എത്ര പഠിക്കുന്നു എന്നതിലല്ല, എന്തു പഠിക്കുന്നു എന്നതിലാണു കാര്യം

Mail This Article
കോഴിക്കോട് ഒന്നാമൻ, സംസ്ഥാനത്ത് ഏഴാമൻ. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷാ റാങ്ക്‌ലിസ്റ്റിൽ ചാത്തമംഗലം പന്ത്രണ്ടാംമൈൽ സ്വദേശി നിരഞ്ജൻ ജെ.നായർ ശരിക്കും തിളങ്ങി. അപ്രതീക്ഷിതം എന്നൊന്നും പറയാനില്ല, ആദ്യ ഇരുപതിനുള്ളിൽ തന്നെയായിരുന്നു പ്രതീക്ഷ. അത് 7 ആയപ്പോൾ ഏറെ സന്തോഷം.
പലകാര്യങ്ങളിലേക്ക് ‘ഫോക്കസ്’ ചെയ്യാതെ ആവശ്യമായതു മാത്രം തിരഞ്ഞെടുത്ത് പഠിക്കുന്നതിലായിരുന്നു നിരഞ്ജന്റെ ശ്രദ്ധ. നല്ല ‘റിസൽറ്റ്’ കിട്ടാനുള്ള എളുപ്പവഴി പലരും നേരത്തേ പറഞ്ഞപോലെ ‘പ്രാക്ടീസ്, പ്രാക്ടീസ്, പ്രാക്ടീസ്’ തന്നെയെന്ന് നിരഞ്ജനും പറയുന്നു. ഇതിനൊപ്പം പാല ബ്രില്യന്റ്സിലെ കോച്ചിങ്ങും സഹായിച്ചു. അവിടുത്തെ മോഡൽ പരീക്ഷ ഏറെ പ്രയോജനപ്പെട്ടു.
മദ്രാസ് ഐഐടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിനു ചേരാനാണു താൽപര്യം. പത്താം ക്ലാസ് മുതൽ കൊണ്ടു നടക്കുന്ന മോഹമാണത്. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് പഠിച്ചു ശീലമുള്ള നിരഞ്ജൻ രാത്രി 10 മണിക്കു തന്നെ ഉറങ്ങും. അവധി ദിവസങ്ങളിൽ 8 മുതൽ 10 മണിക്കൂർ വരെ പഠിക്കാൻ സമയം കണ്ടെത്തി. പത്താം ക്ലാസുവരെ ബാഡ്മിന്റനൊക്കെ കളിച്ചു നടന്നെങ്കിലും ലക്ഷ്യം മനസ്സിൽ കയറിയതോടെ അതുവിട്ടു, ഒപ്പം കംപ്യൂട്ടറിൽനിന്നും മൊബൈൽ ഫോണിൽനിന്നും അൽപം അകലം പാലിച്ചു.
ടിപ്സ്
∙ എത്ര പഠിക്കുന്നു എന്നതിലല്ല, എന്തു പഠിക്കുന്നു എന്നതിലാണു കാര്യം. ആവശ്യമുള്ളതു മാത്രം കണ്ടെത്തി നല്ല പോലെ പഠിക്കുക.
∙ പഴയകാല ചോദ്യക്കടലാസുകൾ എത്ര കിട്ടിയാലും വീണ്ടും വീണ്ടും ചെയ്തു നോക്കുക.
∙ പിന്നെ നേരത്തേ പറഞ്ഞ പോലെ ‘പ്രാക്ടീസ്, പ്രാക്ടീസ്, പ്രാക്ടീസ്’
കോഴിക്കോട് എൻഐടിയിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ അസോഷ്യേറ്റ് പ്രഫസർ ചാത്തമംഗലം കൃഷ്ണകൃപയിൽ എം.ജി. ജയകുമാറിന്റെയും കാനറ ബാങ്ക് സീനിയർ മാനേജർ എസ്.ശ്രീകലയുടെയും മകനാണ് നിരഞ്ജൻ. സഹോദരി നിരുപമ ജെ.നായർ സ്പ്രിങ്‌വാലി സ്കൂൾ വിദ്യാർഥി.