സീനിയേഴ്സിന്റെ അവസ്ഥ കണ്ടിട്ട് ഭാവി അത്ര കളറല്ലെന്ന് ജെന്‍ സി; ‘പ്ലാന്‍ ബി’ തന്നെ രക്ഷ

Mail This Article
കോളജ് വിട്ടിറങ്ങി ഈ വര്‍ഷം തൊഴില്‍ മേഖലകളിലേക്ക് കാലെടുത്തു വയ്‌ക്കാന്‍ തുടങ്ങുന്ന പല ജെൻ സി യൂത്തന്മാര്‍ക്കും കരിയറിന്റെ കാര്യത്തില്‍ അത്ര ശുഭാപ്‌തി വിശ്വാസമില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പഠിച്ചിറങ്ങിയ സീനിയേഴ്‌സ് പലരും കഷ്ടപ്പെടുന്നതു കണ്ടിട്ടാണ് ഈ ശുഭാപ്‌തി വിശ്വാസക്കുറവെന്നും ഹാന്‍ഡ്‌ഷേക്ക് നടത്തിയ സര്‍വേ കണ്ടെത്തി. സര്‍വേയില്‍ പങ്കെടുത്ത 1925 പേരില്‍ 57 ശതമാനവും ഈ ആശങ്ക പങ്കുവച്ചു. ഫ്രീലാന്‍സിങ്, ഇന്റേണ്‍ഷിപ്, ഗിഗ് ജോലികള്‍, സംരംഭകത്വം എന്നിങ്ങനെ പല ഓപ്‌ഷണുകളും സാമ്പ്രദായിക ജോലികള്‍ ലഭിച്ചില്ലെങ്കില്‍ പിന്തുടരാവുന്ന പ്ലാന്‍ ബിയായി പലരും മുന്നോട്ടു വയ്‌ക്കുന്നതായും സര്‍വേ പറയുന്നു. ഈ പ്രതിസന്ധി ഘട്ടം മറികടക്കാന്‍ ഇനി പറയുന്ന നാലു വഴികള്‍ പിന്തുടര്‍ന്നാല്‍ മതിയെന്ന് ഹാന്‍ഡ് ഷേക്ക് ചീഫ് എജ്യുക്കേഷന്‍ സ്‌ട്രാറ്റെജി ഓഫിസര്‍ ക്രിസ്റ്റീന്‍ ക്രൂസ് വെര്‍ഗര ഫോര്‍ച്യൂണ്‍.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. രേഖകളെല്ലാം തയാറാക്കി വയ്‌ക്കുക
ആദ്യമായി വേണ്ടത് സ്വന്തം കാര്യങ്ങളെല്ലാം തയാറാക്കി ജോലിക്കായി റെഡിയാകുക എന്നതാണ്. മികച്ചൊരു റെസ്യൂമേയും കവറിങ് ലെറ്റര്‍ ഫോര്‍മാറ്റുമൊക്കെ നിർമിക്കുകയും അവ ലിങ്ക്‌ഡ്‌ഇന്‍ പോലുള്ള ഓണ്‍ലൈന്‍ ഇടങ്ങളില്‍ അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക. ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷനുകളും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കുക.
2. ഗവേഷണം പ്രധാനം
നിങ്ങള്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തെക്കുറിച്ചു മാത്രം ഗവേഷണം നടത്തിയാല്‍ പോരെന്നും ക്രിസ്‌റ്റീന്‍ പറയുന്നു. നിങ്ങള്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്ന മേഖലയെ കുറിച്ച് ആഴത്തില്‍ ഗവേഷണം നടത്തി അറിയാന്‍ ശ്രമിക്കണം.
3. നെറ്റ് വര്‍ക്കിങ്
നിങ്ങളുടെ തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നവരുമായി സ്ഥാപിക്കുന്ന ബന്ധങ്ങള്‍ കരിയര്‍ അവസരങ്ങളിലേക്കുള്ള വഴികാട്ടികളാകും. തുടക്കത്തില്‍ നിങ്ങളുടെ കോളജിലെ തന്നെ പൂര്‍വവിദ്യാര്‍ഥികളുമായിട്ടൊക്കെ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുക. അവരില്‍ പലരും തൊഴില്‍മേഖലകളിലെ പ്രമുഖ സ്ഥാനങ്ങളില്‍ ഇതിനകം നിലയുറപ്പിച്ചിട്ടുണ്ടാകും. പിന്നീട് ഇവര്‍ വഴി കൂടുതല്‍ പേരിലേക്ക് നെറ്റ്‌വര്‍ക്ക് വ്യാപിപ്പിക്കുക.
4. അന്വേഷിച്ച് അപേക്ഷിക്കുക
കൃത്യമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ജോലിക്കായി അപേക്ഷിക്കുക. ക്ഷമ വളരെ അത്യാവശ്യമാണ്. കൃത്യമായ ഒരു ഗെയിം പ്ലാന്‍ ഇക്കാര്യത്തില്‍ പിന്തുടരുക. സുപ്രധാനമായ കാര്യം, ഇപ്പോള്‍ കേള്‍ക്കുന്ന ഭയപ്പെടുത്തുന്ന കരിയര്‍ കഥകളെല്ലാം മനസ്സിലേക്ക് എടുക്കരുത് എന്നതാണ്. പെട്ടെന്ന് പിരിച്ചു വിടണമെന്ന ഉദ്ദേശ്യത്തോടെ ഒരു കമ്പനിയും ആരെയും ജോലിക്കെടുക്കാറില്ലെന്ന് തിരിച്ചറിയുക. തുറന്ന മനസ്സും നിരന്തരം പഠിക്കാനുള്ള മനസ്സും ആത്മവിശ്വാസവുമായി തൊഴില്‍വിപണിയിലേക്ക് ഇറങ്ങണമെന്നും ക്രിസ്റ്റീന്‍ കൂട്ടിച്ചേര്‍ക്കുന്നു.