വാൽപ്പാറ പോകുന്നവർ ശ്രദ്ധിക്കുക! പൊള്ളാച്ചി റോഡിൽ പുലിയുണ്ട്, ആനയുണ്ട്...
Mail This Article
ദിവസങ്ങൾക്ക് മുൻപ് വാൽപ്പാറയിൽ ആറ് വയസുകാരിയെ പുലി കൊണ്ടുപോയത് ഏറെ വേദനിപ്പിക്കുന്ന വാർത്തയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ വനത്തിനകത്തുനിന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇപ്പോഴിതാ, പൊള്ളാച്ചി– വാൽപ്പാറ റോഡിൽ പുള്ളിപ്പുലിയെ കണ്ടെത്തിയിരിക്കുന്നത്.
രാത്രിയിൽ റോഡരികിൽ വിശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ചില യാത്രക്കാരാണ് പകർത്തിയത്. ഇരുചക്രവാഹനത്തിൽ പോകുന്നവർക്ക് ജീവനു ഭീഷണിയാകുന്ന തരത്തിലാണ് വന്യജീവികൾ ജനവാസമേഖലയിൽ കണ്ടെത്തിയിരിക്കുന്നത്. പുലിയെ കൂടാതെ കാട്ടാനയും കരടിയുമെല്ലാം വാൽപ്പാറയിലെ ജനവാസമേഖലയിലേക്ക് എത്തുന്നുണ്ട്. തുടർന്ന് കോയമ്പത്തൂർ ഡിഎഫ്ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡിൽ കാണുന്ന മൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വന്യമൃഗശല്യം പതിവായി നേരിടുന്ന മേഖലകള്‍ വാൽപ്പാറയിൽ ധാരാളമുണ്ട്. തോട്ടംതൊഴിലാളിയായ അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ പോകുമ്പോഴാണ് അപ്സര എന്ന് ആറുവയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയത്. തോട്ടത്തിൽ പതുങ്ങിയിരുന്ന പുള്ളിപ്പുലി ചാടിവന്ന് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികളും മറ്റ് തൊഴിലാളികളും സ്ഥലത്തെത്തിയെങ്കിലും കുഞ്ഞുമായി പുലി പോയിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വനാതിർത്തിയോട് ചേർന്ന് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.