ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

നാടോടിക്കാറ്റ് സിനിമയിൽ ഒാഫിസിൽ നിന്നും പുറത്താക്കുമ്പോൾ ഗേറ്റിൽ വച്ചു ദാസനും വിജയനും വിളിച്ചു പറയുന്ന ഡയലോഗുകൾ ഒാർമയില്ലേ? അത്രനാളും ജോലി ചെയ്ത കമ്പനിയിലെ ഉദ്യോഗസ്ഥരെ ചീത്ത പറഞ്ഞ് ഇങ്ക്വിലാബ് വിളിച്ചു പടിയിറങ്ങുന്ന രംഗം. ജോലി രാജി വയ്ക്കുമ്പോള്‍ പറയാൻ പാടില്ലാത്ത 10 കാര്യങ്ങള്‍ അറിയാം, സിനിമയിൽ എന്തുമാകാം ജീവിതത്തിൽ അതു വേണ്ട കേട്ടോ. രാജിക്കത്ത് മേലധികാരിയുടെ മുഖത്തേക്കു വലിച്ചെറിയണം. എന്നിട്ടു സുരേഷ് ഗോപി സ്റ്റൈലില്‍ രണ്ടു ഡയലോഗും അടിച്ചു കതകു വലിച്ചടച്ച് ഇറങ്ങിപ്പോരണം. ചെയ്യുന്ന ജോലിയിലും സ്ഥാപനത്തിനും സംതൃപ്തരല്ലാത്തവരില്‍ പലരും പലപ്പോഴും മനസ്സില്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണിത്. 

എന്നാല്‍ ഒരു സ്ഥാപനത്തില്‍നിന്നു രാജി വയ്ക്കുമ്പോള്‍ ഒരിക്കലും ഇതൊന്നും സ്വപ്‌നത്തില്‍പോലും വിചാരിച്ചു കൂടെന്നു മാനേജ്‌മെന്റ് വിദഗ്ധര്‍ പറയുന്നു. കാരണം ഭാവിയില്‍ നിങ്ങള്‍ ജോലിക്കു മറ്റൊരിടത്തു ചെല്ലുമ്പോള്‍ പഴയ സ്ഥാപനത്തിലെ കലമുടയ്ക്കല്‍ നിങ്ങളെ ദോഷകരമായി ബാധിക്കും. ഒട്ടുമിക്ക സ്ഥാപനങ്ങളും ഒരാളെ ജോലിക്കെടുക്കുമ്പോള്‍ പഴയ സ്ഥാപനത്തില്‍ ഇയാളെക്കുറിച്ച് അന്വേഷണം നടത്താറുണ്ട്. രാജി വയ്ക്കുമ്പോള്‍ ഷോ കാണിച്ചാല്‍ പണി പാഴ്‌സലായി പിന്നാലെ വരുമെന്നു ചുരുക്കം. അതുകൊണ്ടു ജോലി രാജി വയ്ക്കുന്നത് അത്യധികം മര്യാദയോടെ, ശരിയായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു മാത്രമായിരിക്കണം. രാജി വയ്ക്കുന്ന സമയത്ത് ഒരു ജീവനക്കാരന്‍ ഒരിക്കലും പറഞ്ഞു കൂടാത്ത കാര്യങ്ങള്‍ ഇവയാണ്. 

 1. ബോസിനെ ചീത്ത വിളിക്കല്‍
എന്തായാലും പോകുകയാണല്ലോ. എന്നാല്‍ പോകുന്ന പോക്കില്‍ ഇത്ര നാളും പല കാര്യങ്ങള്‍ക്കും തന്നെ ചീത്ത വിളിച്ച ബോസിനോടു രണ്ടു വര്‍ത്തമാനം പറഞ്ഞേക്കാം. ഇനി ബോസിനോടു നേരിട്ടു പറയാന്‍ ധൈര്യമില്ലെങ്കില്‍ ഓഫിസില്‍ പലരോടും ബോസിന്റെ കുറ്റം പറഞ്ഞു നടക്കാം. ഇത്തരം പ്രവൃത്തികളൊക്കെ ബൂമറാങ് പോലെ തിരിച്ചു വരുമെന്നതു രണ്ടു തരം. തന്നെക്കുറിച്ചു മോശം പറഞ്ഞു നടക്കുന്ന ജീവനക്കാരനെക്കുറിച്ചു നല്ലതൊന്നും നിങ്ങളുടെ പുതിയ സ്ഥാപനത്തില്‍നിന്നു റഫറന്‍സ് ചെക്കിനു വിളി വരുമ്പോള്‍ ബോസിനു പറയാനുണ്ടാകില്ല. 

