുടെ (63) ഒന്നേകാൽ പവന്റെ വള കവർന്നു. ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. കിഴക്കേനട അമ്പാടി പാർക്കിങ് ഗ്രൗണ്ടിന് സമീപം ചായക്കട നടത്തുന്ന മാധവൻ പുലർച്ച കടയിലേക്കായി വീട്ടിൽ നിന്ന് ഇറങ്ങി. പുഷ്പലത വാതിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ മറഞ്ഞിരുന്ന മോഷ്ടാവ് ഓടി അകത്തു കയറി പുഷ്പലതയെ തള്ളിയിട്ട് വള കവരുകയായിരുന്നു. കരച്ചിൽ കേട്ട് മാധവനും മുകൾ നിലയിൽ താമസിക്കുന്ന സഹോദരീ ഭർത്താവും എത്തിയപ്പോഴേക്കും കള്ളൻ രക്ഷപ്പെട്ടു. വീഴ്ചയിൽ പുഷ്പലതയ്ക്ക് ചെറിയ പരുക്കുണ്ട്. ടെംപിൾ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.