അതിതീവ്രചുഴലിയായി മോഖ; പിന്നിൽ കടൽത്താപനത്തിന്റെ കാണാകൈകളും

Mail This Article
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഉണ്ടാകുന്ന ചുഴലിക്കാറ്റുകൾ പതിവിലും അതിവേഗം ശക്തി പ്രാപിക്കുന്നതായി പഠനം. ഉപരിലതലത്തിലെന്ന പോലെ അടിത്തട്ടിലേക്കും ഇറങ്ങുന്ന ചൂട് ആകമാന കടൽത്താപന തോത് ഉയർത്തുന്നതിനാലാണിത് . ഈ സീസണിലെ ആദ്യ സൈക്ലോൺ ആയ മോഖ ചുഴലിയുടെ കാര്യത്തിലും ഇതുണ്ടായതായി ക്ലൈമറ്റ് ട്രെൻഡ്സ് എന്ന ഏജൻസിക്കു വേണ്ടി ശാസ്ത്രജ്ഞർ നടത്തിയ പഠനം പറയുന്നു. താപവും ഈർപ്പവും വലിച്ചെടുത്ത് ആദ്യം ന്യൂനമർദവും നാലോ അഞ്ചോ ദിവസം കൊണ്ട് ചുഴലിയോ ആകുന്ന രീതി മാറി കേവലം രണ്ടു ദിവസം കൊണ്ട് തീവ്രന്യൂനമർദം ചുഴലിക്കാറ്റായും മണിക്കൂറുകൾക്കുള്ളിൽ തന്നെ തീവ്രചുഴലിയായും മാറി ബോംബ് പോലെ നാശം വിതയ്ക്കുന്ന സ്ഥിതിയാണ്.
കരയോട് അടുത്തു വരുന്തോറും ശക്തികുറഞ്ഞ് ദുർബലമാകുന്ന രീതിയും മാറി. ഇപ്പോൾ കരയോട് അടുത്താലും പിന്നെയും താപം വലിച്ചെടുത്ത് ഏതാനും ദിവസം കൂടി കാറ്റും തിരമാലയുമായി കടലിനെയു കരയെയു പ്രകമ്പനം കൊള്ളിക്കുന്നു.ആഗോള താപനവവും സമുദ്ര താപനവുമാണ് ഇതിനു കാരണമെന്ന് പുണെ ട്രോപ്പിക്കൽ മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞനായ ഡോ. റോക്സി മാത്യു പറഞ്ഞു. അറബിക്കടലിൽ സൈക്ലോണുകളുടെ വടക്കോട്ടുള്ള നീക്കം മുൻകാലങ്ങളെ അപേക്ഷിച്ച് സാവധാനത്തിലാണെങ്കിലും എണ്ണവും തീവ്രതയും വർധിച്ചത് പശ്ചിമ തീരത്തിന് ഭീഷണിയായിട്ടുണ്ട്.
ചുഴലികളുടെ എണ്ണം കുറഞ്ഞു; തീവ്രത പതിന്മടങ്ങായി
അതേ പോലെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലികളുടെ എണ്ണത്തിൽ 8 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും തീവ്രത പതിന്മടങ്ങായി വർധിച്ചു. അധിക കടൽത്താപം വലിച്ചെടുത്ത് കരുത്തു ചോരാതെ കൂടുതൽ ദിവസങ്ങൾ കോളിളക്കം സൃഷ്ടിച്ചു തുടരാൻ അവയ്ക്കു കഴിയുന്നു. ചുഴലി രൂപപ്പെടുന്ന രീതിക്കു മാറ്റമില്ലെങ്കിലും അന്തരീക്ഷ സാഹചര്യങ്ങളും സമുദ്രസ്ഥിതിയും മാറി. ഉപരിതലത്തിലെന്നപോലെ സമുദ്രത്തിനുള്ളിലെ താപനിലയും വർധിക്കുകയാണ്. മുകൾ മുതൽ അടിവരെ ബാരിയർ ലെയർ എന്നാണ് അറിയപ്പെടുന്നത്. ഇവിടേക്കു ചൂട് സംഭരിക്കപ്പെടുന്നു. ബാഷ്പീകരണത്തിനാവശ്യമായ താപോർജം കടലിന്റെ ഉപരിതലത്തിലും അടിത്തട്ടിലും ധാരാളമായി ലഭിക്കുമ്പോൾ ഈർപ്പം വലിച്ചെടുത്ത് ചുഴലികൾ സംഹാരരൂപമാർജിക്കുന്നു.
തൽഫലമായ തീവ്രപ്രളയങ്ങളുടെ എണ്ണം വർധിക്കും. ഇതു മുന്നിൽ കണ്ടുള്ള ആസൂത്രണമാണ് പഞ്ചായത്തുകളും സംസ്ഥാനങ്ങളും രാജ്യവും ചെയ്യേണ്ടതെന്ന് വിദഗ്ധർ പറയുന്നു. ന്യൂനമർദങ്ങളുടെയും ചുഴലികളുടെയും എണ്ണം കുറഞ്ഞാലും രൂപപ്പെടുന്നവ അതിതീവ്രസ്വഭാവം ആർജിക്കുന്നത് തീരത്ത് കടലേറ്റത്തിന്റെയും കരയിൽ ചുഴലിക്കാറ്റിന്റെയും അപ്രതീക്ഷിത പ്രളയത്തിന്റെയും രൂപത്തിൽ നാശം വിതയ്ക്കും. കേരളവും മഹാരാഷ്ട്രയും പോലെ ജനവാസം അധികമുള്ള സംസ്ഥാനത്ത് തുടർച്ചയായ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ സാമ്പത്തിക നഷ്ടം പ്രവചനാതീതമായിരിക്കും.
English Summary: Significant Role of Ocean Heat Content on the Cyclone Intensity