2. മാനേജരുടെ കഴിവുകേട്
മാനേജര്‍മാര്‍ കഴിവുകെട്ടവരാണെന്നു പറഞ്ഞുകൊണ്ട് ഒരു സ്ഥാപനത്തില്‍നിന്നു രാജിവച്ചിറങ്ങരുത്; ഇതു സത്യമാണെങ്കില്‍പ്പോലും. കാരണം തന്റെ കുറവുകള്‍ ചൂണ്ടിക്കാട്ടുന്ന ജീവനക്കാരന്റെ 100 കുറ്റങ്ങള്‍ നിങ്ങളുടെ ഭാവി മുതലാളിയോടു പറയാന്‍ മാനേജര്‍ക്കുണ്ടാകും. 

3. ടീമംഗങ്ങള്‍ അത്ര പോരാ
ഞാന്‍ ഭയങ്കര പെര്‍ഫോമന്‍സ് ആയിരുന്നു, പക്ഷേ എന്റെ ടീമിലുള്ള ബാക്കിയുള്ളവരൊന്നും തീരെ പോരായിരുന്നു എന്ന മട്ടിലുള്ള വര്‍ത്തമാനങ്ങളും വേണ്ട. കാരണം പുതിയ സ്ഥാപനം നിങ്ങളുടെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ സൂപ്പര്‍വൈസറോടു മാത്രമല്ല ചിലപ്പോള്‍ സഹപ്രവര്‍ത്തകരോടും നിങ്ങളെക്കുറിച്ചു ചോദിച്ചേക്കാം. ഇത്ര നാളും കൂടെ ജോലി ചെയ്തവന്‍ മോശം കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ഇറങ്ങിപ്പോയാല്‍ സഹപ്രവര്‍ത്തകര്‍ ആ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്നു ഊഹിക്കാമല്ലോ. 

4. ശമ്പളം കുറവായിരുന്നു
നിങ്ങളുടെ ശമ്പളക്കുറവിനെക്കുറിച്ചു പറയാനുള്ള അവസരമല്ല രാജി സമര്‍പ്പിക്കല്‍ വേദി. കാരണം അതൊക്കെ മുന്‍പു തന്നെ പറയാനുള്ള അവസരം ജോലിയില്‍ ഇരിക്കുമ്പോള്‍ ഉണ്ടായിരുന്നു. 

5. കമ്പനിയില്‍ ആകെ കുഴപ്പം
ഇതൊരു മുങ്ങാന്‍ പോകുന്ന കപ്പലാണ്. അതുകൊണ്ടു ഞാന്‍ കിട്ടിയ സമയത്തു സ്ഥലം വിടുന്നു എന്ന മട്ടിലുള്ള വിടപറച്ചിലും വേണ്ട. സ്ഥാപനത്തിലെ കുഴപ്പങ്ങളെക്കുറിച്ചൊക്കെ അതിന്റെ നടത്തിപ്പുകാര്‍ക്കു നല്ല ബോധ്യമുണ്ടാകും. അതിനി നിങ്ങള്‍ പറഞ്ഞിട്ടു വേണ്ട അവരറിയാന്‍. നിങ്ങളെക്കുറിച്ചു മോശം അഭിപ്രായം ഉണ്ടാക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ. 

6. കമ്പനി ഉത്പന്നങ്ങളും സേവനങ്ങളും നിലവാരമില്ലാത്തത്
ഇറങ്ങിപ്പോരുന്ന കമ്പനിയിലെ സകലതിലും - അതിന്റെ ഉത്പന്നങ്ങളാകട്ടെ, സേവനങ്ങളാകട്ടെ - കുറ്റം കണ്ടുപിടിക്കുന്ന ജീവനക്കാരനോടു പുതിയ സ്ഥാപനത്തിനും അത്ര മമത കാണില്ല. ഭാവിയില്‍ ഇവിടുന്നു പോകുമ്പോള്‍ തങ്ങളുടെ സ്ഥാപനത്തെക്കുറിച്ചും ഇയാള്‍ ഇങ്ങനെ പറയുമോ എന്നവര്‍ പേടിക്കും. 

