സൂര്യൻ എത്തി നോക്കാത്ത പട്ടണം; ഒടുവിൽ, ഇവിടെ പ്രകാശമെത്തിച്ച ‘മാന്ത്രികക്കണ്ണാടി’
![the-village-without-sun-which-created-its-own the-village-without-sun-which-created-its-own](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2021/6/28/the-village-without-sun-which-created-its-own.jpg.image.845.440.jpg)
Mail This Article
സൂര്യപ്രകാശം ലഭിക്കാതെയിരിക്കുന്നത് നമ്മൾക്ക് അന്യമായ കാര്യമാണെങ്കിലും യൂറോപ്പിലെ പല മേഖലകളിലും ഇതല്ല സ്ഥിതി. സൂര്യപ്രകാശം മാസങ്ങളോളമുണ്ടാകില്ല. ഇത്തരമൊരു പട്ടണമാണ് ഇറ്റലിയിലെ വിഗാനെല്ല. മലകളാൽ ചുറ്റപ്പെട്ട, ഇറ്റലി–സ്വിറ്റ്സർലൻഡ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിൽ മാസങ്ങളോളം സൂര്യപ്രകാശമെത്തില്ല. പ്രത്യേകിച്ചും ശൈത്യകാലത്ത് ഇതിന്റെ ആഘാതം കൂടുതലാണ്. ഇവിടെ താമസിക്കുന്നവർക്ക് കൃത്യമായി സൂര്യപ്രകാശമേൽക്കാത്തതിനാൽ ശരീരത്തിലെ സെറട്ടോണിൻ അളവുകളിലൊക്കെ കുറവ് രേഖപ്പെടുന്നത് സ്ഥിരം സംഭവമാണ്.
എന്നാൽ എല്ലാം വിധിയെന്നു സമാധാനിച്ചിരിക്കാൻ വിഗാനെല്ലയിലെ ആളുകൾ തയാറായിരുന്നില്ല. സൂര്യൻ ഇങ്ങോട്ടു വരാൻ തയാറല്ലെങ്കിൽ, പുതിയൊരു സൂര്യനെ ഇവിടെത്തന്നെ സൃഷ്ടിക്കുക.. ഇതായിരുന്നു അവരുടെ ചിന്താഗതി. ഒടുവിൽ ഇവർ അതിൽ വിജയിക്കുകയും ചെയ്തു. സൂര്യപ്രകാശം ഇവർ വീണ്ടെടുത്തതെങ്ങനെയെന്ന ലേഖനം കഴിഞ്ഞദിവസം ഒരു ഇറ്റാലിയൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചതോടെയാണു വിഗാനെല്ലയിലെ സൂര്യന്റെ കഥ ലോകമറിഞ്ഞത്.
![the-village-without-sun-which-created-its-own1 the-village-without-sun-which-created-its-own1](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2021/6/28/the-village-without-sun-which-created-its-own1.jpg.image.845.440.jpg)
∙ മലഞ്ചെരുവിലെ സൂര്യൻ
13ാം നൂറ്റാണ്ട് മുതൽ തന്നെ വിഗാനെല്ലയിൽ ആളുകൾ താമസമുറപ്പിച്ചിരുന്നു.എന്നാൽ നവംബറിൽ ശൈത്യകാലം തുടങ്ങുന്നതോടെ പിന്നീട് സൂര്യപ്രകാശമെത്തുന്നതു കുറഞ്ഞില്ലാതാകും. പിന്നെ പൂർവസ്ഥിതി കൈവരിക്കാൻ അടുത്ത വേനൽക്കാലമാകും. കൂട്ടുകൂടാനും സമൂഹമായി ജീവിക്കാൻ ഏറെയിഷ്ടമുള്ള വിഗാനെല്ലയിലെ ജനങ്ങൾക്ക് ഈ പ്രശ്നം വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പലരും തങ്ങളുടെ ജന്മനഗരമുപേക്ഷിച്ചു പോയി. തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ആയിരം മീറ്ററോളം കുത്തനെ ഉയരമുള്ള ഒരു മലയാണു ശൈത്യകാലത്ത് വിഗാനെല്ലായിലേക്കുള്ള സൂര്യപ്രകാശത്തെ തടഞ്ഞുനിർത്തി അവിടെ നിഴൽവീഴ്ത്തുന്നത്. ഇതിനെന്താണൊരു പ്രതിവിധി? മലപൊടിച്ചുകളയാൻ പറ്റില്ല. ബുദ്ധിപരമായി എന്തെങ്കിലും പരിഹാരം കണ്ടെത്തണം. ഇതിനുള്ള ശ്രമം തുടങ്ങിയത് 1999ൽ പട്ടണത്തിന്റെ മേയറായിരുന്ന ഫ്രാൻകോ മിഡാലിയാണ്.
