ബീനാച്ചി - പനമരം റോഡ് ആദ്യഘട്ട ടാറിങ് കഴിഞ്ഞ ഭാഗത്ത് അപകടം പതിവ്

Mail This Article
കേണിച്ചിറ∙ ബീനാച്ചി - പനമരം റോഡിൽ ആദ്യഘട്ട ടാറിങ് കഴിഞ്ഞ ഭാഗത്ത് വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. നടവയലിനും കേണിച്ചിറയ്ക്കും ഇടയിലാണ് അപകടങ്ങൾ ഏറെയും. കഴിഞ്ഞദിവസം കാറ്റാടിക്കവല വളവിലുണ്ടായ അപകടത്തിൽ പീച്ചങ്കോട് സ്വദേശികളായ 4 പേർക്ക് പരുക്കേൽക്കുകയും രണ്ടു കാറുകളുടെ മുൻഭാഗം പൂർണമായി തകരുകയും ചെയ്തു. ബത്തേരി ഭാഗത്തുനിന്ന് വന്ന കാറിൽ നടവയലിൽ നിന്ന് കേണിച്ചിറ ഭാഗത്തേക്കു പോയ കാർ ഇടിക്കുകയായിരുന്നു. മുൻപും ഈ വളവിൽ ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്.
കിഫ്ബിയിൽ ഉൾപ്പെടുത്തി 5 വർഷം മുൻപ് വീതി കൂട്ടി നിർമാണപ്രവൃത്തി ആരംഭിച്ച റോഡിലാണ് പണിതീരും മുൻപ് തന്നെ ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയായത്. പണി ആരംഭിച്ചതിനുശേഷം ഈ റോഡിൽ നടന്ന ചെറുതും വലുതുമായ അപകടങ്ങൾക്ക് കണക്കില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ ആദ്യഘട്ട ടാറിങ് നടത്തിയ ഭാഗത്ത് അടയാളങ്ങളോ സൂചന ബോർഡുകളോ ഇല്ലാത്തതും പണിയിലെ അപാകതയുമാണ് അപകടം വർധിക്കാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.