പീച്ചിയടക്കം വിവിധ കേന്ദ്രങ്ങളിൽ ഗവേഷണം : അപേക്ഷ മേയ് 31 വരെ
Mail This Article
ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി (Forest Research Institute (Deemed to beUniversity), Dehradun– 248195; ഫോൺ : 13522 24439; enquires@fridu.edu.in; വെബ്: http://fridu.edu.in)യുടെ വിവിധ കേന്ദ്രങ്ങളിൽ ‘പിഎച്ച്ഡി ഇൻ ഫോറസ്ട്രി’ പ്രോഗ്രാമുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ ജൂലൈ 18ന് പീച്ചിയടക്കമുള്ള കേന്ദ്രങ്ങളിൽ സാധാരണ രീതിയിലോ, വീട്ടിലിരുന്ന് എഴുതാവുന്നവിധം ഓൺലൈനായോ നടത്തും.
1500 രൂപയുടെ ഡ്രാഫ്റ്റ് സഹിതം അപേക്ഷ മേയ് 31 വരെ സ്വീകരിക്കും. അപേക്ഷാഫോം വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡെറാഡൂണിനു പുറമേ ജോധ്പുർ, അൽമോറ, ഷിംല, ഭോപാൽ, ബെംഗളൂരു, ഹൈദരാബാദ്, കോയമ്പത്തൂർ, റാഞ്ചി, പീച്ചി, ജോർഹട്, ജബൽപുർ എന്നീ കേന്ദ്രങ്ങളിലും ഗവേഷണമാകാം. ഓരോ കേന്ദ്രത്തിലും സൗകര്യമുള്ള പഠനമേഖലകൾ അറിയിപ്പിലുണ്ട്.
സിൽവിക്കൾച്ചർ, സോയിൽ സയൻസ്, പൾപ് & പേപ്പർ ടെക്നോളജി, വുഡ് സയൻസ് & ടെക്നോളജി തുടങ്ങി 24 മുഖ്യമേഖലകൾ. കെമിസ്ട്രി ഓഫ് ഫോറസ്റ്റ് പ്രോഡക്ട്സ്, ഫോറസ്റ്റ് പതോളജി എന്നിവയ്ക്കാണ് പീച്ചിയിൽ ഈ വർഷം സൗകര്യമുള്ളത്.
55% മാർക്ക് അഥവാ തുല്യ ഗ്രേഡോടെ പ്രസക്ത വിഷയത്തിലെ മാസ്റ്റർ ബിരുദമോ തുല്യ പ്രഫഷനൽ ബിരുദമോ യോഗ്യത. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% മാർക്ക് അഥവാ തുല്യ ഗ്രേഡ് വരെ ഇളവു കിട്ടും.
യുജിസി / യുജിസി സിഎസ്ഐആർ നെറ്റിലോ ഗേറ്റിലോ യോഗ്യത നേടിയവരെയും വിദേശത്തു താമസിക്കുന്ന വിദ്യാർഥികളെയും, നിബന്ധനകൾക്കു വിധേയമായി നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അനുവദിക്കും.
പീച്ചിയിലെ കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ എഫ്ആർഐക്കു പുറമേ കാലിക്കറ്റ് / കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലകളുമായി ബന്ധപ്പെട്ടും പിഎച്ച്ഡി ഗവേഷണമുണ്ട്.
ഫോൺ: 0487 - 2690100; director@kfri.org; വെബ്: www.kfri.res.in.
English Summary : Research In Forest Research Institute