ജിയാനി ഫെരാരി, ജിയാകോമോ ബോൺസാനി എന്നീ എൻജിനീയർമാരാണു പദ്ധതി തയാറാക്കിയത്. 1000 മീറ്റർ ഉയരമുള്ള, പ്രകാശത്തെ തടയുന്ന മലയ്ക്ക് അഭിമുഖമായി മറ്റൊരു മലയുണ്ട്. ഈ രണ്ട് മലകളുടെയും അടിവാരത്താണ് വിഗാനെല്ല. എതിരായി നിൽക്കുന്ന മലയിൽ 500 മീറ്റർ ഉയരത്തിൽ വലിയ കണ്ണാടി സ്ഥാപിച്ചാൽ ശൈത്യകാലത്ത് വിഗാനെല്ലയിലേക്കു പ്രകാശമെത്തിക്കാമെന്ന് എൻജിനീയർമാർ കണക്കുകൂട്ടി. ഇതു ശരിയുമായിരുന്നു. താമസിയാതെ നഗരസഭ പദ്ധതിക്ക് അംഗീകാരം നൽകി. ഒരു ലക്ഷം യൂറോ ചെലവു വരുന്നതായിരുന്നു പദ്ധതി. എട്ടുമീറ്റർ വീതിയും അഞ്ച് മീറ്റർ പൊക്കവുമുള്ള ഒരു കണ്ണാടി അവർ മുൻ നിശ്ചയിച്ചതു പ്രകാരം മലഞ്ചെരുവിൽ സ്ഥാപിച്ചു. വലിയ മലയുടെ നിഴലിന്റെ ഇരുട്ടിൽ വീണു കിടക്കുന്ന വിഗാനെല്ലയിലേക്ക് ഈ കണ്ണാടി പ്രകാശം പ്രതിഫലിപ്പിച്ചു. ശൈത്യകാലത്ത് ആദ്യമായി ഇവിടെ പ്രകാശം പരന്നു.
![the-village-without-sun-which-created-its-own2 the-village-without-sun-which-created-its-own2](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2021/6/28/the-village-without-sun-which-created-its-own2.jpg.image.845.440.jpg)
ദിവസം ആറുമണിക്കൂറോളം കണ്ണാടി ഇത്തരത്തിൽ പ്രകാശം പ്രതിഫലിപ്പിക്കും. സൂര്യന്റെ ചലനങ്ങൾക്കനുസരിച്ച് ഇതിന്റെ ചലനവും നിയന്ത്രിക്കാൻ പ്രത്യേക സോഫ്റ്റ്‌വേർ സംവിധാനങ്ങളുണ്ട്.ഇത്തരത്തിൽ പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശം യഥാർഥ സൂര്യപ്രകാശത്തെപ്പോലെ കരുത്തുറ്റതല്ല. എന്നാൽ വിഗാനെല്ലയ്ക്കു ചൂടും നല്ല വെളിച്ചവും നൽകാൻ ഇതു നന്നായി ഉപകരിക്കുന്നു.
വിഗാനെല്ലയിലെ ഈ കണ്ണാടി പദ്ധതി ഇതേ പ്രതിസന്ധി നേരിടുന്ന മറ്റു ചില പ്രദേശങ്ങൾക്കും പരിഹാരമായിട്ടുണ്ട്. ഇവിടത്തെ കണ്ണാടിയെപ്പറ്റി പഠിച്ച് മനസ്സിലാക്കിയ ശേഷം നോർവീജിയൻ നഗരമായ ജൂക്കാനിലും ഐസ്‌ലൻഡിലെ ഗ്രാമമായ സെയ്ദിസ്ജോർദുറിലും സമാന പ്രതിഫലന സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു.
English Summary: Viganella, the Italian Village that Brought the Sun Down to the Valley