ടെക്കികൾക്കു പണി പോയാലും സെയില്‍സ് തൊഴിലവസരങ്ങൾ തുടരുമെന്ന് റിപ്പോർട്ട്

Mail This Article
നിർമിത ബുദ്ധിയുടെയും ഓട്ടമേഷന്റെയും ഫലമായി ഇന്ത്യയില്‍ നോണ്‍ ടെക്‌നിക്കല്‍ വിഭാഗങ്ങളിലെ ബിരുദധാരികളുടെ തൊഴില്‍ക്ഷമതയില്‍ കുറവുവരുന്നതായി റിപ്പോര്‍ട്ട്. സാങ്കേതിക വിഷയങ്ങൾ അല്ലാത്തവ പഠിച്ച ബിരുദധാരികളുടെ അവസരങ്ങള്‍ക്കാണ് എഐ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന് മെര്‍സര്‍ മെറ്റില്‍സിന്റെ ഗ്രാജുവേറ്റ് സ്‌കില്‍ ഇന്‍ഡെക്‌സ് 2025 റിപ്പോര്‍ട്ട് പറയുന്നു.
ബിരുദധാരികളുടെ തൊഴില്‍ക്ഷമത 2023 ലെ 44.3 ശതമാനത്തില്‍ നിന്ന് 42.6 ശതമാനമായി താഴ്‌ന്നതായാണ് സൂചിക ചൂണ്ടിക്കാണിക്കുന്നത്. 2,800 വ്യത്യസ്‌ത നൈപുണ്യശേഷികളുള്ള 10 ലക്ഷത്തിലധികം ബിരുദധാരികളെ സമഗ്രമായി വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്. മാറുന്ന തൊഴില്‍ വിപണിക്ക് അനുസരിച്ചുള്ള ആവശ്യകതകള്‍ നടപ്പാക്കാൻ നോണ്‍-ടെക്‌നിക്കല്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സാധിക്കാതെ വരുന്ന അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
എഐ, ജനറേറ്റീവ് എഐ ശേഷികള്‍ക്ക് പുറമേ സോഫ്‌റ്റ്സ്‌കില്ലുകള്‍, ആശയവിനിമയ ശേഷി, ക്രിയാത്മക ചിന്ത, നേതൃത്വശേഷി, സര്‍ഗ്ഗാത്മക ശേഷി എന്നിവയെല്ലാം ഒരു ബിരുദധാരിയുടെ തൊഴില്‍ക്ഷമതയെ നിർണ്ണയിക്കാറുണ്ട്. പ്രശ്‌നപരിഹാരശേഷിയും നവീനചിന്തകളും വളര്‍ത്തുന്നത് മാറുന്ന തൊഴില്‍ വിപണിയില്‍ പ്രസക്തി നഷ്ടമാകാതിരിക്കാന്‍ നോണ്‍ ടെക് ബിരുദധാരികളെ സഹായിക്കുമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
നോണ്‍-ടെക് മേഖലയില്‍ ഏറ്റവുമധികം തൊഴില്‍ക്ഷമത നിരക്കുകള്‍ കണ്ടെത്തിയത് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, സെയില്‍സ്, ബിസിനസ് ഡവലപ്‌മെന്റ് പ്രഫഷനലുകള്‍ക്കാണ്. ശക്തമായ ആശയവിനിമയശേഷിയും അപഗ്രഥനശേഷിയും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമാണ്. ടയര്‍-1 കോളജുകളിലെ ബിരുദധാരികളുടെ തൊഴില്‍ക്ഷമത 48.4 ശതമാനമാണെങ്കില്‍ ടയര്‍ -2, ടയര്‍-32 സ്ഥാപനങ്ങളിലേക്ക് ചെല്ലുമ്പോള്‍ ഇത് 46.1 ഉം 43.4 ശതമാനവുമായി മാറുന്നുണ്ടെന്നും സൂചിക പറയുന്നു.
നഗരങ്ങളില്‍ ഏറ്റവുമധികം തൊഴില്‍ക്ഷമതയുള്ള ബിരുദധാരികളെ കണ്ടെത്തിയത് ഡല്‍ഹിയിലാണെന്നും (53.4 ശതമാനം) റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. എഐ അടിസ്ഥാനമാക്കിയുള്ള തൊഴില്‍ റോളുകള്‍ വികസിക്കുമ്പോള്‍ നിരന്തരമായി പഠിക്കാനും നൈപുണ്യശേഷികള്‍ വര്‍ദ്ധിപ്പിക്കാനും ബിരുദധാരികള്‍ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.