ADVERTISEMENT

കൊറോണ വൈറസും ഡിസൈനർമാരും തമ്മിലെന്താ ബന്ധം ? കൊറോണ എന്നു കേൾക്കുമ്പോൾ മനസ്സില്‍ തെളിയുന്ന ചുവന്ന വൃത്താകൃതിയിലുള്ള വൈറസിന്റെ രൂപം കണ്ടെത്തിയത് ശാസ്ത്രജ്ഞരാണെങ്കിലും അതു വരയ്ക്കാൻ തീർച്ചയായും ഒരു ഡിസൈനറുടെ സഹായം തേടിയിട്ടുണ്ടാകും. ‘ഡിസൈൻ ഇൻ ബയോടെക്നോളജി’ എന്ന മേഖല തന്നെയുണ്ട്. ബയോടെക്നോളജിയിൽ മാത്രമല്ല, നയരൂപീകരണത്തിൽ വരെ ഡിസൈനിങ്ങിനു പങ്കുണ്ട് !

ഡിസൈന്റെ ഇത്തരം വ്യത്യസ്ത മേഖലകൾ പരിചയപ്പെടുത്തുകയാണ് അഹമ്മദാബാദ് നാഷനൽ ഇൻസറ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ (എന്‍ഐഡി) പൂർവവിദ്യാർഥികളും കോഴിക്കോട് സ്വദേശികളുമായ രണ്ടു യുവാക്കൾ. മൈക്രോസോഫ്റ്റില്‍ ആർട് ലീഡായ തൊമ്മൻ സി.ലൂക്കോസ്, ഇറ്റലിയിൽ ഗ്രാഫിക് ഡിസൈനറായ ശ്രീനിഹാൽ പൗക്ക എന്നിവരാണ് ഡിസൈൻ മേഖലയിലേക്കു വരാൻ താൽപര്യമുള്ള വിദ്യാർഥികൾക്കും നിലവിൽ ഡിസൈൻ മേഖലയിലുള്ളവർക്കുമായി ‘ആർട് വിത്ത് ഇന്റന്റ്’ എന്ന ഇൻസ്റ്റഗ്രാം പേജ് വഴി ഇന്ററാക്ടീവ് ലൈവ് ഷോകൾ നടത്തുന്നത്. 

വരകളും ഉൽപന്ന ഡിസൈനിങ്ങും മാത്രമല്ല ഈ മേഖലയെന്ന് ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഈ ചിന്തയിൽ നിന്നായിരുന്നു‘ആർട് വിത്ത് ഇന്റന്റി’ന്റെ തുടക്കം. 

ബഹിരാകാശം മുതൽ പരിസ്ഥിതി വരെ 

മുപ്പതിലേറെ ഡിസൈനർമാർ ഇതിനകം ‘ആർട് വിത്ത് ഇന്റന്റി’ൽ എത്തി. എംഐടി സ്പേസ് റിസർച് ലാബിലെ ഡിസൈനർ പ്രതിമ മുനിയപ്പ, ബയോടെക്നോളജി ഡിസൈനർ  തോം ലീച്ച്, പോഗോ ടിവിയിൽ ‘മാഡ്’ ഷോ നടത്തിയിരുന്ന റോബ് എന്നിവർ അവരിൽ ചിലർ മാത്രം. ഓഗ്‌മെന്റഡ് റിയാലിറ്റിയിലും പരിസ്ഥിതിയിലും വരെ ഡിസൈന് ഉപയോഗമുണ്ടെന്ന് തങ്ങൾ ഇപ്പോഴാണ് അറിയുന്നതെന്ന് തൊമ്മൻ സി.ലൂക്കോസ് പറയുന്നു. 

5 ട്രാക്കുകളായാണ് ‘ആർട് വിത്ത് ഇന്റന്റി’ൽ ഷോകൾ. നവീന ഡിസൈനുകളെക്കുറിച്ചുള്ള ചർച്ചാവേദി, ആർട്ടിസ്റ്റുകളുടെ സ്കെച്ച്ബുക്കുകളിലൂടെയുള്ള യാത്ര, വിവിധ ഡിസൈൻ സ്റ്റുഡിയോകളിലൂടെയുള്ള യാത്ര, ഡിസൈൻ വർക്‌ഷോപ്പുകൾ, പുസ്തകപരിചയം എന്നിങ്ങനെ. കഴിഞ്ഞ 2 മാസവും എല്ലാ ദിവസവും പേജിൽ പരിപാടികളുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും എല്ലാവർക്കും ജോലി ആരംഭിച്ചതോടെ ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് ലൈവ് സെഷനുകൾ. റെക്കോർഡഡ് സെഷനുകൾ കാണാൻ instagram.com/artwithintent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com