വെള്ളം മുട്ടി കൊടുങ്ങല്ലൂർ; ഭരണിക്കെത്തിയ ഭക്തരും ദുരിതത്തിലായി

Mail This Article
കൊടുങ്ങല്ലൂർ ∙ പുല്ലൂറ്റ് നാരായണമംഗലം ജംക്‌ഷൻ മുതൽ കിഴക്കു ഭാഗത്തു ജലഅതോറിറ്റി പൈപ്പ് പൊട്ടി. ഇതോടെ ശനി, ഞായർ ദിവസങ്ങളിൽ കൊടുങ്ങല്ലൂർ പട്ടണത്തിൽ വിവിധ ഭാഗങ്ങളിൽ ശുദ്ധജല വിതരണം മുടങ്ങി. ലോകമലേശ്വരം, ഉഴുവത്തുകടവ് ഭാഗത്താണ് വെള്ളം മുടങ്ങിയത്. ഇതോടെ ഭരണിക്കെത്തിയ ഭക്തർ ദുരിതത്തിലായി. നഗരസഭ പ്രദേശത്തു പലയിടത്തും റോഡ് തകർന്ന നിലയിലാണ്. റോഡ് കുത്തിപൊളിച്ചു കേബിൾ സ്ഥാപിക്കാനുള്ള പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്.
ഇൗ പ്രദേശങ്ങളിൽ എല്ലാം പൈപ്പ് പൊട്ടി. കോഴിക്കുളങ്ങര, തെക്കേക്കുന്ന്, ഉരുളിക്കുന്ന്, അടയിനിക്കാട് പ്രദേശങ്ങളിൽ കഴിഞ്ഞ പത്തു ദിവസമായി ശുദ്ധജലം മുടങ്ങി.ഒരു സ്ഥലത്ത് പൊട്ടിയ പൈപ്പ് നന്നാക്കുമ്പഴേക്കും അടുത്ത സ്ഥലത്ത് പൊട്ടുകയാണ്. വേനൽ കനത്തതോടെ കടുത്ത ശുദ്ധജല ക്ഷാമം നേരിടുന്നുണ്ട്.നാരായണമംഗലം - വെള്ളൂർ റോഡിലും പലയിടത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. പാമ്പ് മേയ്ക്കാട് റോഡിൽ പൈപ്പ് പൊട്ടി മൂന്നു ദിവസമാണ് വെള്ളം നഷ്ടപ്പെട്ടത്. ഭരണി നാളുകളിൽ ശുദ്ധജലം മുടങ്ങിയതു വ്യാപക പ്രതിഷേധത്തിനിടയാക്കി.