ADVERTISEMENT

ഗുജറാത്ത് തീരത്ത് കരതൊട്ട ബിപോർജോയ് ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് സംസ്ഥാനത്ത് വരുത്തിവച്ചിരിക്കുന്നത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. 20ലധികം വീടുകൾ തകരുകയും 600 ഓളം മരങ്ങൾ കടപുഴകുകയും ചെയ്തു. പ്രധാന സംസ്ഥാന പാതകളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നിരവധി ട്രെയിനുകളും റദ്ദാക്കിയ നിലയിലാണ്.

അതേസമയം, സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളും സുരക്ഷിതമാണ്. ഗിർവനത്തിലെ സിംഹങ്ങളെ ഉൾപ്പെടെയുള്ള വന്യജീവികളെ സംരക്ഷിക്കാൻ ഗുജറാത്ത് സർക്കാർ നിരവധി നടപടികളാണ് സ്വീകരിച്ചത്. വംശനാശഭീഷണി നേരിടുന്ന ഗിർവനത്തിലെ ഏഷ്യൻ സിംഹങ്ങളെ സംരക്ഷിക്കുക, ദ്രുതഗതിയുള്ള രക്ഷാപ്രവർത്തനം, കടപുഴകിയ മരങ്ങൾ നീക്കം ചെയ്യൽ എന്നിവയ്ക്കായി വൈൽഡ് ലൈഫ് ആൻഡ് ടെറിട്ടോറിയൽ സർക്കിളിലെ 9 ഡിവിഷനുകളിലായി 184 ടീമുകളെയാണ് രൂപീകരിച്ചത്. ജുനാഗഡ് വനം, ഗിർ ഈസ്റ്റ്, ഗിർ വെസ്റ്റ്, സാസൻ, പോർബന്തർ, സുരേന്ദ്രനഗർ, ജാംനഗർ, ഭാവ്‌നഗർ, മോർബി എന്നിവയാണ് 9 ഡിവിഷനുകൾ. വന്യമൃഗങ്ങളെ സംബന്ധിച്ചുള്ള അടിയന്തരസന്ദേശം ലഭിക്കാനായി 58 കൺട്രോൾ റൂമുകളും ഒരുക്കി. ആറ് പ്രത്യേക വൈൽഡ് ലൈഫ് റെസ്ക്യൂ ടീമിനെയും വിന്യസിച്ചു.

ഏഷ്യൻ സിംഹം (Credit: Chikkamma, Twitter/@ragnyabhawani)
ഏഷ്യൻ സിംഹം (Credit: Chikkamma, Twitter/@ragnyabhawani)

പ്രകൃതിദുരന്തങ്ങളിൽ ഗിർ വനത്തിലെ സിംഹങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സാറ്റലൈറ്റ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. സിംഹങ്ങളെ ട്രാക്ക് ചെയ്യാനായി ഗുജറാത്ത് വനംവകുപ്പ് ഒരു ഹൈടെക് മോണിറ്ററിങ് സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂട്ടമായി താമസിക്കുന്ന ചില സിംഹങ്ങൾക്ക് റേഡിയോ കോളറുകൾ ഘടിപ്പിക്കുകയും അവയുടെ ചലനങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു. നിലവിൽ സംസ്ഥാനത്തെ ഗിർ വനമേഖലയിലും തീരദേശ മേഖലയിലുമായുള്ള 40 സിംഹങ്ങളെ പ്രത്യേക സംഘം നിരീക്ഷിച്ചു വരികയാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഗിർ മേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.

(Photo: Twitter/ @MonaPatelT, @rashtrapatibhvn)
(Photo: Twitter/ @MonaPatelT, @rashtrapatibhvn)

ഗിർ വനം, കച്ചിലെ നാരായൺ സരോവർ സാങ്ച്വറി, ദയാപർ റേഞ്ചിലെ ദയാപർ, മാതാന മദ്, ബർദ, നാരായൺ സരോവർ എന്നിവിടങ്ങളിലേക്കും നാല് രക്ഷാസംഘങ്ങളെ അയച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ജെസിബികളും ട്രാക്ടറുകളും മറ്റ് ആവശ്യമായ ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും മറ്റുമായി കുതിര സങ്കേതത്തിൽ മൂന്ന് ടീമുകളെ വിന്യസിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിത്യാനന്ദ് ശ്രീവാസ്തവ് പറഞ്ഞു.

ഗിർ വനത്തിൽ നിന്ന് (Photo: Twitter/ @GuideSalimbloch)
ഗിർ വനത്തിൽ നിന്ന് (Photo: Twitter/ @GuideSalimbloch)

അതേസമയം, ബിപര്‍ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലെത്തിയിരിക്കുകയാണ്. ചുഴലിയുടെ തീവ്രത കുറഞ്ഞെങ്കിലും സംസ്ഥാനത്ത് കനത്തമഴയും കാറ്റുമുണ്ട്.

English Summary: Biparjoy Cyclone: How Gujarat protected Asiatic lions of Gir 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com