7. പെട്ടെന്ന് അപ്രത്യക്ഷരാകുക
ചിലരുണ്ട്. തലേദിവസം വരെ ജോലിക്കെത്തും. രാജിവയ്ക്കുന്ന കാര്യം അടുത്തിരിക്കുന്നവരോടു പോലും പറയില്ല. എന്നിട്ടു പെട്ടെന്നൊരു ദിവസം അപ്രത്യക്ഷമാകും. എന്തേ വന്നില്ല എന്ന് അങ്ങോട്ടു വിളിച്ചു ചോദിക്കുമ്പോഴായിരിക്കും താന്‍ രാജിവച്ച കാര്യം അറിയിക്കുക. ഇതു പ്രഫഷനല്‍ സമീപനമല്ല. മറ്റ് അടിയന്തര സാഹചര്യമൊന്നുമല്ലെങ്കില്‍ കുറഞ്ഞതു രണ്ടാഴ്ച മുന്‍പെങ്കിലും രാജിവയ്ക്കുന്നതു സംബന്ധിച്ചു നോട്ടിസ് നല്‍കണം. പല കമ്പനികള്‍ക്കും ഇതു സംബന്ധിച്ച നയമുണ്ട്. അതു അനുസരിച്ച് പെരുമാറുക. 

8. പകരം വരുന്നവരെ പരിശീലിപ്പിക്കാതിരിക്കുക
ചില ജോലികള്‍ ദീര്‍ഘകാലം ചെയ്തിരുന്നവര്‍ ആ തസ്തികയിലെ വിദഗ്ധരായി മാറാറുണ്ട്. അതുകൊണ്ടുതന്നെ അവര്‍ രാജിവച്ചു പോകുമ്പോള്‍ പുതിയ ഒരാളെ പരിശീലിപ്പിച്ചെടുക്കാന്‍ സ്ഥാനമൊഴിയുന്ന ആളോടു സ്ഥാപനം ആവശ്യപ്പെടാറുണ്ട്. അങ്ങനെ ആവശ്യപ്പെട്ടാല്‍ തനിക്കതിനൊന്നും പറ്റില്ലെന്നു ധിക്കാരത്തോടെ പറയരുത്. താന്‍ പോകുന്നതുകൊണ്ട് കമ്പനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്നു കണ്ടാല്‍ അതു പരാമവധി ലഘൂകരിക്കാന്‍ സാധ്യമായതു ചെയ്യുക. ഓര്‍ക്കുക, കൊടുത്താല്‍ കൊല്ലത്തും കിട്ടും. 

9. പുതിയ ജോലിയെക്കുറിച്ച് പൊങ്ങച്ചം
രാജിവച്ച ശേഷം ഏറ്റെടുക്കാന്‍ പോകുന്ന പുതിയ ജോലിയെക്കുറിച്ചു സഹപ്രവര്‍ത്തകരോടു സദാസമയവും പുകഴ്ത്തി പറയരുത്. ഇത് അവരില്‍ നല്ല പ്രതികരണം ഉണ്ടാക്കില്ല. അവരുടെ സഹകരണത്തിനു നന്ദി പറയണം. ഇവിടെനിന്നു പോയാല്‍ അവരെ എങ്ങനെ മിസ്സ് ചെയ്യുമെന്നും പറയുക. 

10. കുറ്റങ്ങളെല്ലാം രാജിക്കത്തില്‍
ഇനി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഏറ്റവും പ്രധാന കാര്യം. മേല്‍പറഞ്ഞ കാര്യങ്ങളൊക്കെ രാജിക്കത്തില്‍ എഴുതി നല്‍കരുത്. രാജിക്കത്ത് ആരെയും കുറ്റപ്പെടുത്താനാകരുത്. അത് തികച്ചും പോസിറ്റീവാണെന്ന് ഉറപ്പാക്കുക.

English Summary:

Professional resignation is crucial for future job prospects. Never criticize your employer, colleagues, or company when leaving your job, and always offer to help train your replacement.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com