‘യുഎസിലുള്ളവർ ഇന്ത്യൻ സമയത്തിൽ ജോലി ചെയ്യുമോ?’ – വിവാദ തീപടര്‍ത്തി ടെക്കിയുടെ പോസ്റ്റ്

Mail This Article
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലനത്തെ കുറിച്ചുള്ള ചൂടുള്ള ചര്‍ച്ചകളാണ് ഇപ്പോൾ നമ്മുടെ നാട്ടില്‍. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ സ്വാമിയും എല്‍ ആന്‍ഡ് ടി ചെയര്മാന് എസ്.എന്‍. സുബ്രഹ്മണ്യവും അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി. ഈ വിഷയത്തില്‍ ഇന്ത്യക്കാരനായ ഒരു ഐടിക്കാരന് റെഡ്ഡ് ഇറ്റില്‍ നടത്തിയ ഒരു പ്രതികരണം അടുത്തിടെ വൈറലായി.
ഇന്ത്യക്കാരുടെ അടിമ മനോഭാവമാണ് അമേരിക്കന്‍ ക്ലയന്റിന്റെയും കമ്പനിയുടെയും സമയത്തിന് അനുസരിച്ച് രാത്രിയില്‍ ജോലി ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് ടെക്കി കൂടിയായ യുവാവ് ‘ഡവലപ്പേഴ്സ് ഇന്ത്യ’ എന്ന റെഡ്ഡ് ഇറ്റ് ചര്‍ച്ച ഗ്രൂപ്പില്‍ കുറിച്ചു. തിരിച്ച് അമേരിക്കയിലുള്ള ആരെങ്കിലും നമ്മുടെ സമയത്തിന് അനുസരിച്ച് പാതിരാത്രിയില്‍ കുത്തിയിരുന്ന് ജോലി ചെയ്യാന്‍ തയ്യാറാകുമോ എന്നും പോസ്റ്റില്‍ യുവാവ് ചോദിക്കുന്നു.
അമേരിക്കയിലുള്ളവര്‍ പകല്‍ 9 മണിക്കും രാത്രി ഏഴ് മണിക്കും ഇടയില്‍ മാത്രം ഇത്തരം മീറ്റിങ്ങുകളുടെയും ജോലികളുടെയും ഭാഗമാകുമ്പോള്‍ അടിമത്ത മനോഭാവം പേറുന്ന നാം ഇന്ത്യക്കാര്‍ നടുവളച്ച് അവരുടെ സമയത്തിനായി അഡ്ജസ്റ്റുമെന്റുകള്‍ നടത്തുകയാണെന്നും ഈ സംസ്കാരമാണ് ഇവിടുത്തെ ഓരോ മാനേജര്‍മാരും പ്രോത്സാഹിപ്പിക്കുന്നതെന്നും പോസ്റ്റ് വിശദമാക്കുന്നു. ഇതിനുള്ള പ്രോത്സാഹനമായി മാനേജറിന് അമേരിക്കയിലേക്ക് പ്രമോഷന് ലഭിക്കുമെന്നും അടുത്ത വരുന്ന മാനേജറിലേക്കും ഈ പാഠം തന്നെയാണ് പോകുന്നയാള്‍ പകരുന്നതെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു.

ഈ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി വാദമുഖങ്ങളാണ് റെഡ്ഡ് ഇറ്റില്‍ ഉണ്ടായത്. ഇവിടുത്തെ ചില മാനേര്മാരാണ് രാജാവിനെക്കാള്‍ വലിയ രാജഭക്തിയോടെ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ക്ലയന്റുകള്‍ ഇതിനും കൂടി ചേര്‍ത്താണ് പണം തരുന്നതെന്നതിനാല്‍ ഇക്കാര്യത്തില്‍ പരാതിപ്പെടുന്നതില്‍ കാര്യമില്ലെന്ന് ചിലര്‍ വിമര്‍ശിച്ചു. നിങ്ങളാണ് ക്ലയന്റെങ്കില് നിങ്ങളുടെ സമയത്തിനായി അമേരിക്കന്‍ സംഘത്തെ ജോലി ചെയ്യിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും ക്ലയന്റാണ് ഇവിടുത്തെ രാജാവെന്നും മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.